തൃശ്ശൂരിലെ കോള്‍പ്പാടങ്ങളില്‍ നിന്ന് പിടിച്ച് തമിഴ്‌നാട്ടിലേയ്ക്ക് കടത്താന്‍ ശ്രമിച്ചത് 120 തത്തകളെ! യുവതികളെ ‘കൂട്ടിലാക്കി’ പോലീസ്

കാഞ്ഞാണി, പുള്ള് എന്നിവിടങ്ങളിലെ കോള്‍പ്പാടങ്ങളില്‍നിന്ന് പിടിച്ച തത്തകളാണെന്ന് ഇവര്‍ ആര്‍പിഎഫിനോട് സമ്മതിച്ചു

തൃശ്ശൂര്‍: തൃശ്ശൂരിലെ കോള്‍പ്പാടങ്ങളില്‍ നിന്ന് പിടിച്ച തത്തകളെ തമിഴ്‌നാട്ടിലേയ്ക്ക് കടത്താന്‍ ശ്രമിച്ച യുവതികളെ കുടുക്കി പോലീസ്. റെയില്‍വെ സ്‌റ്റേഷനില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്നും 120 ഓളം തത്തകളെയും പോലീസ് കണ്ടെടുത്തു.

തിരുപ്പൂര്‍ സ്വദേശികളായ ലക്ഷ്മി (54), ഭാഗ്യം (57) എന്നിവരാണ് അറസ്റ്റിലായത്. കാഞ്ഞാണി, പുള്ള് എന്നിവിടങ്ങളിലെ കോള്‍പ്പാടങ്ങളില്‍നിന്ന് പിടിച്ച തത്തകളാണെന്ന് ഇവര്‍ ആര്‍പിഎഫിനോട് സമ്മതിച്ചു.

വന്യജീവിസംരക്ഷണത്തിന്റെ പരിധിയില്‍ കേസ് വരുന്നതിനാല്‍ വിവരം വനംവകുപ്പിനെ അറിയിച്ചു. ശേഷം തത്തകളെയും യുവതികളെയും വനംവകുപ്പിന് കൈമാറി. ഞായറാഴ്ച രാവിലെയാണ് ഇവരെ സ്റ്റേഷനില്‍ നിന്നും പിടികൂടിയത്. സംശയാസ്പദമായ സാഹചര്യത്തിലായിരുന്നു ഇവരുടെ പെരുമാറ്റം.

ഉടനെ പോലീസ് എത്തി പരിശോധിക്കുകയായിരുന്നു. നാല് കൂടുകള്‍ക്കുള്ളിലായിട്ടാണ് തത്തകളെ സൂക്ഷിച്ചിരുന്നത്. കൂടുകള്‍ തുണികൊണ്ട് മൂടിയ നിലയിലായിരുന്നു. അറസ്റ്റിലായ ഇവരെ ചാലക്കുടി കോടതിയില്‍ ഹാജരാക്കി.

Exit mobile version