ചിത്രം വരയ്ക്കാന്‍ ബ്രഷ് ഓര്‍ഡര്‍ ചെയ്തു; കിട്ടിയത് നിലം തുടക്കുന്ന ബ്രഷ്, ഫ്‌ളിപ്കാര്‍ട്ടിനെതിരെ ചിത്രകാരന്‍ കണ്ണന്‍

ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയായ ഫ്‌ളിപ്പ് കാര്‍ട്ടില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത അനുഭവം പങ്കുവെച്ച് ചങ്ങനാശ്ശേരി സ്വദേശിയായ പ്രശസ്ത ചിത്രകാരന്‍ കണ്ണന്‍. ചിത്രം വരയ്ക്കാന്‍ അക്രിലിക്ക് ബ്രഷുകള്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍ നിലം തുടയ്ക്കുന്ന ബ്രഷ് ലഭിച്ച വിവരമാണ് അദ്ദേഹം പങ്കുവെച്ച് രംഗത്തെത്തിയത്.

ജൂലായ് 30നാണ് കണ്ണന്‍ പ്രമുഖ ഓണ്‍ലൈന്‍ വെബ്സൈറ്റായ ഫ്ളിപ്പ്കാര്‍ട്ടില്‍ പെയിന്റിങ് ബ്രഷുകള്‍ ഓര്‍ഡര്‍ ചെയ്തത്. 600 രൂപ ഓണ്‍ലൈനായി അടയ്ക്കുകയും ചെയ്തു. പക്ഷെ വന്നതാകട്ടെ നിലം തുടക്കുന്ന ബ്രഷും. റീഫണ്ടിനായും ഉത്പന്നം മാറ്റിവാങ്ങുന്നതിനായും കമ്പനിക്ക് മെയില്‍ അയച്ചെങ്കിലും, ഇതുവരെയും പ്രതികരണം ലഭിച്ചിട്ടില്ലെന്നും കണ്ണന്‍ ആരോപിച്ചു.

ഇത്തരം സംഭവം ആദ്യമായല്ലെന്നും, തന്റെ പോസ്റ്റ് കണ്ടശേഷം ഒരുപാട് പേര്‍ ഇത്തരം അനുഭവങ്ങളുമായി തന്നെ വിളിച്ചുവെന്നും കണ്ണന്‍ കൂട്ടിച്ചേര്‍ത്തു. വളരെ അപൂര്‍വമായ ഉത്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ പലര്‍ക്കും ലഭിക്കാറുള്ളത് ഇത്തരത്തില്‍ യാതൊരു ബന്ധവുമില്ലാത്ത ഉത്പന്നങ്ങളായിരിക്കുമെന്നും, ഇത്തരം തെറ്റുകള്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റുകള്‍ക്ക് സ്ഥിരം സംഭവിക്കുന്നുണ്ടെന്നും കണ്ണന്‍ പറയുന്നു.

Exit mobile version