കൈവന്നത് അഞ്ചു കോടി, ആഹ്ലാദം ഉള്ളിലൊതുക്കി ചായ വിറ്റ് യാക്കോബ്; തുക തല്‍ക്കാലം ബാങ്കില്‍, മറ്റ് തീരുമാനങ്ങള്‍ ഇല്ലെന്ന് കുടുംബം

കൂത്താട്ടുകുളം: അഞ്ചു കോടി കൈവന്നിട്ടും എല്ലാ സന്തോഷങ്ങളും ഉള്ളിലൊതുക്കി യാക്കോബും കുടുംബവും. കിഴകൊമ്പിലെ കടയില്‍ എത്തിയവര്‍ക്ക് ചായ അടിച്ചു കൊടുത്തും കടയിലെ വ്യാപാരത്തില്‍ ശ്രദ്ധിച്ചും പതിവുപോലെയായിരുന്നു ലോട്ടറി അടിച്ച ദിനങ്ങളും.

സമ്മാനര്‍ഹമായ ടിക്കറ്റ് ഉള്‍പ്പെടെ 10 ടിക്കറ്റുകളാണ് താന്‍ വിറ്റതെന്ന് പറയുമ്പോഴും ഭാഗ്യവാന്‍ ആരെണെന്നതു മാത്രം രഹസ്യമായി സൂക്ഷിച്ചു. ഒടുവില്‍ കോടീശ്വരനായി രംഗത്തു വന്നപ്പോഴും യാക്കോബ് സന്തോഷം പ്രകടിപ്പിച്ചത് പരിമിതമായ അളവില്‍ മാത്രമാണ്. ലഭിച്ച തുക തത്കാലം ബാങ്കില്‍ നിക്ഷേപിക്കുന്നു എന്നതല്ലാതെ മറ്റു തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് കുടുംബം പറയുന്നു.

തുകയുടെ കുടുംബാംഗങ്ങളുമായി ആലോചിച്ച് തീരുമാനിക്കുന്നതാണെന്നും കൂട്ടിച്ചേര്‍ത്തു. ഭിന്നശേഷിക്കാരനായ യാക്കോബിന്റെ ഏകവരുമാനമാര്‍ഗം പിതാവ് എം.എസ്.കുര്യന്‍ 45 വര്‍ഷം മുന്‍പ് ആരംഭിച്ച ചായക്കടയാണ്. പിന്നീട് സ്റ്റേഷനറി സാധനങ്ങളും ചേര്‍ത്ത് കട വിപുലീകരിച്ചു. 84കാരനായ കുര്യന്‍ മകനെ സഹായിക്കാന്‍ മിക്കവാറും കടയിലുണ്ടാവും. കുര്യന്റെ ഭാര്യ മറിയാമ്മ 9 വര്‍ഷം മുന്‍പാണ് അന്തരിച്ചത്.

Exit mobile version