2 മാസത്തിനിടെ മൂന്നു വട്ടം സന്ദര്‍ശനം, നിരന്തരമായ യോഗങ്ങള്‍, ചടുലമായ ഇടപെടല്‍; ശരവേഗത്തില്‍ കുതിരാന്‍ തുറക്കാന്‍ ഇടയായത് മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രവര്‍ത്തനങ്ങള്‍, അഭിനന്ദന പ്രവാഹം

Kuthiran tunnel | Bignewslive

തിരുവനന്തപുരം: സ്വപ്ന പദ്ധതിയായ കുതിരാന്‍ തുറന്നപ്പോള്‍ കേരളം കയ്യടിക്കുന്നത് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായ മുഹമ്മദ് റിയാസിന്റെ ഇടപെടലിന്. ഓഗസ്ത് ഒന്നിന് ഒരു ടണല്‍ തുറക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ച നിമിഷം മുതല്‍ കുതിരാനുമായി ബന്ധപ്പെട്ട് മന്ത്രി റിയാസ് നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ കേരളം ചര്‍ച്ച ചെയ്യുന്നത്.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ചരക്കു കടത്തിനടക്കം ഉപയോഗിക്കുന്ന പ്രധാന പാതയായ വടക്കഞ്ചേരി – മണ്ണുത്തി ദേശീയ പാതയുടെ ഭാഗമാണ് കുതിരാന്‍. വാഹനവുമായി കുതിരാന്‍ മല കടന്നു കിട്ടണമെങ്കില്‍ മണിക്കൂറുകള്‍ കഴിയണം. ആശ്വാസകരമാവുന്ന കുതിരാന്‍ തുരങ്കപാതയാണെങ്കില്‍ പാതിവഴിയിലും. ഈ ദുരിതത്തിന് ഇന്ന് താല്‍ക്കാലിക ആശ്വാസമായിരിക്കുകയാണ്. കുതിരാന്‍ തുരങ്കപാതയിലെ പണികള്‍തീര്‍ത്ത് ഒരു ടണല്‍ തുറന്നുകൊടുത്തതിന്റെ സന്തോഷത്തിലാണ് പൊതുജനങ്ങള്‍.

ദേശീയപാതാ അതോറ്റിയുടെ കീഴില്‍ വരുന്ന പദ്ധതിയാണ് കുതിരാന്‍ തുരങ്ക പാത. 2009 ല്‍ ആരംഭിച്ച പദ്ധതി 2021 ആയിട്ടും പരിഹരിക്കാന്‍ സാധിച്ചില്ല. അന്തര്‍സംസ്ഥാന പാത എന്ന നിലയില്‍ സംസ്ഥാന വികസനത്തിന് തന്നെ ഇത് തടസ്സമായി. കുതിരാനിലെ വാഹന കുരുക്കും അപകടങ്ങളും കൂടി വരികയായിരുന്നു. അതുകൊണ്ട് തന്നെ സംസ്ഥാനത്തിന്റെ പൊതുവായ വിഷയം എന്ന നിലയ്ക്കാണ് കുതിരാന്‍ തുരങ്കവുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ വിലയിരുത്താന്‍ തീരുമാനിക്കുന്നത്.

2021 ജൂണ്‍ ആറിനാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്, സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി കെ രാജന്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു എന്നിവരുടെ നേതൃത്വത്തില്‍ തുരങ്കം സന്ദര്‍ശിക്കുന്നത്. ശേഷം, നിര്‍മ്മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ശ്രദ്ധയില്‍പ്പെട്ട വിഷയങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് 2021 ജൂണ്‍ 8 ന് മുഖ്യമന്ത്രി തന്നെ നേരിട്ട് നിര്‍മ്മാണ പ്രവൃത്തി വിലയിരുത്തിക്കൊണ്ട് യോഗം നടത്തി. ഓഗസ്റ്റ് ഒന്നിന് തന്നെ ഒരു ടണല്‍ തുറക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശവും നല്‍കി.

തുടര്‍ന്ന് 2021 ജൂണ്‍ 30 ന് പ്രവൃത്തി പുരോഗതി വിലയിരുത്താന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ മന്ത്രിതല യോഗം വിളിച്ചു. 2021 ജൂലൈ ആറിനും 15 നും മുഹമ്മദ് റിയാസ് നേരിട്ട് സന്ദര്‍ശനം നടത്തി. പ്രവൃത്തി പുരോഗതി വിലയിരുത്തി. വേണ്ട നിര്‍ദ്ദേശങ്ങള്‍ കൃത്യമായി നല്‍കി. അതാത് സമയം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. പിന്നീട് കുതിരാന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന തൃശൂര്‍ കളക്ടര്‍ ആയിരുന്ന ഷാനവാസ് ഐഎഎസ് ,കളക്ടര്‍ ചുമതലയില്‍ നിന്ന് മാറിയപ്പോള്‍ കുതിരാന്‍ സ്പെഷല്‍ ഓഫീസറായി പ്രത്യേക ചുമതല നല്‍കി

കുതിരാനില്‍ 24 മണിക്കൂറും ജോലി ചെയ്യുന്നതിന് അനുമതി ലഭ്യമാക്കുകയും ചെയ്തു. ഫയര്‍ ആന്റ് സേഫ്റ്റി സുരക്ഷാപരിശോധന വേഗത്തിലാക്കാന്‍ കേരള ഫയര്‍ & സേഫ്റ്റി ഡയറക്ടര്‍ ജനറല്‍ ഡോ. ബി സന്ധ്യ ഐപിഎസുമായി മുഹമ്മദ് റിയാസ് നേരിട്ട് സംസാരിക്കുകയും സുരക്ഷാ പരിശോധന വേഗത്തിലാക്കുകയും ചെയ്തു.

ചെറുപ്പത്തിന്റെ ചുറുചുറുക്കോടെ ശരവേഗത്തില്‍ കാര്യങ്ങള്‍ നീക്കി മന്ത്രി റിയാസ് മുഖ്യമന്ത്രിയുടെ നിര്‍ദേശം നടപ്പിലാക്കി. അതായത് ഓഗസ്റ്റ് 1 ന് ഒരു ദിവസം മുന്‍പേ തന്നെ കുതിരാന്‍ ജനങ്ങള്‍ക്കായി തുറന്നു. എന്നാല്‍ ഈ പ്രവര്‍ത്തനങ്ങളെയെല്ലാം പാടെ തള്ളികൊണ്ടായിരുന്നു കേന്ദ്ര സര്‍ക്കാര്‍ കുതിരാന്‍ തുറക്കുന്നുവെന്ന പ്രഖ്യാപനം നടത്തിയത്. മന്ത്രിയുടെ ഇടപെടലുകളെ പോലും മാനിക്കാതെ മുന്നറിയിപ്പ് പോലും നല്‍കാതെ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ട്വിറ്ററിലൂടെ കുതിരാന്‍ തുരങ്കപാത തുറക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. പ്രഖ്യാപനത്തിന് ശേഷമാണ് ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം കൈമാറിയത്.

ഈ നടപടിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. സര്‍ക്കാരുമായി യാതൊരു വിധത്തിലുമുള്ള കൂടിയാലോചനകള്‍ നടത്താതെയുള്ള പ്രഖ്യാപനം അമ്പരപ്പ് ഉളവാക്കുന്നതുകൂടിയാണ്. വ്യാപക പ്രതിഷേധമുയരുമ്പോഴും സൗമ്യമായ പ്രതികരണമാണ് മന്ത്രി മുഹമ്മദ് റിയാസ് നടത്തിയത്.

‘തുരങ്കം പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ട കുറച്ചു കാര്യങ്ങളുണ്ട്. അതിലാണ് ഞങ്ങള്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗത്തില്‍ ആഗസ്റ്റ് ഒന്നിന് തുരങ്കം തുറക്കാന്‍ ധാരണയായിരുന്നു. ആ ദിവസത്തിന് മുന്‍പേ തന്നെ കാര്യങ്ങളെല്ലാം ശരിയായതില്‍ സന്തോഷമുണ്ട്. തുരങ്കത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ തര്‍ക്കത്തിനില്ല. കപ്പ് ഏറ്റെടുക്കാനുള്ള മത്സരമല്ല ഇവിടെ നടക്കുന്നത്. അടുത്ത ടണല്‍ എങ്ങനെ തുറക്കുമെന്നാണ് നമ്മള്‍ ആലോചിക്കുന്നതെന്ന് മന്ത്രി റിയാസ് പ്രതികരിച്ചു.

അക്ഷരാര്‍ത്ഥത്തില്‍ ഈ വാക്കുകളാണ് കേന്ദ്രത്തിനുള്ള മുഖമടച്ചുള്ള മറുപടിയെന്ന് സോഷ്യല്‍മീഡിയയും ഒന്നടങ്കം പറഞ്ഞു. ഒരു നിമിഷത്തിലുള്ള കേന്ദ്ര ഇടപെടല്‍ അല്ല, മറിച്ച് നിരന്തമായി ഇടപെടല്‍ നടത്തി കുതിരാന്‍ തുറന്ന് നല്‍കുന്നതിന് വേണ്ട തീരുമാനങ്ങള്‍ എടുത്ത പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ പ്രവര്‍ത്തനങ്ങള്‍ എടുത്ത് പറഞ്ഞാണ് സോഷ്യല്‍ മീഡിയ അഭിനന്ദിക്കുന്നത് .അതെ സമയം സംസ്ഥാന സര്‍ക്കാരിന്റെയും മന്ത്രിയുടെയും ഇടപെടല്‍ കാണാതെ കണ്ണടച്ച് ഇരുട്ടാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെയും മുരളീധരന്റെയും പ്രതികരണങ്ങളെ വിമര്‍ശിക്കാനും സോഷ്യല്‍മീഡിയ മടിക്കുന്നില്ല

കുതിരാനിലെ ഗതാഗതക്കുരുക്കും അപകടങ്ങളും ഒഴിവാക്കുന്നതിന് വേണ്ടിയാണ് തുരങ്ക നിര്‍മ്മാണ പദ്ധതി ആരംഭിച്ചത്. 962 മീറ്റര്‍ നീളമാണ് കുതിരാന്‍ തുരങ്കത്തിനുള്ളത്. 14 മീറ്റര്‍ വീതിയും 10 മീറ്റര്‍ ഉയരവുമുണ്ട്. ഇരുതുരങ്കങ്ങളും തമ്മില്‍ ബന്ധിപ്പിക്കുന്നതിനായി 300, 600 മീറ്ററുകളില്‍ രണ്ട് ഇടതുരങ്കങ്ങളും നിര്‍മിച്ചിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കാനാണ് ഇവ നിര്‍മിച്ചത്.

Exit mobile version