കേരളത്തില്‍ വീണ്ടും തിമിംഗല ഛര്‍ദ്ദി വില്‍ക്കാന്‍ ശ്രമം; മൂന്നാറില്‍ അഞ്ചുപേര്‍ അറസ്റ്റില്‍, പിടികൂടിയ ഛര്‍ദ്ദിക്ക് വിപണിയില്‍ അഞ്ചു കോടി രൂപ വില!

മൂന്നാര്‍: കേരളത്തില്‍ വീണ്ടും തിമിംഗല ഛര്‍ദ്ദി വില്‍ക്കാന്‍ ശ്രമം. അഞ്ചു കോടി രൂപ വില മതിക്കുന്ന ഛര്‍ദി (ആംബര്‍ഗ്രിസ്) ആണ് വില്‍ക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ അഞ്ചു പേര്‍ അറസ്റ്റിലായി. വനം വകുപ്പ് ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്. പഴയ മൂന്നാര്‍ സ്വദേശി മുനിയസ്വാമി (48), ഇയാളുടെ സഹോദരന്‍ തമിഴ്നാട് വത്തലഗുണ്ഡില്‍ താമസിക്കുന്ന മുരുകന്‍ (42), വത്തലഗുണ്ട് സ്വദേശി രവികുമാര്‍ (40), തേനി എരുമചോല സ്വദേശി വേല്‍മുരുകന്‍ (43), തേനി കല്ലാര്‍ സ്വദേശി സേതു (21) എന്നിവരാണ് പിടിയിലായത്.

തമിഴ്നാട് സ്വദേശികളുടെ നേതൃത്വത്തില്‍ മൂന്നാറില്‍ ആംബര്‍ഗ്രിസ് കൈമാറാന്‍ ശ്രമിക്കുന്നതായ രഹസ്യവിവരം വനംവകുപ്പ് വിജിലന്‍സ് വിഭാഗത്തിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പഴയ മൂന്നാറിലെ ലോഡ്ജില്‍നിന്നു വെള്ളിയാഴ്ച വൈകീട്ട് അഞ്ചു പേരും കുടുങ്ങിയത്.

ഇവരില്‍നിന്നു പിടിച്ചെടുത്ത ആംബര്‍ഗ്രിസ് പെര്‍ഫ്യൂം നിര്‍മാണത്തിനും വിദേശമദ്യ നിര്‍മാണത്തിനുമാണ് ഉപയോഗിക്കുന്നത്. ആംബര്‍ഗ്രിസ് ലഭിച്ചത് എവിടെനിന്നെന്നും ആര്‍ക്കാണ് കൈമാറാന്‍ കൊണ്ടുവന്നതെന്നും അറിയാന്‍ ഇവരെ ചോദ്യം ചെയ്തു വരികയാണ്.

Exit mobile version