പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ പീര്‍ മുഹമ്മദ് അന്തരിച്ചു

കണ്ണൂര്‍: പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരന്‍ പീര്‍ മുഹമ്മദ് അന്തരിച്ചു. 75 വയസായിരുന്നു. കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ വീട്ടില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം. മുന്‍പ് ഏറെനാളായി പക്ഷാഘാതം ബാധിച്ച് ചികിത്സയിലായിരുന്നു. നിരവധി ഹിറ്റ് മാപ്പിളപ്പാട്ടുകളുടെ സ്രഷ്ടാവായിരുന്ന പീര്‍ മുഹമ്മദ് മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

തെങ്കാശിയില്‍ ജനിച്ച പീര്‍ മുഹമ്മദ് തന്റെ പിതാവിനൊപ്പമാണ് തലശ്ശേരിയിലേയ്ക്ക് എത്തിയത്. നാലാം വസ്സുമുതലാണ് പീര്‍ മുഹമ്മദ് പാട്ടുകള്‍ പാടാന്‍ തുടങ്ങിയത്. ഏഴാം വയസ്സില്‍ അദ്ദേഹത്തിന്റെ പാട്ട് റെക്കോര്‍ഡു ചെയ്തു. പീര്‍ മുഹമ്മദിന്റേതായി പതിനായിരത്തിലധികം പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. നിരവധി മാപ്പിളപ്പാട്ട് ഗാനമേളകള്‍ അദ്ദേഹം സംഘടിപ്പിച്ചിട്ടുണ്ട്.

പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനായ വി.എം കുട്ടിയുമൊത്ത് വേദി പങ്കിടാനും നിരവധി പരിപാടികളില്‍ പങ്കെടുക്കാനും പീര്‍ മുഹമ്മദിന് സാധിച്ചിട്ടുണ്ട്. പൂങ്കുയിലിനെ കണ്ഠനാളത്തില്‍ ഒളിപ്പിച്ച വ്യക്തിയെന്നാണ് വൈലോപ്പിള്ളി പീര്‍ മുഹമ്മദിനെ വിശേഷിപ്പിച്ചത്.

Exit mobile version