108 മണിക്കൂര്‍ തുടര്‍ച്ചയായി പുല്ലാങ്കുഴല്‍ വായന; ഗിന്നസ് റെക്കോര്‍ഡ് ജേതാവ് മുരളി ഇന്ന് മരപ്പണിക്കാരന്‍, കുടുംബം പോറ്റാന്‍ നെട്ടോട്ടം

തൃശ്ശൂര്‍: ഗിന്നസ് റെക്കോര്‍ഡ് ജേതാവ് മുരളി നാരായണ്‍ ഇന്ന് മരപ്പണിക്കാരന്‍. കുടുംബം പോറ്റാനുള്ള നെട്ടോട്ടത്തിലാണ് മുരളി. തേക്കിന്‍കാട് മൈതാനത്ത് 2019-ല്‍ 108 മണിക്കൂര്‍ തുടര്‍ച്ചയായി പുല്ലാങ്കുഴല്‍ വായിച്ചതിനാണ് മുരളി റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്.

കേരളത്തെയാകെ വിസ്മയിപ്പിച്ച പുല്ലാങ്കുഴല്‍ വാദനത്തിന്റേതായി വന്ന ചെലവില്‍ 15 ലക്ഷം രൂപ കടമായുണ്ട്. കോവിഡ് ഇല്ലായിരുന്നെങ്കില്‍ ഈ പ്രതിസന്ധി ഉണ്ടാവുമായിരുന്നില്ലെന്ന് മുരളി പറയുന്നു. കലാമണ്ഡലം ക്ഷേമാവതി, മഞ്ജു വാരിയര്‍ എന്നിവരുടെ നൃത്തപരിപാടികളിലെ സ്ഥിരം പുല്ലാങ്കുഴല്‍വാദകനായിരുന്നു മുരളി.

ജര്‍മനിയില്‍ തനിയെ അവതരിപ്പിച്ച കച്ചേരി ഏറെ ശ്രദ്ധ നേടിയിരുന്നു. എസ്തോണിയ, ഫിലിപ്പീന്‍സ്, ഗള്‍ഫ് എന്നിവിടങ്ങളിലും അരങ്ങുകളിലെത്തി. കലാലോകത്തുനിന്ന് കിട്ടുന്ന വരുമാനത്തിന്റെ ഒരംശം ജീവകാരുണ്യ പ്രവര്‍ത്തനത്തിനും മുരളി ചെലവാക്കിയിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി എത്തിയ കൊവിഡും തുടര്‍ന്നുള്ള ലോക്ഡൗണും മുരളിയുടെ ജീവിതത്തെ തകിടം മറിക്കുകയായിരുന്നു.

ഭാര്യ ശെല്‍വവും മൂന്ന് പെണ്‍മക്കളും പ്രായമായ അമ്മയും അടങ്ങിയ കുടുംബത്തിന്റെ ഏക ആശ്രയമാണ് മുരളി.. കോവിഡിന്റെ ഇളവുകളില്‍ കലാകാരന്‍മാര്‍ക്ക് അവതരണത്തിനുള്ള അനുമതികൂടി നല്‍കണമെന്നാണ് ഇപ്പോള്‍ മുരളിയുടെ അഭ്യര്‍ത്ഥന.

Exit mobile version