ഇരുകൈകളുമില്ല, കാലുകൊണ്ട് പരീക്ഷയെഴുതി; എസ്എസ്എല്‍സിയിലെ മിന്നും വിജയം പ്ലസ് ടുവിലും ആവര്‍ത്തിച്ച് ദേവിക, നേടിയത് ഫുള്‍ എ പ്ലസ്

Vallikkunu Devika CP | Bignewslive

മലപ്പുറം: ഇരുകൈകളുമില്ലാതെ കാലുകള്‍ കൊണ്ട് പരീക്ഷയെഴുതിയ ദേവിക സിപിക്ക് മിന്നും വിജയം. എസ്എസ്എല്‍സിയില്‍ നേടിയ വിജയം തന്നെ പ്ലസ് ടുവിലും ദേവിക കൈവരിക്കുകയായിരുന്നു. ഫുള്‍ എ പ്ലസ് ആണ് ദേവിക സ്വന്തമാക്കിയത്. പത്താം ക്ലാസിലും മുഴുവന്‍ വിഷയത്തിനും ദേവിക എ പ്ലസ് നേടിയിരുന്നു.

വള്ളിക്കുന്ന് സി.ബി.എച്ച്.എസ്. സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് ദേവിക. ഹ്യൂമാനിറ്റീസായിരുന്നു ദേവികയുടെ വിഷയം. ഒലിപ്രംകടവിന് സമീപം താമസിക്കുന്ന ചോയിമഠത്തില്‍ പാതിരാട്ട് സജീവിന്റേയും സുജിതയുടേയും മകളായ ദേവിക ജനിച്ചതുതന്നെ ഇരുകൈകളുമില്ലാതെയാണ്. ഒടുവില്‍ അച്ഛനുമമ്മയും അവളെ കാലുകള്‍കൊണ്ട് എഴുതാന്‍ പഠിപ്പിച്ചു.

കാലുകൊണ്ട് എഴുതുന്നതിനു പുറമെ, മനോഹരമായ ചിത്രംവരയ്ക്കാനും ദേവികയ്ക്ക് കഴിയും. സ്വപ്നചിത്ര കോഴിക്കോട് ആര്‍ട്ട് ഗ്യാലറിയില്‍ ഭിന്നശേഷിക്കാര്‍ക്കായി സംഘടിപ്പിച്ച പ്രദര്‍ശനത്തില്‍ ദേവിക വരച്ച ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചിരുന്നു. സിവില്‍ സര്‍വീസ് നേടണമെന്നാണ് ദേവികയുടെ ആഗ്രഹം. സോഷ്യല്‍മീഡിയയും ഒന്നടങ്കം ദേവികയ്ക്ക് ആശംസകള്‍ നേര്‍ന്നു.

Exit mobile version