മരുന്നുകളോട് അലര്‍ജി ഉള്ളവര്‍ അനവധി, ടെസ്റ്റ് ഡോസിന് സംവിധാനമില്ല; കടയില്‍ പോകാന്‍ വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റെന്ന സര്‍ക്കാര്‍ നിബന്ധനയ്ക്കെതിരെ ഹര്‍ജി

Plea in High Court | Bignewslive

കൊച്ചി: കടകളില്‍ പോകാന്‍ വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നിബന്ധനയെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി. ചാലക്കുടി സ്വദേശി പോളി വടക്കനാണ് ഹൈക്കോടതിയെ സമീപിച്ചത്. സമൂഹത്തില്‍ മരുന്നുകളോട് അലര്‍ജി ഉള്ളവര്‍ക്കു ടെസ്റ്റ് ഡോസ് എടുത്തു വാക്‌സീന്‍ സ്വീകരിക്കാന്‍ സംവിധാനമില്ലാത്ത സാഹചര്യത്തെ ചൂണ്ടിക്കാണിച്ചാണ് പോളി വടക്കന്റെ ഹര്‍ജി.

അലര്‍ജി രോഗിയായ ഹര്‍ജിക്കാരന് ഏത് ഇംഗ്ലിഷ് മരുന്ന് എടുക്കുന്നതിനു മുമ്പും ടെസ്റ്റ് ഡോസ് സ്വീകരിക്കേണ്ടതുണ്ട്. വാക്‌സീന്‍ ടെസ്റ്റ് ഡോസ് ലഭിക്കുമോ എന്നറിയാന്‍ കളമശേരി മെഡിക്കല്‍ കോളജ് ഉള്‍പ്പടെ പല ആശുപത്രികളെ സമീപിച്ചെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മാര്‍ഗനിര്‍ദേശം നല്‍കിയിട്ടില്ലെന്നായിരുന്നു മറുപടി. ഇതു കാണിച്ച് ഡിഎംഒയ്ക്കു പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. അലര്‍ജി പ്രശ്‌നമുള്ളവര്‍ക്കു വാക്‌സീന്‍ നല്‍കാനാവില്ലെന്നാണ് ആശുപത്രികളുടെ നിലപാടെന്നും പോളി ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

സര്‍ക്കാരിന്റെ പുതിയ മാനദണ്ഡമനുസരിച്ചു വാക്‌സീന്‍ എടുത്തു രണ്ടാഴ്ച കഴിഞ്ഞവര്‍ക്കു മാത്രമാണു കടയിലൊ മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്കോ പുറത്തിറങ്ങാന്‍ സാധിക്കുക. അല്ലെങ്കില്‍ കോവിഡ് വന്നു മാറി ഒരു മാസം പൂര്‍ത്തിയാകാത്തവര്‍ക്കും 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും അനുവാദമുണ്ട്. എല്ലാ ദിവസവും ആര്‍ടിപിസിആര്‍ എടുക്കുക പ്രായാഗികമല്ലെന്നും ഈ ഉത്തരവ് പിന്‍വലിക്കണമെന്നും പോളി ആവശ്യപ്പെടുന്നു.

Exit mobile version