ആമസോണില്‍ പാസ്‌പോര്‍ട്ട് കവര്‍ ഓര്‍ഡര്‍ ചെയ്തു; കിട്ടിയത് ഒറിജിനല്‍ പാസ്‌പോര്‍ട്ട്, ഒടുവില്‍ ആ പാസ്‌പോര്‍ട്ട് ഉടമയെ തിരിച്ചറിഞ്ഞു

തൃശൂര്‍: ആമസോണില്‍ ഓര്‍ഡര്‍ ചെയ്ത പാസ് പോര്‍ട്ട് കവറിനൊപ്പം ലഭിച്ചത് ഒറിജിനല്‍ പാസ്പോര്‍ട്ടും. സംഭവത്തില്‍ പാസ്‌പോര്‍ട്ടിന്റെ ഉടമയെ തിരിച്ചറിഞ്ഞു. വയനാട് കണിയാമ്പറ്റ സ്വദേശി മിഥുന്‍ ബാബുവിനാണ് പാസ്‌പോര്‍ട്ട് കവറിനൊപ്പം പാസ്‌പോര്‍ട്ടും ലഭിച്ചത്.

സംഭവം ഇങ്ങനെ;

തൃശൂര്‍ കുന്നംകുളം സ്വദേശിനി അസ്മാബിയുടെ മകന്‍ മുഹമ്മദ് സാലിഹിന്റെ പാസ്പോര്‍ട്ടാണ് കാണാതായത്. ആമസോണ്‍ വഴി പാസ്പോര്‍ട്ട് സൂക്ഷിക്കാന്‍ പേഴ്സ് വാങ്ങിയിരുന്നു. ഇതില്‍ വെച്ച് നോക്കി പോരായെന്ന് തോന്നി തിരിച്ചുനല്‍കി. പകരം വേറെ ഓര്‍ഡര്‍ ചെയ്തു. എന്നാല്‍ പാസ് പോര്‍ട്ട് തിരിച്ചു നല്‍കിയ കവറില്‍ പെട്ടുപോയ കാര്യം ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല.

പിന്നീട് പാസ്‌പോര്‍ട്ട് കാണാതെ വീടുമുഴുവന്‍ തിരഞ്ഞെങ്കിലും കിട്ടിയില്ല. തിരികെ കൊടുത്ത കവറിലായിരുന്നു പാസ്പോര്‍ട്ട് എന്നറിഞ്ഞത് വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ്. ആമസോണ്‍ കസ്റ്റമര്‍ കെയര്‍ ഉദ്യോഗസ്ഥരുമായി മിഥുന്‍ ബന്ധപ്പെട്ടിരുന്നുവെങ്കിലും സംഭവം ഇനി ആവര്‍ത്തിക്കില്ല എന്ന മറുപടി ലഭിച്ചു.

പാസ്‌പോര്‍ട്ടില്‍ ഉടമയുടെ വിലാസം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഫോണ്‍ നമ്പര്‍ ഇല്ലാത്തതിനാല്‍ നേരിട്ട് ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല. പാസ്‌പോര്‍ട്ടിലെ വിലാസത്തില്‍ പാസ്പോര്‍ട്ട് അയച്ചുകൊടുക്കാനായിരുന്നു മിഥുന്റെ പദ്ധതി. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ ബന്ധപ്പെട്ടു.

Exit mobile version