ഉടുത്തവസ്ത്രം മാത്രം കൈയ്യിലുണ്ട്, കണ്‍മുന്‍പില്‍ ഇല്ലാതായത് ഒരായുസ്സിന്റെ സമ്പാദ്യം; ഇരുനില വീട് തകര്‍ന്നതിന്റെ അമ്പരപ്പ് മാറാതെ പുഷ്പയും ജോബിയും

Pushpa and joby | Bignewslive

കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍മീഡിയയില്‍ നിറയുന്നത് കോട്ടയം മുണ്ടക്കയത്ത് ഇരുനിലവീട് ഒന്നടങ്കം മണിമലയാറിലേക്ക് ഇടിഞ്ഞുവീണ് ഒഴുകിപ്പോകുന്ന ദൃശ്യമാണ്. മുണ്ടക്കയം റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവറായ കല്ലേപ്പാലം കൊല്ലപ്പറമ്പില്‍ ജെബിന്റെ വീടാണ് ശക്തമായ മഴയില്‍ മണിമലയാറിലേയ്ക്ക് ഒന്നടങ്കം ഇടിഞ്ഞു വീണത്.

27 വര്‍ഷത്തെ കഷ്ടപ്പാടില്‍ കെട്ടിപ്പടുക്കിയ വീടാണ് ഒരു നിമിഷത്തില്‍ പൊലിഞ്ഞു പോയത്. സംഭവ സമയത്ത് വാഹനം ഓടിച്ചു കൊണ്ടിരിക്കുകയായിരുന്നു ജെബി. വീട്ടില്‍ ഭാര്യയും മക്കളും മാത്രമാണ് ഉണ്ടായിരുന്നത്. വീട് ഒരു നിമിഷത്തില്‍ തകര്‍ന്നതിന്റെ ആഘാതത്തിലാണ് പുഷ്പയും ജോബിയും.

മഴ ശക്തമായതിനെത്തുടര്‍ന്ന് തൊട്ടടുത്തുള്ള വീട്ടുകാരൊക്കെ ജെബിയുടെ വീട്ടിലായിരുന്നു ഉണ്ടായിരുന്നത്. സുരക്ഷിതമെന്ന് കരുതിയാണ് അവരൊക്കെ വീട്ടില്‍ വന്നത്. പൊടുന്നനെ, പുറത്ത് നിന്ന് എന്തോ ശബ്ദം കേട്ടതുകൊണ്ട് എല്ലാവരെയും പുറത്തിറക്കി വാതില്‍ പുറത്ത് നിന്ന് പൂട്ടുകയായിരുന്നു. പുറത്തിറങ്ങി അരമണിക്കൂറിന് ശേഷം വീട് വെള്ളത്തിലേയ്ക്ക് ഒലിച്ചു പോവുകയായിരുന്നു. ഇന്നുവരെ ഇങ്ങനൊരു സംഭവം ഉണ്ടായിട്ടില്ല. വെള്ളം കയറുമെന്ന് അറിയില്ലായിരുന്നു. വെള്ളം കയറുമെന്ന് മനസ്സിലാക്കി പുറത്തിറങ്ങിയതുമല്ല. എന്നാല്‍, പുറത്തിറങ്ങിയപ്പോഴാണ് ഇതൊക്കെ സംഭവിച്ചതെന്ന് പുഷ്പ പറയുന്നു.

പണവും രേഖകളും അടക്കമാണ് വെള്ളത്തില്‍ ഒലിച്ചു പോയത്. കുടുംബശ്രീയില്‍ നിന്ന് ലോണെടുത്ത പൈസയും മകളുടെ സ്വര്‍ണം പണയംവെച്ച തുകയും അടക്കം രണ്ടര ലക്ഷത്തോളം രൂപയും വീടിനോടൊപ്പം തന്നെ ഒലിച്ചു പോയെന്ന് ജെബി പറയുന്നു. രണ്ട് പെണ്‍മക്കളാണ് ജെബിയ്ക്ക്. ഒരാള്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയാണ്. മറ്റൊരാളുടെ കല്യാണം കഴിഞ്ഞു. വീട് നഷ്ടപ്പെട്ട ഇവര്‍ ഇപ്പോള്‍ സഹോദരന്റെ വീട്ടിലാണ് അഭയം തേടിയിരിക്കുന്നത്.

പുഷ്പയുടെ വാക്കുകള്‍ ഇങ്ങനെ;

‘ശൂന്യാവസ്ഥയില്‍ നിന്ന് എന്ത് പറയണമെന്ന് അറിയില്ല. ജീവന്‍ തിരിച്ചു കിട്ടിയല്ലോ ഭാഗ്യം. ഇത്രയും നാളത്തെ കഷ്ടപ്പാടുകളായിരുന്നു ആ ഒലിച്ചു പോയത്. ഉടുത്ത വസ്ത്രമല്ലാതെ ഒന്നും എടുത്തിട്ടില്ല. വീട് സുരക്ഷിതമാണെന്ന് വിചാരിച്ചത് കൊണ്ട് അയല്‍ക്കാരടക്കം 25ഓളം പേര്‍ വീട്ടില്‍ ഉണ്ടായിരുന്നു. എല്ലാവരെയും പെട്ടെന്ന് ഇറക്കി വാതില്‍ പൂട്ടി പുറത്തിറങ്ങി അരമണിക്കൂറിനകം വീട് പോയി. ദൈവം തമ്പുരാന്റെ കാരുണ്യം കൊണ്ടായിക്കും, ജീവന്‍ തിരിച്ചു കിട്ടിയല്ലോ. ഇനി എല്ലാം ആദ്യം മുതല്‍ തുടങ്ങണം. വീട് ഇടിയുമെന്ന് അറിയത്തില്ലല്ലോ, നല്ലൊരു വീടല്ലെ? അതിന് ചലനം സംഭവിക്കുമെന്ന് ഒരിക്കലും കരുതിയില്ല. വീട് സുരക്ഷിതമാണെന്ന് കരുതിയാണ് അയല്‍ക്കാരൊക്കെ വീട്ടില്‍ വന്ന് നിന്നത്. ദൈവനിശ്ചയം എന്ന് പറയാം, ജീവന്‍ തിരിച്ചു കിട്ടിയല്ലോ. ഇനി ജീവിതം എങ്ങനെയാണെന്ന് ദൈവം തമ്പുരാന് മാത്രമേ അറിയൂ.

Exit mobile version