വന്ന ലോഡ് മുഴുവനും ഇറക്കി വെച്ചത് ഡ്രൈവര്‍, നോക്ക് കൂലി ആവശ്യപ്പെട്ട് ലോഡിങ് തൊഴിലാളികള്‍! കിട്ടാതെ വന്നതോടെ മുന്തിരിപ്പെട്ടി എടുത്ത് കൊണ്ടുപോയി, എടുത്തിടത്ത് തന്നെ തിരിച്ച് വെപ്പിച്ച് പോലീസ്

വാഹനത്തില്‍ പെട്ടിയിലാക്കി എത്തിയ പഴങ്ങള്‍ ഇറക്കാന്‍ ലോഡിങ് തൊഴിലാളികള്‍ ഉണ്ടായിരുന്നില്ല എന്ന് കടയുടമ പറയുന്നു.

മലപ്പുറം: സംസ്ഥാനത്ത് നിരോധിച്ച നോക്കു കൂലി ആവശ്യപ്പെട്ട് മലപ്പുറത്ത് ഗുണ്ടായിസം. മലപ്പുറം ജില്ലയില്‍ കരുളായി അങ്ങാടിയിലെ പഴക്കടയിലാണ് സംഭവം. ആറ് പെട്ടി മുന്തിരിയായിരുന്നു ലോഡ്. പക്ഷേ ഇറക്കിയത് ലോറിയുടെ ഡ്രൈവറായിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് നോക്കു കൂലി വേണമെന്നാവശ്യപ്പെട്ട് ലോഡിങ് തൊഴിലാളികള്‍ രംഗത്ത് വരികയായിരുന്നു.

വാഹനത്തില്‍ പെട്ടിയിലാക്കി എത്തിയ പഴങ്ങള്‍ ഇറക്കാന്‍ ലോഡിങ് തൊഴിലാളികള്‍ ഉണ്ടായിരുന്നില്ല എന്ന് കടയുടമ പറയുന്നു. അതിനാല്‍ നോക്ക് കൂലി തരാന്‍ കഴിയില്ല എന്ന് തറപ്പിച്ച് പറയുകയും ചെയ്തു. ഇത് തൊഴിലാളികളെ ചൊടിപ്പിക്കുകയായിരുന്നു. അവര്‍ ഒരു പെട്ടി മുന്തിരി എടുത്ത് കൊണ്ട് പോവുകയായിരുന്നു. ഒടുവില്‍ പോലീസ് എത്തിയാണ് പ്രശ്‌നം പരിഹരിച്ചത്.

വാക്ക് തര്‍ക്കത്തിനിടെ തൊഴിലാളികളില്‍ ഒരാള്‍ 10 കിലോഗ്രാമിന്റ മുന്തിരിപ്പെട്ടി ബലമായി എടുത്തു കൊണ്ട് പോവുകയായിരുന്നു. പിന്നാലെയാണ് കടയുടമ പോലീസില്‍ പരാതി നല്‍കിയത്. പോലീസ് എത്തി തൊഴിലാളികളെ കൊണ്ട് എടുത്ത മുന്തിരിപ്പെട്ടി എടുത്തിടത്ത് തന്നെ വെപ്പിക്കുകയായിരുന്നു. ശേഷം എസ്‌ഐ തൊഴിലാളികളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് താക്കീത് ചെയ്ത് വിടുകയായിരുന്നു.

Exit mobile version