ഇനി അവര്‍ പുറംമ്പോക്കില്‍ അല്ല, പുതുപുത്തന്‍ വീടുകളില്‍! പ്രളയം തകര്‍ത്ത വയനാട്ടിലെ 20 കുടുംബങ്ങള്‍ക്ക് വീടൊരുക്കി ‘ടെഫ’

തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ നിര്‍വ്വഹിക്കും.

കോഴിക്കോട്: മഹാപ്രളയം തകര്‍ത്ത വയനാട്ടിലെ 20 കുടുംബങ്ങള്‍ക്ക് വീടൊരുക്കി തെക്കപ്പുറം എക്സ്പാറ്റ്സ് ഫുട്ബോള്‍ അസോസിയേഷന്‍ (ടെഫ). പ്രളയം തകര്‍ത്ത വയനാട് ജില്ലയിലെ പനമരം പഞ്ചായത്തിലെ നീര്‍ട്ടാടിയില്‍ പുറമ്പോക്കില്‍ താമസിച്ചിരുന്ന 20 കുടുംബങ്ങള്‍ക്കാണ് വീടൊരുക്കിയിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ നിര്‍വ്വഹിക്കും.

കാസര്‍കോട്ടെ കോട്ടികുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കിസ്വ, വെളിയൂരിലെ മുഹൈസ് ഫൗണ്ടഷന്‍, നൊച്ചാടിയിലെ ഇന്‍സൈറ്റ പാറച്ചോല, ദുബായിയിലെ ഫാത്തിമ ഹെല്‍ത്ത് കെയര്‍, കോഴിക്കോട്ടെ ഹെല്‍പ്പിംഗ് ഹാന്റ്സ് എന്നീ സംഘടനകള്‍ പദ്ധതിയില്‍ പങ്കാളികളാകും. പദ്ധതിക്കാവശ്യമായ ഒരേക്കര്‍ സ്ഥലം നീര്‍ട്ടാടിയിലെ കോണ്‍സെന്റിന് പിറകിലുള്ള സ്ഥലം വാങ്ങുകയും ഇരുപത് കുടുംബങ്ങള്‍ക്കുള്ള ആധാരം രജിസ്‌ട്രേഷന്‍ നേരിട്ട് ചെയ്യുകയും ചെയ്തു.

നാല് സെന്റ് ഭൂമിയില്‍ വീടിന് പുറമെ പൊതു കളിസ്ഥലം, പാര്‍ക്ക്, ലൈബ്രറി കൂടാതെ കുറ്റമറ്റ പൊതുജല വിതരണ സംവിധാനം എന്നിവയെല്ലാം ഉള്‍പെടുന്നതാണ് നിര്‍ദ്ദിഷ്ട ടെഫ വില്ലേജ്. ഇതോടെ ഈ കുടുംബങ്ങള്‍ തങ്ങളുടെ സ്വപ്‌ന വീട് എന്ന യാഥാര്‍ത്ഥ്യത്തിലേയ്ക്ക് എത്തിയതിന്റെ സന്തോഷത്തിലാണ്. 20 വീടുകള്‍ക്കുള്ള തറ നിര്‍മ്മിച്ച് നല്‍കുന്നത് ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫാത്തിമ ഹെല്‍ത്ത് കെയര്‍ ചെയര്‍മാനും, ഹുസൈന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനുമായ ഡോ. കെപി ഹുസൈനാണ്.

Exit mobile version