നഷ്ടപരിഹാരം കെട്ടിവെയ്ക്കുന്നതില്‍ വീഴ്ച; ദിവ്യ എസ് അയ്യരുടെ ഔദ്യോഗിക വാഹനമുള്‍പ്പടെ 23 വാഹനങ്ങള്‍ ജപ്തി ചെയ്യാന്‍ ഉത്തരവ്

Divya S Iyer | Bignewslive

പത്തനംതിട്ട: ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ ഐഎഎസിന്റെ ഔദ്യോഗിക വാഹനം ഉള്‍പ്പടെ, ഇരുപത്തിമൂന്ന് വാഹനങ്ങള്‍ ജപ്തി ചെയ്ത് വില്‍ക്കാന്‍ കോടതി ഉത്തരവ്. പത്തനംതിട്ട സബ് ജഡ്ജ് എം ഐ ജോണ്‍സണിന്റേതാണ് ഉത്തരവ്. പത്തനംതിട്ടയിലെ ബി-1, ഡി-1 റിങ് റോഡിന് വേണ്ടി സര്‍ക്കാര്‍ ഏറ്റെടുത്ത വസ്തുവിന് നന്നുവക്കാട് കല്ലുപുരക്കല്‍ പി ടി കുഞ്ഞമ്മയ്ക്ക് കോടതി അനുവദിച്ച നഷ്ടപരിഹാരം കെട്ടിവെയ്ക്കുന്നതിലാണ് വീഴ്ചയുണ്ടായതിനെ തുടര്‍ന്നാണ് നടപടി.

2010 ജനുവരിയില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിക്ക് 2012 മാര്‍ച്ചില്‍ കോടതി കൂടുതല്‍ നഷ്ടപരിഹാരം അനുവദിച്ച് ഉത്തരവിടുകയായിരുന്നു. ഇതിനെതിരേ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ 2018-ല്‍ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു.

എന്നാല്‍ തുടര്‍ന്നും നഷ്ടപരിഹാരം കെട്ടിവെയ്ക്കാന്‍ കാലതാമസം വരുത്തി. പിന്നാലെയാണ് നടപടി. 1,14,16,092 രൂപയാണ് കുടിശ്ശിക. അഡ്വ. അനില്‍ പി നായര്‍, അഡ്വ. കെ പ്രവീണ്‍ ബാബു എന്നിവര്‍ മുഖാന്തരം നല്‍കിയ ഹര്‍ജിയിലാണ് ജപ്തി നടപടികള്‍ക്ക് ഉത്തരവിട്ടത്.

Exit mobile version