‘ഈ നേട്ടം തലമുറകള്‍ക്ക് പ്രചോദനം’ സെല്‍വമാരിയെ വിളിച്ച് അഭിനന്ദിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; രാജ്ഭവനിലേയ്ക്ക് ക്ഷണം

Kerala Governor | Bignewslive

കുമളി; കൂലിപ്പണിയെടുത്തും രാത്രി ഉറക്കമിളച്ചിരുന്ന് പഠിച്ചും സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപികയായി ജോലി നേടിയ സെല്‍വമാരിയെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വിളിച്ച അദ്ദേഹം, കഷ്ടപ്പാടുകള്‍ക്കിടയില്‍ നേടിയ വിജയത്തിന്റെ സന്തോഷത്തില്‍ പങ്കുചേരുന്നതായും ഈ നേട്ടം തലമുറകള്‍ക്ക് പ്രചോദനമാകുമെന്നും പറഞ്ഞു.

രാജ്ഭവനിലേക്കുള്ള ക്ഷണംകൂടി അദ്ദേഹം നല്‍കി. ഗവര്‍ണറുടെ ഫോണ്‍ വിളി അപ്രതീക്ഷിതമായിരുന്നതിനാല്‍ കാര്യമായി ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ലെന്നും അടുത്തദിവസംതന്നെ അദ്ദേഹത്തെ നേരിട്ടുകാണുമെന്നും സെല്‍വമാരി അറിയിച്ചു. പഠനം നിര്‍ത്തണം, കല്യാണം കഴിക്കണമെന്ന ഉപദേശങ്ങളെ നിഷ്‌കരുണം തള്ളിമാറ്റിയാണ് കൂലിപ്പണിയെടുത്തും രാത്രി ഉറക്കമിളച്ചിരുന്നു പഠിച്ചുമാണ് സെല്‍മാരി അധ്യാപനത്തിലേയ്ക്ക് എത്തിയത്. നിശ്ചയദാര്‍ഢ്യം ഒന്നുകൊണ്ടു മാത്രമാണ് 28കാരി സെല്‍വകുമാരി വഞ്ചിവയല്‍ ഹൈസ്‌കൂള്‍ അധ്യാപികയായത്.

ചെറുപ്രായത്തിലാണ് ഇവരുടെ അച്ഛന്‍ ഉപേക്ഷിച്ചുപോയത്. പിന്നീട് ചോറ്റുപാറയിലെ ആ രണ്ടുമുറി വീട്ടില്‍നിന്ന് ജീവിതം കരയ്ക്കടുപ്പിക്കാനുള്ള പോരാട്ടത്തിലായിരുന്നു സെല്‍വമാരി. മൂന്ന് പെണ്‍മക്കള്‍ക്ക് അമ്മ സെല്‍വമായിരുന്നു എല്ലാം. ഏലമലക്കാടുകളില്‍ പണിയെടുത്ത് അവര്‍ കുടുംബം പോറ്റി. അമ്മ ഒറ്റയ്ക്ക് കഷ്ടപ്പെടുന്നത് കണ്ടപ്പോഴാണ് സെല്‍മാരിയും അമ്മയെ സഹായിക്കാന്‍ കൂലിപ്പണിക്ക് ഇറങ്ങിയത്. ആ വേളയിലും പഠിച്ച് ഉദ്യോഗം നേടണമെന്ന ആഗ്രഹം മനസില്‍ പാറപോല്‍ ഉറച്ചിരുന്നു.

ചോറ്റുപാറ ജി.എല്‍.പി. സ്‌കൂള്‍, മുരിക്കടി സ്‌കൂള്‍ എന്നിവിടങ്ങളിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം തമിഴ്‌നാട്ടിലായിരുന്നു പ്ലസ്ടു പഠനം. ഉന്നതവിജയം നേടി. തുടര്‍ന്ന് തിരുവനന്തപുരം ഗവ. വിമന്‍സ് കോളേജില്‍ ബിരുദപഠനം നടത്തി. ഗണിതമായിരുന്നു ഐശ്ചിക വിഷയം. തമിഴ് മീഡിയത്തില്‍നിന്നും എത്തിയതിനാല്‍ മലയാളം തീരെ വശമില്ലായിരുന്നു. ഇംഗ്ലീഷും അത്ര പോരാ. ഒറ്റപ്പെടലുകള്‍ അനുഭവപ്പെട്ടുതുടങ്ങിയപ്പോള്‍ പഠനമുപേക്ഷിച്ചാലോ എന്നുവരെ ആലോചിച്ചു. എന്നാല്‍, ഏലമലക്കാട്ടില്‍ കഷ്ടപ്പെടുന്ന അമ്മയുടെ മുഖമാണ് മനസില്‍ തെളിഞ്ഞതോടെ എല്ലാ പ്രതിസന്ധികളെയും സെല്‍വമാരി തരണം ചെയ്ത് മുന്‍പോട്ടു പോവുകയായിരുന്നു.

Exit mobile version