ഗൂഗിള്‍ മാപ്പ് ചതിച്ചു; വഴിതെറ്റി കുടുംബം മൂന്നാര്‍ വനത്തില്‍ കുടുങ്ങിയത് 9 മണിക്കൂറോളം, സംഘത്തില്‍ ഗര്‍ഭിണിയായ യുവതിയും, സംഭവം ഇങ്ങനെ

Munnar Forest | Bignewslive

മൂന്നാര്‍: ഗൂഗിള്‍ മാപ്പ് നോക്കി എത്തിയ കുടുംബം മൂന്നാറിലെ വനത്തില് കുടുങ്ങിയത് ഒമ്പത് മണിക്കൂറോളം. യു.എന്‍. ഉദ്യോഗസ്ഥനും കുടുംബവുമാണ് മൂന്നാറില്‍ നിന്നുള്ള മടക്ക യാത്രയില്‍ കുടുങ്ങിയത്. ഒടുവില്‍ അഗ്നിരക്ഷാ സേന നടത്തിയ നീണ്ട തെരച്ചിലിനൊടുവിലാണ് കുടുംബത്തെ രക്ഷിച്ചത്.

യു.എന്‍-ന്റെ കീഴിലുള്ള ഇന്റര്‍നാഷനല്‍ ഹ്യൂമന്‍ റൈറ്റസ് ഓര്‍ഗനൈസേഷന്റെ ഇന്ത്യയിലെ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ നവാബ് വാഹിദ്, ഭാര്യ നെയ്മ, അടുത്ത ബന്ധുവായ യുവതി എന്നിവരാണ് ശനിയാഴ്ച രാത്രി ദേവികുളത്തിന് സമീപമുള്ള കുറ്റിയാര്‍വാലിയിലെ വനമേഖലയില്‍പെട്ടത്. തൃശ്ശൂര്‍ പുഴയ്ക്കല്‍ സ്വദേശിയാണ് നവാബ് വാഹിദ്.

ഔദ്യോഗിക ആവശ്യത്തിനായാണ് സംഘം മൂന്നാറിലെത്തിയത്. ഗൂഗിള്‍ മാപ്പ് നോക്കിയായിരുന്നു യാത്ര. മടക്ക യാത്രയില്‍ വഴിതെറ്റി വനത്തില്‍പ്പെട്ട ഇവരുടെ വാഹനം ചെളിയില്‍ പുതഞ്ഞു പോകുകയുമായിരുന്നു. വന്യജീവികള്‍ ഏറെയുള്ള കാട്ടില്‍ ഗര്‍ഭിണിയായ ഭാര്യയുമായി കുടുങ്ങിയ നവാബ് വാഹിദ് എമര്‍ജന്‍സി നമ്പരായ 101-ല്‍ വിവരമറിയിച്ചു.

തുടര്‍ന്ന് മൂന്നാര്‍ അഗ്‌നിരക്ഷാസേനാംഗങ്ങള്‍ മേഖലയില്‍ തെരച്ചില്‍ നടത്തി. ദേവികുളം, ലക്കാട്, മാനില, മാട്ടുപ്പട്ടി എന്നിവടങ്ങളിലെ എസ്റ്റേറ്റുകളിലും വനത്തിലും തിരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്തിയില്ല. പുലര്‍ച്ചെ 5.20-ന് ദേവികുളം റോഡില്‍നിന്നു ഗൂഡാര്‍വിള റോഡിലൂടെ കടന്നുപോയ അഗ്‌നിരക്ഷാസേനാ വാഹനത്തിന്റെ ബ്ലിങ്കര്‍ ലൈറ്റ് കണ്ടതോടെ നവാബ് നിര്‍ത്താതെ ഹോണ്‍ മുഴക്കുകയായിരുന്നു.

ഇതോടെ സ്ഥലത്തെത്തിയ അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ വാഹനത്തിനുള്ളില്‍ കഴിഞ്ഞിരുന്നവരെ പുറത്തെത്തിച്ചശേഷം ചെളിയില്‍ പുതഞ്ഞുകിടന്ന വാഹനം പണിപ്പെട്ട് മാറ്റുകയും ചെയ്തു.

Exit mobile version