തീവ്ര ന്യൂനമര്‍ദ്ദം കരയില്‍ പ്രവേശിച്ചു; സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം കൂടി കനത്ത മഴ

തിരുവനന്തപുരം: തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദം പടിഞ്ഞാറു-വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു തമിഴ്നാട് -തെക്കന്‍ ആന്ധ്രാ പ്രദേശ് തീരത്തു പുതുച്ചേരിക്കും ചെന്നൈക്കും ഇടയില്‍ കരയില്‍ പ്രവേശിച്ചു.

നിലവില്‍ ചെന്നൈയില്‍നിന്നു 60 കിലോമീറ്റര്‍ തെക്കു-തെക്കു പടിഞ്ഞാറും, പുതുച്ചേരിയില്‍നിന്നും 60 കിലോമീറ്റര്‍ വടക്കു -വടക്കു കിഴക്കായും സ്ഥിതി ചെയ്യുകയാണ്. ഇത് പടിഞ്ഞാറ് വടക്കു-പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു അടുത്ത 12 മണിക്കൂറില്‍ തീവ്ര ന്യൂനമര്‍ദം ശക്തമായ ന്യൂനമര്‍ദം ആയി മാറാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അറബിക്കടലിലെ ന്യൂനമര്‍ദം നിലവില്‍ മധ്യ കിഴക്കന്‍ അറബിക്കടലില്‍ സ്ഥിതി ചെയ്യുകയാണ്. പടിഞ്ഞാറു തെക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദം അടുത്ത 48 മണിക്കൂറില്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും, അതേസമയം, കേരള തീരത്ത് ഭീഷണിയില്ലെന്നും അധികൃതര്‍ അറിയിച്ചു. കേരളത്തില്‍ അടുത്ത 2 ദിവസം കൂടി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

Exit mobile version