ജ്വല്ലറിയില്‍ ജീവനക്കാരെ കെട്ടിയിട്ടു; 15 കിലോ വെള്ളി ആഭരണങ്ങളും നാലുലക്ഷം രൂപയും കവര്‍ന്നു, ഞെട്ടിച്ച് കാസര്‍കോട്ടെ കവര്‍ച്ച

കാസര്‍കോട്: ജില്ലയിലെ ജ്വല്ലറിയില്‍ ജീവനക്കാരെ കെട്ടിയിട്ട് വന്‍ കവര്‍ച്ച. 15 കിലോ വെള്ളിയാഭരണങ്ങളും വാച്ചുകളും നാലുലക്ഷം രൂപയുമാണ് ദേശീയപാതയോരത്തുള്ള രാജധാനി ജ്വല്ലറിയില്‍ നിന്ന് കവര്‍ന്നത്. അന്തര്‍സംസ്ഥാന മോഷണ സംഘമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം.

ഇന്നു പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ഹൊസങ്കടിയിലെ രാജധാനി ജ്വല്ലറിയില്‍ മോഷ്ടാക്കള്‍ അതിക്രമിച്ചു കയറിയത്. കാറിലെത്തിയ മോഷണ സംഘം സെക്യൂരിറ്റി ജീവനക്കാരനെ കെട്ടിയിട്ട് മര്‍ദ്ദിച്ച ശേഷം ജ്വല്ലറിയുടെ പൂട്ട് തകര്‍ത്ത് അകത്ത് കടക്കുകയായിരുന്നു. പതിനഞ്ച് കിലോ വെള്ളിയാഭരണങ്ങളും വാച്ചുകളും നാലു ലക്ഷം രൂപയോളമാണ് നഷ്ടപ്പെട്ടത്. സ്വര്‍ണാഭരണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ലോക്ക് തുറക്കാന്‍ സാധിക്കാത്തതിനാല്‍ നഷ്ടപ്പെട്ടിട്ടില്ല.

സംഭവ സ്ഥലത്ത് പോലീസ് ഡോഗ് സ്വാകാഡും വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തി. ജ്വല്ലറിയിലെ സിസി ടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. മംഗളൂരു, ഉള്ളാല്‍, ഉപ്പള സ്വദേശികളായ ഏഴംഗ കവര്‍ച്ചാസംഘത്തെ കേന്ദ്രീകരിച്ച് കാസര്‍ഗോഡ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.

Exit mobile version