6 വര്‍ഷത്തിനുള്ളില്‍ വരച്ചത് ഉണ്ണികണ്ണന്റെ 500ഓളം ചിത്രങ്ങള്‍; ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ കണ്ണന്റെ ചിത്രം നേരിട്ട് സമര്‍പ്പിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തില്‍ ജസ്‌ന സലിം

ആറ് വര്‍ഷത്തിനുള്ളില്‍ ഉണ്ണികണ്ണന്റെ 500ഓളം ചിത്രങ്ങള്‍ വരച്ച് താരമായിരിക്കുകയാണ് കോഴിക്കോട് കൊയിലാണ്ടി കുറുവങ്ങാട് സ്വദേശിനി പുളിയേരി കുന്നത്ത് ജസ്‌ന സലിം. ഇപ്പോള്‍ ജസ്‌ന പുതിയൊരു സന്തോഷത്തിലാണ്. താന്‍ വരിച്ച ചിത്രം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നേരിട്ട് സമര്‍പ്പിക്കാന്‍ കഴിഞ്ഞതാണ് ജസ്‌നയ്ക്ക് ഇരട്ടി സന്തോഷം ലഭിച്ചിരിക്കുന്നത്.

പലരും കൃഷ്ണന്റെ ചിത്രങ്ങള്‍ വരയ്ക്കുന്നതിന് വിലക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം പേരില്‍ നിന്നും പിന്തുണ ലഭിക്കുന്നുണ്ടെന്നും എല്ലാത്തിലുമുപരി തന്റെ ഭര്‍ത്താവ് സലിം നല്‍കുന്ന പിന്തുണ എല്ലാത്തിലും വലുതാണെന്ന് ജസ്‌ന പറയുന്നു. ‘ജാതിയും മതവുമെല്ലാം മനുഷ്യരുണ്ടാക്കിയതല്ലേ. കണ്ണന്റെ ചിത്രങ്ങള്‍ വരയ്ക്കുന്നത് നിര്‍ത്തേണ്ടതില്ല’ എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ തനിക്ക് ലഭിക്കാവുന്നതില്‍ വെച്ച് ഏറ്റവും വലിയ പിന്തുണയും കരുതെന്നും ജസ്‌ന കൂട്ടിച്ചേര്‍ത്തു.

ചിത്രകല അഭ്യസിച്ചിട്ടില്ലാത്ത ജസ്‌ന കൗതുകം കൊണ്ടാണ് ശ്രീകൃഷ്ണന്റെ ചിത്രങ്ങള്‍ വരച്ചു തുടങ്ങിയത്. പൂനൂര്‍ തേക്കുംതോട്ടം എന്ന സ്ഥലത്താണ് ജസ്‌നയുടെ സ്വന്തം വീട്. വിവാഹശേഷം ഭര്‍ത്താവാണ് കണ്ണന്റെ ചിത്രങ്ങള് ജസ്‌നയ്ക്ക് പരിചയപ്പെടുത്തിയത്. തുടര്‍ന്ന് ആ ചിത്രങ്ങളില്‍ ഇഷ്ടവും കൗതുകവും തോന്നി. പിന്നീടാണ് കൃഷ്ണന്റെ ചിത്രം ജസ്‌ന വരയ്ക്കാന്‍ തുടങ്ങിയത്.

ആദ്യമായി വരച്ച ചിത്രം വീട്ടുകാര്‍ കണ്ടാല്‍ പ്രശ്‌നമാകുമോ എന്ന് ഭയന്ന് ഹിന്ദു കുടുംബത്തിന് ചിത്രം ഫ്രെയിം ചെയ്തു നല്‍കി. പിന്നീട് മുസ്ലിങ്ങള്‍ കൂടുതലുള്ള പൂനൂരില്‍ ഒരു മുസ്ലിം കുട്ടി കൃഷ്ണനെ വരയ്ക്കുന്നു എന്ന് കേട്ടപ്പോള്‍ പലരിലും അത്ഭുതം കണ്ടു തുടങ്ങി. പിന്നീട് കൂടുതല്‍ ചിത്രങ്ങള്‍ വരച്ചു തുടങ്ങിയപ്പോള്‍ ആവശ്യക്കാരും വന്നു തുടങ്ങി. ഇപ്പോള്‍ സംസ്ഥാനത്തിന് അകത്തും പുറത്തു നിന്നും ചിത്രങ്ങള്‍ തേടി ജസ്‌നയ്ക്ക് വിളിവരാറുണ്ട്.

വിഷുവിനും ശ്രീകൃഷ്ണ ജയന്തിക്കുമെല്ലാം ഗുരുവായൂരിലേക്ക് ചിത്രം വരച്ചു നല്‍കാറുണ്ട്. വീടിനടുത്തുള്ള നാലുപുരയ്ക്കല്‍ നാഗകാളി ക്ഷേത്രത്തിലേക്കും ഉണ്ണിക്കണ്ണന്റെ ചിത്രം വരച്ചു നല്‍കി. ഇപ്പോള്‍ ഉളനാട് ക്ഷേത്രത്തിലെത്തി ചിത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്ന് ജസ്‌ന പറയുന്നു. ഭര്‍ത്താവ് സലിം വിദേശത്താണ്.

Exit mobile version