ഞങ്ങളുടെ നേതാക്കളെ ലോക്കപ്പിലാക്കിയിട്ട് നിങ്ങള്‍ക്ക് ഞാന്‍ ഷൂട്ടിങ്ങിന് അനുമതി നല്‍കണോ? പൊട്ടിത്തെറിച്ച് തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍

കാക്കനാട്: സത്യന്‍ അന്തിക്കാടിന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിന് അനുമതി നിഷേധിച്ച് തൃക്കാക്കര നഗരസഭ. വഴിയിലുള്ള സിനിമാ ചിത്രീകരണം അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് നിലപാടെടുത്തതിനു പിന്നാലെയാണ് കോണ്‍ഗ്രസുകാരിയായ നഗരസഭാ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന്‍ അനുമതി തേടിയെത്തിയവരോട് പൊട്ടിത്തെറിച്ചത്.

തൃക്കാക്കര ബസ് സ്റ്റാന്‍ഡിലാണ് ജയറാം, മീര ജാസ്മിന്‍ എന്നിവര്‍ അഭിനയിക്കുന്ന ചിത്രം ഷൂട്ട് ചെയ്യേണ്ടത്. ഇതിനുള്ള അനുമതി തേടിയ സിനിമാ പ്രവര്‍ത്തകരോടും നഗരസഭാ ഉദ്യോഗസ്ഥരോടുമായിരുന്നു ചെയര്‍പേഴ്‌സണ്‍ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചത്. ചൊവ്വാഴ്ച പന്ത്രണ്ടരയോടെയാണ് സിനിമാ പ്രൊഡക്ഷന്‍ വിഭാഗത്തിലെ രണ്ടുപേര്‍ ചിത്രീകരണത്തിന് അനുമതി വാങ്ങാന്‍ എത്തിയത്.

‘ജനങ്ങള്‍ക്കു വേണ്ടി സമരം നടത്തിയ ഞങ്ങളുടെ നേതാക്കളെ ലോക്കപ്പിലാക്കിയിട്ട് നിങ്ങളെ പോലുള്ള സിനിമക്കാര്‍ക്ക് ഞാന്‍ ഷൂട്ടിങ്ങിന് അനുമതി നല്‍കണോ? എങ്ങനെ തോന്നി എന്നോട് ഇതുവന്നു ചോദിക്കാന്‍…’ ചെയര്‍പേഴ്‌സണ്‍ പൊട്ടിത്തെറിച്ച് ചോദിച്ചു. ജോജു ജോര്‍ജ് തങ്ങളുടെ സിനിമയില്‍ ഇല്ലെന്ന് പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവുമാര്‍ പറഞ്ഞെങ്കിലും ചെയര്‍പേഴ്സണ്‍ കൂട്ടാക്കിയില്ല. ഇതോടെ സിനിമാ പ്രവര്‍ത്തകര്‍ മടങ്ങുകയായിരുന്നു.

Exit mobile version