ശബരിമലയില്‍ ഉറക്കുപാട്ട് ‘ഹരിവരാസനം’ തന്നെ; മറിച്ചുള്ള പ്രചാരണം അടിസ്ഥാന രഹിതമെന്ന് ദേവസ്വം ബോര്‍ഡ്

Harivarasanam song | Bignewslive

തിരുവനന്തപുരം: ശബരിമലയില്‍ ഉറക്കുപാട്ട് ‘ഹരിവരാസനം’ തന്നെയാണെന്നും മറിച്ചുള്ള പ്രചാരണം അടിസ്ഥാന രഹിതമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ശബരിമലയില്‍ അയ്യപ്പസ്വാമിയുടെ ഉറക്കുപാട്ടായ ‘ഹരിവരാസനം’ ഒഴിവാക്കി മറ്റേതോ പാട്ട് ശബരിമല ശ്രീകോവില്‍ നട അടയ്ക്കുന്ന സമയത്ത് പാടുകയും അത് ഉച്ചഭാഷിണിയിലൂടെ കേള്‍പ്പിക്കുകയും ചെയ്യുന്നുവെന്ന്കാണിച്ച് ഫേസ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ ചിലര്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായും അത്തരം വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു പറഞ്ഞു.

ശബരിമലയെയും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിനെയും ബോധപൂര്‍വ്വം അപകീര്‍ത്തിപ്പെടുത്തുന്നതാണ് ഇത്തരം വാര്‍ത്തകളെന്നും അയ്യപ്പഭക്തര്‍ ഇത് തിരിച്ചറിയണമെന്നും പ്രസിഡന്റ് വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. ശബരിമലയില്‍ വര്‍ഷങ്ങളായി പാടുന്ന ഉറക്കുപാട്ട് ആയ ‘ഹരിവരാസനം’ തന്നെയാണ് ശ്രീകോവിലിനുള്ളില്‍ മേല്‍ശാന്തിയും മറ്റ് ശാന്തിമാരും ചേര്‍ന്ന് ഇപ്പോഴും പാടുന്നത്.

ഗാനഗന്ധര്‍വ്വന്‍ പത്മശ്രീ ഡോ. കെജെ യേശുദാസ് ആലപിച്ച ഹരിവരാസനം ആണ് ഉച്ചഭാഷിണിയിലൂടെയും കേള്‍പ്പിക്കുന്നത്. ഇതില്‍ ഏതൊരു മാറ്റവും വന്നിട്ടില്ലെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

Exit mobile version