കുഞ്ഞിന്റെ ചികിത്സാചെലവിന് 30 ലക്ഷം സഹായം തേടി; അക്കൗണ്ടിലെത്തിയത് 41 ലക്ഷം; ബാക്കി വന്ന പതിനൊന്ന് ലക്ഷം നിര്‍ധനരോഗികളുടെ ചികിത്സയ്ക്ക് മാറ്റിവെച്ച് കുടുംബം

അഞ്ചു ദിവസത്തിനകം അക്കൗണ്ടിലെത്തിയത് 41 ലക്ഷം രൂപയാണ്. എന്നാല്‍ ചികിത്സയ്ക്കാവശ്യമായ പണം എടുത്ത് ബാക്കി 11 ലക്ഷം രൂപ 11 നിര്‍ധനരോഗികളുടെ ചികിത്സയ്ക്കായി പങ്കുവെച്ച് കുടുംബം മാതൃകയായി.

കൊടുങ്ങല്ലൂര്‍: നാലുവയസ്സുകാരന്റെ മജ്ജമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വേണ്ടി സാമൂഹികമാധ്യമങ്ങളിലൂടെ സഹായം തേടിയത് 30 ലക്ഷം രൂപയ്ക്ക്. അഞ്ചു ദിവസത്തിനകം അക്കൗണ്ടിലെത്തിയത് 41 ലക്ഷം രൂപയാണ്. എന്നാല്‍ ചികിത്സയ്ക്കാവശ്യമായ പണം എടുത്ത് ബാക്കി 11 ലക്ഷം രൂപ 11 നിര്‍ധനരോഗികളുടെ ചികിത്സയ്ക്കായി പങ്കുവെച്ച് കുടുംബം മാതൃകയായി.

എറിയാട് ഗാലക്‌സി ഓഡിറ്റോറിയത്തിന് പടിഞ്ഞാറുവശത്തുള്ള വലിയ വീട്ടില്‍ സിയാദ്-അനിത ദമ്പതിമാരുടെ മകന്‍ മെഹര്‍ അലിയുടെ മജ്ജമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കാണ് 30 ലക്ഷം രൂപ വേണ്ടി വന്നത്. മത്സ്യത്തൊഴിലാളിയായ സിയാദ് പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയിരുന്നു. ആകെയുണ്ടായിരുന്ന മൂന്ന് സെന്റും വീടും മകന്റെ ചികിത്സയ്ക്കായി വില്‍ക്കേണ്ടി വന്നു. ഇപ്പോള്‍ വല്യുമ്മയ്‌ക്കൊപ്പമാണ് താമസം.

എന്നാല്‍ കുടുംബത്തിന്റെ ദയനീയ അവസ്ഥ വിശദീകരിച്ചു കൊണ്ട് ജീവകാരുണ്യപ്രവര്‍ത്തകനായ ഫിറോസ് കുന്നുംപറമ്പിലാണ് സാമൂഹികമാധ്യമങ്ങളിലൂടെ സഹായമഭ്യര്‍ത്ഥിച്ചത്. അഞ്ചുദിവസംകൊണ്ട് 41 ലക്ഷം രൂപ അക്കൗണ്ടിലെത്തി.

26-ന് കുഞ്ഞിനെ മജ്ജമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി വെല്ലൂര്‍ക്ക് കൊണ്ടുപോകും. ആവശ്യത്തിലധികം പണം വന്നതിനെത്തുടര്‍ന്ന് അക്കൗണ്ട് അവസാനിപ്പിക്കുകയും അധികമുള്ള 11 ലക്ഷം രൂപ വിവിധ സ്ഥലങ്ങളില്‍ ചികിത്സാസഹായം തേടുന്ന 11 പേര്‍ക്ക് നല്‍കുകയുമായിരുന്നു.

ചടങ്ങില്‍ ഇടി ടൈസണ്‍ എംഎല്‍എ, എറിയാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനന്‍, നഗരസഭാ കൗണ്‍സിലര്‍ എംകെ സഹീര്‍, എസ്‌ഐ എ മുകുന്ദന്‍, ഫിറോസ് കുന്നുംപറമ്പില്‍, രാജേഷ് രാമന്‍ എന്നിവര്‍ പങ്കെടുത്തു.

Exit mobile version