പകല്‍ അര്‍ബുദരോഗിയായ അമ്മയുടെ പരിചരണം, രാത്രി അച്ഛനൊപ്പം മതിലു കെട്ടുന്ന പണി; കണ്ണൂരിലെ ടെസയുടെ മൂന്നാം റാങ്കിന് പത്തരമാറ്റ് തിളക്കം

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയുടെ എംഎസ്ഡബ്ല്യുവിനാണ് പരിയാരം സ്വദേശി ജോയിആലീസ് ദമ്പതികളുടെ മകള്‍ ടെസയ്ക്ക് മൂന്നാം റാങ്ക്. പകല്‍ അര്‍ബുദരോഗിയായ അമ്മയുടെ പരിചരണവും കഴിഞ്ഞ് രാത്രി അച്ഛനൊപ്പം മതിലു കെട്ടുന്ന പണിക്കും പോയി, ഇതിനിടയില്‍ ലഭിക്കുന്ന ചുരുങ്ങിയ സമയത്തിനുള്ളില്‍ പഠിച്ച് ടെസ നേടിയ മൂന്നാം റാങ്കിന് പത്തരമാറ്റ് തിളക്കമാണുള്ളത്.

പിലാത്തറ സെന്റ് ജോസഫ്‌സ് കോളേജിലാണ് ടെസ പഠനം പൂര്‍ത്തീകരിച്ചത്. നല്ല രീതിയില്‍ ജീവിതം മുന്‍പോട്ട് പോകവെയാണ്, 12 വര്‍ഷം മുന്‍പ് ടെസയുടെ അമ്മയ്ക്ക് തലച്ചോറില്‍ ട്യൂമര്‍ ബാധിക്കുന്നത്. അതുവരെയുണ്ടായിരുന്ന സമ്പാദ്യമെല്ലാം മുടക്കി അമ്മയെ ചികിത്സിച്ചു. എട്ടരയേക്കര്‍ സ്ഥലം വിറ്റ് 10 സെന്റിലേക്ക് മാത്രമായി ഒതുങ്ങി.

ഈ കാലയളവില്‍ അമ്മ ആലീസിന് അഞ്ചിലേറെ ശസ്ത്രക്രിയകള്‍ നടത്തി. റേഡിയേഷനും കീമോയും ചെയ്തു. പക്ഷേ, ഇപ്പോഴും കട്ടിലില്‍ നിന്ന് അനങ്ങാന്‍ പോലുമാകാത്ത സ്ഥിതിയിലാണ്. ഉടന്‍ ഒരു സര്‍ജറി കൂടി നടത്തണം. ഇതിനായുള്ള ഓട്ടത്തിലാണ് കുടുംബം. പകല്‍ സമയം മുഴുവന്‍ അമ്മയെ പരിചരിക്കലും വീട്ടു ജോലികളുമുണ്ട് ടെസയ്ക്കും അനുജത്തി അനീനയ്ക്കും. ഇതോടൊപ്പം നാലു പശുക്കളെയും പരിചരിക്കണം. വീട്ടുജോലികള്‍ മുഴുവന്‍ തീര്‍ത്ത ശേഷമാണ് അച്ഛനൊപ്പം ടെസ കെട്ടുപണിക്കു പോകുന്നത്.

അമ്മയുടെ ചികിത്സയ്ക്കും ടെസയുടെയും അനുജത്തിയുടെയും വിദ്യാഭ്യാസത്തിനും വീട്ടുചെലവുകള്‍ക്കുമുള്ള പണം കണ്ടെത്തുകയെന്ന വലിയ ഭാരം അച്ഛനെ കൊണ്ട് തന്നെ സാധിക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് ടെസയും മതിലുകെട്ടു പണിക്ക് ഇറങ്ങിയത്. ഇതിനിടെ നാലേക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് കപ്പയും വാഴയും കൃഷി ചെയ്‌തെങ്കിലും മൃഗശല്യം മൂലം വിളയാകെ നശിച്ചു. ജോയിആലീസ് ദമ്പതികളുടെ നാലു പെണ്‍മക്കളില്‍ മൂന്നാമത്തെയാളാണു ടെസ.

ബിഎസ്ഡബ്ല്യു 88 ശതമാനം മാര്‍ക്ക് നേടിയാണ് പാസായത്. അനുജത്തി ഇപ്പോള്‍ ബിഎസ്ഡബ്ല്യു വിദ്യാര്‍ഥിയാണ്. മൂത്ത സഹോദരിയെ വിവാഹം കഴിച്ചയച്ചു. ഒരു സഹോദരി അങ്കമാലിയില്‍ കന്യാസ്ത്രീയാണ്. കോതമംഗലത്ത് ഇന്റേണ്‍ഷിപ് ചെയ്യുകയാണ് ടെസ ഇപ്പോള്‍. ഈ പ്രാരാബ്ദങ്ങള്‍ക്കിടയിലും പഠിച്ച് ഉയര്‍ന്ന മാര്‍ക്ക് നേടിയ ഈ മിടുക്കിക്ക് ഇപ്പോള്‍ അഭിനന്ദന പ്രവാഹമാണ്.

Exit mobile version