ഇന്ധവില 100 കടന്ന് കുതിപ്പ്, പാചക വാതക വില 1000ത്തിലേയ്ക്കും; പക്ഷേ അമ്മച്ചിക്കടയില്‍ ദോശയ്ക്ക് ഒരു രൂപ മാത്രം, വിലക്കുറവിന്റെ ഗുട്ടന്‍സ് ഇങ്ങനെ

ഇന്ധനവില 100 കടക്കുന്ന വേളയില്‍ സാധനങ്ങളുടെ വിലയിലും വന്‍ കുതിപ്പാണ് ഉണ്ടാവുന്നത്. ഇതിനു പുറമെ, പാചക വാതക വിലയിലും കുതിപ്പ് തുടരുകയാണ്. 1000ത്തിലെത്തി നില്‍ക്കുകയാണ് പാചക വാതക വില. സാധനങ്ങള്‍ക്കും മറ്റും വിലകുതിക്കുമ്പോള്‍ ഹോട്ടല്‍ ഭക്ഷണത്തിലും വില കുതിക്കുമെന്നതില്‍ സംശയമില്ല. എന്നാല്‍ ആര്യനാട് പഞ്ചായത്തിലെ പാലൈക്കോണത്തുള്ള വത്സലചേച്ചിയുടെ അമ്മച്ചിക്കടയില്‍ ദോശയ്ക്ക് ഒരു രൂപ മാത്രമാണ്.

മൂന്നു ചൂടു ദോശയും സ്വാദിഷ്ഠമായ തേങ്ങാച്ചമ്മന്തിയും രസവടയും പപ്പടവും എല്ലാം കഴിച്ചാ ശേഷം വില എത്രയായി എന്ന് ചോദിച്ചാല്‍ വത്സല ചേച്ചി പറയും എട്ടുരൂപയായി എന്ന്. എട്ട് രൂപയ്ക്ക് ഒരു ചായപോലും ലഭിക്കാത്ത കാലത്ത് പറഞ്ഞത് തെറ്റിപ്പോയതാകാമെന്ന സംശയത്തില്‍ വീണ്ടും ചോദിച്ചാലും അതുതന്നെയാണ് ഇവിടുത്തെ വിലയെന്ന് അവര്‍ പറഞ്ഞു.

ഇന്ധന വിലവര്‍ധനവും വിലക്കയറ്റവുമൊന്നും ബാധിക്കാത്ത ഈ കടയില്‍ വിറകടുപ്പില്‍ ചുട്ടെടുക്കുന്ന ദോശയ്ക്ക് ഒരു രൂപ മാത്രമാണ് വര്‍ഷങ്ങളായി വില. വിറകടുപ്പില്‍ ഭക്ഷണം പാചകം ചെയ്യുന്നതുകൊണ്ടാണ് അമ്മച്ചിക്കടയില്‍ വിലകുറയാനും കാരണം. വടയ്ക്ക് മൂന്നുരൂപ. ചായക്കാണെങ്കില്‍ ഏഴുരൂപ. അമ്മച്ചിയുടെ ദോശക്കടയെന്ന് നാട്ടുകാര്‍ വിളിക്കുന്ന ഈ ചായക്കടയില്‍ പുലര്‍ച്ചെമുതല്‍ തിരക്കാണ്. 60 വര്‍ഷത്തെ പാരമ്പര്യമുള്ള ഈ സ്ഥാപനം തുടങ്ങിയത് വത്സലചേച്ചിയുടെ അമ്മ ഭാരതിഅമ്മയാണ്. മൂന്നു പൈസയായിരുന്നു ആദ്യം ദോശയ്ക്ക് വില.

പിന്നീട് സാധനങ്ങള്‍ക്ക് വിലകൂടുന്നതിനനുസരിച്ച് പലപ്പോഴായി ദോശയ്ക്കും വിലകൂടി. അമ്പതുപൈസയായിരുന്നു മൂന്നു വര്‍ഷം മുമ്പുവരെ ദോശയ്ക്ക്. പിടിച്ചുനില്‍ക്കാന്‍ പറ്റാതായപ്പോഴാണ് ഒരു രൂപയാക്കിയത്. 95 കഴിഞ്ഞ ഭാരതിഅമ്മ പ്രായാധിക്യത്തിനൊപ്പം വീണ് പരിക്കേല്‍ക്കുകയും ചെയ്തതോടെ ഇപ്പോള്‍ കടയിലേക്ക് വരാറില്ല. ഇപ്പോള്‍ മകള്‍ വത്സലയ്ക്കും മരുമകന്‍ അനില്‍കുമാറിനുമാണ് കടയുടെ ചുമതല. മകളെ കട ഏല്‍പിച്ചപ്പോള്‍ വിലകൂട്ടി കൂടുതല്‍ ലാഭം ഉണ്ടാക്കരുതെന്ന് മാത്രമായിരുന്നു ഭാരതിഅമ്മയുടെ ഉപദേശം. മകളും മരുമകനും അമ്മയുടെ വാക്ക് അതേപടി പാലിക്കാന്‍ തയ്യാറായി.

അടുത്തബന്ധുവിന്റെ കെട്ടിടത്തിലാണ് വര്‍ഷങ്ങളായി ചായക്കട പ്രവര്‍ത്തിക്കുന്നത്. ജോലിക്കാര്‍ ആരും ഇല്ലാത്തതിനാല്‍ കൂലി ചെലവുമില്ല. ഇതെല്ലാം ചെലവ് കുറയ്ക്കുന്നു. തൊട്ടടുത്ത ജംഗ്ഷനില്‍ ദോശയ്ക്ക് 5 രൂപയും വടകള്‍ക്ക് ഏഴുരൂപയും ചായയ്ക്ക് 10 രൂപയും വില ഈടാക്കുമ്പോള്‍ കുറഞ്ഞ വിലയ്ക്ക് കച്ചവടം നടത്തിയാല്‍ ലാഭമുണ്ടാകുമോ എന്ന ചോദ്യത്തിന്, 60 വര്‍ഷമായി ഞങ്ങള്‍ ഇങ്ങനെയല്ലേ കട നടത്തുന്നതെന്നായിരുന്നു വത്സലയുടെ മറുപടി. മേല്‍പ്പറഞ്ഞവയെക്കൂടാതെ ചെറുപഴം ഒരു രൂപയ്ക്കും,വാഴയ്ക്കാ അപ്പം അഞ്ചു രൂപയ്ക്കും, ചായയും ഉരുളന്‍ കിഴങ്ങ് കറിയും കടലക്കറിയും ഏഴു രൂപയ്ക്കും ഇവിടെ നിന്ന് ലഭിക്കുന്നതാണ്.

Exit mobile version