നിലവിളക്ക് തെളിക്കാന്‍ പാടില്ല, ഷൂസ് മാറ്റില്ല; വിവാഹവേദിയില്‍ കടുംപിടുത്തമായി വരന്‍! കെട്ടിയ താലി തിരിച്ചുനല്‍കി പെണ്‍കുട്ടി, ഒടുവില്‍ മറ്റൊരു ബന്ധു മിന്നുചാര്‍ത്തി

കടയ്ക്കല്‍: വിവാഹവേദിയിലെ തര്‍ക്കത്തെ തുടര്‍ന്ന് കെട്ടിയ താലി പെണ്‍കുട്ടി വരനു തിരിച്ചു നല്‍കി. അതേ വേദിയില്‍ മറ്റൊരു ബന്ധു പെണ്‍കുട്ടിക്ക് മിന്നുചാര്‍ത്തി. കടയ്ക്കല്‍ ആല്‍ത്തറമുട് ഓഡിറ്റോറിയത്തിലാണ് നാടകീയ സംഭവ വികാസങ്ങള്‍ അരങ്ങേറിയത്.

ആല്‍ത്താറമുട് സ്വദേശിയായ പെണ്‍കുട്ടിയും കിളിമാന്നൂര്‍ പുളിമാത്ത് സ്വദേശിയായ യുവാവും തമ്മില്‍ നേരത്തെ നിശ്ചയിച്ച പ്രകാരം വിവാഹം നടത്തി. വിവാഹ വേദിയില്‍ നിലവിളക്ക് തെളിക്കാന്‍ പാടില്ലെന്നും ഷൂസ് മാറ്റാന്‍ കഴിയില്ലെന്നും വരന്‍ കടുംപിടുത്തവുമായി നിന്നു. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്.

ഒടുവില്‍ വരന്റെ നിര്‍ബന്ധത്തെ തുടര്‍ന്നു വേദിക്ക് പുറത്ത് വിവാഹം നടത്തി. താലി കെട്ടി മടങ്ങുമ്പോഴും പെണ്‍കുട്ടിയുടെ ബന്ധുക്കളും വരനുമായി വീണ്ടും തര്‍ക്കമുണ്ടായി. ഒടുവില്‍ തര്‍ക്കം ഇരുവീട്ടുകാരും തമ്മിലായി. ഇതോടെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കടയ്ക്കല്‍ പോലീസില്‍ പരാതി നല്‍കി. പിന്നീട് ബന്ധുക്കള്‍ നിര്‍ദേശച്ചതിനെത്തുടര്‍ന്ന് യുവാവ് കെട്ടിയ താലി പെണ്‍കുട്ടി തിരിച്ചു നല്‍കുകയായിരുന്നു. പിന്നീടാണ് മറ്റൊരു യുവാവ് പെണ്‍കുട്ടിക്ക് ജീവിതം നല്‍കിയത്.

Exit mobile version