സതീശന് നട്ടെല്ലിന് കാന്‍സര്‍; നസീറയ്ക്ക് ബ്രെയിന്‍ ട്യൂമറും; രോഗത്തോട് പടപൊരുതുമ്പോള്‍ പടിവാതില്‍ക്കല്‍ ജപ്തിയും! മൂന്ന് വയസുകാരന്‍ മകനുമായി നട്ടംതിരിഞ്ഞ് കുടുംബം

വടകര: നട്ടെല്ലിന് കാന്‍സറായി സതീശനും ബ്രെയിന്‍ ട്യൂമറുമായി നസീറയും പോരാടുമ്പോള്‍ പടിവാതില്‍ക്കല്‍ ജപ്തി നോട്ടീസ് എത്തിയതിന്റെ അങ്കലാപ്പിലാണ് ഈ കുടുംബം. ഇനിയെന്തെന്ന് ചോദിക്കുമ്പോള്‍ നിസ്സഹായരായി ഇരിക്കാനേ ഇരുവര്‍ക്കും സാധിക്കുന്നൊള്ളൂ. ഇതിനിടയില്‍ മൂന്നു വയസുള്ള മകനും ഉണ്ട്.

വീട്നിര്‍മാണ വായ്പ കുടിശ്ശികയായാണ് ബാങ്കില്‍ നിന്ന് ജപ്തിനോട്ടീസും വന്നുകിടക്കുന്നത്. ആകെ അടയ്‌ക്കേണ്ടത് 5.85 ലക്ഷം രൂപയാണ്. ഉള്ള വീടും നഷ്ടപ്പെടുമോ എന്ന കടുത്ത ആശങ്കയിലാണ് സതീശനും നസീറയും. മണിയൂര്‍ പഞ്ചായത്തിലെ മുതുവനയിലാണ് പാറയില്‍ സതീശനും ഭാര്യ നസീറയും മകനും താമസിക്കുന്നത്.

കൂലിപ്പണിക്കാരനായിരുന്നു സതീശന്‍. ഉള്ളത് മിച്ചംവെച്ചും ബാങ്കില്‍നിന്ന് നാലുലക്ഷം രൂപ ഭവനവായ്പയെടുത്തും 2016-ല്‍ വീടുനിര്‍മാണം തുടങ്ങി. പണി നടന്നുകൊണ്ടിരിക്കുന്നതിനിടെ നാലുവര്‍ഷം മുമ്പാണ് സതീശന് ജോലിക്കിടെ നടുവേദന വന്നത്. പരിശോധനയില്‍ നട്ടെല്ലിന് കാന്‍സറാണെന്ന് കണ്ടെത്തുകയായിരുന്നു. തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ 25 റേഡിയേഷന്‍ നടത്തി. പിന്നെ ജോലിക്ക് പോകാന്‍ കഴിയാതായി. ഇതിനിടെ ഭാര്യ നസീറ ഗര്‍ഭിണിയായി.

നാലുമാസം പൂര്‍ത്തിയായസമയത്ത് തലചുറ്റല്‍, ബാലന്‍സ് തെറ്റല്‍ എന്നീ പ്രശ്‌നങ്ങളുമായി ചികിത്സതേടിയപ്പോഴാണ് നസീറയ്ക്ക് ബ്രെയിന്‍ ട്യൂമര്‍ കണ്ടെത്തിയത്. പിന്നീട് ഒരുവര്‍ഷമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കിടന്ന് ചികിത്സിച്ചത്. ഇതിനിടെ മകന്‍ പിറന്നു. കുട്ടിയെ എടുത്തശേഷം തലയ്ക്ക് ഒരു ശസ്ത്രക്രിയയും കൂടി നടത്തി. ഇപ്പോള്‍ നസീറയുടെ വലതുകണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു. നാട്ടുകാര്‍ സമാഹരിച്ചുനല്‍കിയ തുകയാണ് നസീറയുടെ ചികിത്സയ്ക്ക് തുണയായത്.

കുറേക്കാലം ജോലിക്ക് പോയിരുന്നില്ല സതീശന്‍. ഇപ്പോള്‍ അവശതകളെ മറന്ന് ഇടയ്ക്ക് തൊഴിലുറപ്പ് പദ്ധതിയുടെ ജോലിക്ക് പോകും. മുമ്പത്തെപ്പോലെ പുറത്ത് കൂലിപ്പണിക്ക് പോകാന്‍ ശ്രമിച്ചെങ്കിലും ഈയ്യിടെ ജോലിക്കിടെ തലകറങ്ങിവീണു. രോഗം വില്ലനായപ്പോള്‍ വീടുപണിയും നിലച്ചു. കോണ്‍ക്രീറ്റ് പൂര്‍ത്തിയായതിനാല്‍ ഇതിനുള്ളില്‍ താമസിക്കുന്നുണ്ട്. ഒരു മുറി നാട്ടുകാര്‍ ചേര്‍ന്നാണ് തേച്ചുനല്‍കിയത്.

ഭവനവായ്പയുടെ തിരിച്ചടവ് നിരന്തരം തെറ്റിയതോടെയാണ് ഓഗസ്റ്റില്‍ 5.85 ലക്ഷം രൂപ തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് ബാങ്കില്‍ നിന്ന് നോട്ടീസ് വന്നത്. ഇല്ലെങ്കില്‍ ജപ്തിനടപടി സ്വീകരിക്കുമെന്നും നോട്ടീസിലുണ്ട്. ബാങ്കുമായി ബന്ധപ്പെട്ട് നിലവിലുള്ള അവസ്ഥ ബോധ്യപ്പെടുത്തുകയും അധികൃതര്‍ക്ക് അപേക്ഷ നല്‍കുകയുംചെയ്തു. പലിശയില്‍ കിഴിവുനല്‍കാമെന്നും മുതലെങ്കിലും അടയ്ക്കണമെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു. സതീശന്റെ ഫോണ്‍- 9846917554.

Exit mobile version