എന്റെ അറിവില്ലായ്മ, വിദ്യാഭ്യാസമല്ല മന്ത്രിയാകാനുള്ള മാനദണ്ഡമെന്ന് തിരിച്ചറിഞ്ഞു; എംഎം മണിക്കെതിരായ പരാമര്‍ശം തിരുത്തി ജൂഡ് ആന്റണി, നടി പാര്‍വതിയോടും മാപ്പ്

Jude Anthany Joseph | Bignewslive

മുന്‍ വൈദ്യുത മന്ത്രി എംഎം മണിക്കും നടി പാര്‍വതിക്കും എതിരായ പരാമര്‍ശങ്ങളില്‍ തെറ്റുപറ്റിയെന്ന് സമ്മതിച്ച് സംവിധായകന്‍ ജൂഡ് ആന്റണി. പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആദ്യം തെറ്റ് ഏറ്റുപറഞ്ഞത് എംഎം മണിയോടായിരുന്നു. എംഎം മണി മന്ത്രിയായപ്പോള്‍ ‘സ്‌കൂളില്‍ പോകേണ്ടിയിരുന്നില്ല’ എന്ന് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടത് അറിവില്ലായ്മ കൊണ്ടായിരുന്നു. സ്‌കൂളില്‍ പോകാന്‍ പറ്റാതിരുന്ന ബാല്യകാലം അദ്ദേഹത്തിന് ഉണ്ടായിരുന്നുവെന്നും ജീവിതാനുഭവങ്ങള്‍ ഏറെയുള്ള ആളാണെന്നും പിന്നീടാണ് അറിഞ്ഞത്.

വിദ്യാഭ്യാസമല്ല മന്ത്രിയാകാനുള്ള മാനദണ്ഡമെന്ന തിരിച്ചറിവും പിന്നീടാണ് ഉണ്ടായത്. അതെനിക്ക് പറ്റിയ തെറ്റായിരുന്നു. രണ്ടാമത് അദ്ദേഹം എംഎല്‍എ ആയപ്പോള്‍ മനസ് നിറഞ്ഞ് അഭിനന്ദിച്ചുവെന്നും ജൂഡ് പറയുന്നു. ശേഷം, നടി പാര്‍വതിയോടുമുള്ള പരാമര്‍ശത്തില്‍ ഡൂഡ് തെറ്റ് ഏറ്റു പറഞ്ഞു. മലയാള സിനിമയിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് പാര്‍വതി നടത്തിയ വെളിപ്പെടുത്തലിനോടുള്ള പരാമര്‍ശത്തിലാണ് താരം മാപ്പ് പറഞ്ഞത്.

‘ അന്നത്തെ പോസ്റ്റിടാന്‍ കാരണം മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ചുണ്ടെന്ന് ഏതോ ഹിന്ദി അഭിമുഖത്തില്‍ പാര്‍വതി പറഞ്ഞതായി മലയാളം ഓണ്‍ലൈനില്‍ വന്ന വാര്‍ത്തയാണ്. അവര്‍ സത്യത്തില്‍ അങ്ങനെ പറഞ്ഞിട്ടുണ്ടോ എന്ന് പോലും എനിക്ക് അറിയില്ല. പക്ഷേ സത്യത്തില്‍ അത് കേട്ടപാതി കേള്‍ക്കാത്ത പാതി എനിക്ക് നല്ല ദേഷ്യം വന്നു. കാരണം എന്റെ സിനിമയിലോ എന്റെ കൂട്ടുകാരുടെ സിനിമകളിലോ എനിക്ക് അറിയാവുന്നവരുടെ സിനിമകളിലോ ഞാനത് കേട്ടിട്ടു പോലുമില്ല. ഒരാള്‍ക്ക് അങ്ങനെ അനുഭവമുണ്ടായിട്ടുണ്ടെങ്കില്‍ അപ്പോള്‍ മറുപടി നല്‍കുകയാണ് വേണ്ടത്. പക്ഷേ അങ്ങനെ പറയേണ്ടതിന് പകരം ഞാന്‍ വളരെ മോശം വാക്കുകളാണ് ഉപയോഗിച്ചത്. ആ പോസ്റ്റിട്ടപ്പോള്‍ തന്നെ ഭാര്യ എന്നോട് പറഞ്ഞു ‘നിങ്ങള്‍ സ്ത്രീ വിരുദ്ധതയാണ് ഇട്ടിരിക്കുന്നത്, മാറ്റണം’ എന്ന്. പക്ഷേ അപ്പോഴേക്കും പോസ്റ്റ് വൈറലായി പോയിരുന്നുവെന്നും ജൂഡ് പറഞ്ഞു.

Exit mobile version