ഭര്‍ത്താവ് ജയചന്ദ്രന്റെ ഓര്‍മ്മയ്ക്കായി ലൈഫ് പദ്ധതിയിലേയ്ക്ക് 72 സെന്റ് ഭൂമി നല്‍കി ഹേമ; പ്രമാണം മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം: ഭര്‍ത്താവ് ജയചന്ദ്രന്റെ ഓര്‍മ്മയ്ക്കായി ലൈഫ് പദ്ധതിയിലേയ്ക്ക് 72 സെന്റ് ഭൂമി കൈമാറി ഹേമ ജയചന്ദ്രന്‍. ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ സമയത്താണ് തെക്കന്‍ കേരളത്തില്‍ എവിടെയെങ്കിലും ഒരു റിസോര്‍ട്ട് പണിയണമെന്ന ആശയം ഹേമാ ജയചന്ദ്രന്റെയും ഭര്‍ത്താവ് ജയചന്ദ്രന്റെയും മനസ്സിലുദിക്കുന്നത്. കാത്തിരുന്ന്, ആഗ്രഹിച്ച് കൊല്ലം പരവൂരില്‍ ഒമ്പത് ഏക്കര്‍ ഭൂമി വാങ്ങി മനോഹരമായ ഒരു റിസോര്‍ട്ടും പണിതു.

ഇതിനിടെ, 2005-ല്‍ അപ്രതീക്ഷിതമായി ജയചന്ദ്രന്‍ വിടവാങ്ങി. അദ്ദേഹത്തിന്റെ വിയോഗ ശേഷം പരവൂരുള്ള റിസോര്‍ട്ട് വില്‍ക്കുകയും ചെയ്തു. ജയചന്ദ്രനില്ലാത്ത ചെന്നൈയിലെ ജീവിതത്തിനിടയില്‍ പ്രിയപ്പെട്ടവന്റെ ഓര്‍മയ്ക്കായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം ഹേമയില്‍ ശക്തമായി. സഹോദരന്‍ ഉദയന്‍ നായരോട് തന്റെ ആഗ്രഹം പ്രകടപ്പിച്ചു.

ഉദയനാണ് പാവങ്ങള്‍ക്ക് വീട് നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് എന്ന പദ്ധതിയെപ്പറ്റി ഹേമയോട് പറയുന്നത്. പറവൂരിലെ റിസോര്‍ട്ടിനോട് ചേര്‍ന്നുള്ള 72 സെന്റ് ഭൂമിയില്‍ വൃദ്ധസദനംപോലുള്ള സംവിധാനമൊരുക്കുന്നതിനെപ്പറ്റിയുള്ള ആലോചനയ്ക്കിടയിലാണ് ഹേമ ലൈഫ് പദ്ധതിയിലേയ്ക്ക് ഭൂമി നല്‍കാമെന്ന് തീരുമാനിച്ത്.

ലൈഫിലൂടെ ഒത്തിരി പാവങ്ങള്‍ക്ക് വീട് കിട്ടുമെങ്കില്‍ ഭൂമി പദ്ധതിക്കു നല്‍കാമെന്ന് തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച ഉദയന്‍ നായര്‍ക്കൊപ്പം തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി 72 സെന്റ് ഭൂമിയുടെ പ്രമാണം കൈമാറി. പ്രിയതമന്റെ പേരില്‍ സ്ഥലം അറിയപ്പെടണമെന്ന ആഗ്രഹം മാത്രമാണ് ഹേമയ്ക്കുള്ളത്.

Exit mobile version