അക്ഷരമുത്തശ്ശി ഭാഗീരഥിയമ്മ വിടവാങ്ങി; പത്താംതരം പരീക്ഷ എഴുതണമെന്ന മോഹവും സുരേഷ് ഗോപിയെ നേരില്‍ കാണണമെന്ന ആഗ്രഹവും ബാക്കിയാക്കി മടക്കം

Bhageerathiyamma | Bignewslive

കൊല്ലം: അക്ഷര മുത്തശ്ശി കൊല്ലം പ്രാക്കുളം സ്വദേശിനി നന്ദി ധാമില്‍ ഭാഗീരഥിയമ്മ വിടവാങ്ങി. 107 വയസായിരുന്നു. വാര്‍ധക്യസഹജമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് അവശനിലയിലായിരുന്നു. വ്യാഴാഴ്ച രാത്രി 11.55ഓടെ കൊല്ലം പ്രാക്കുളത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ഏഴാംതരം വിജയിച്ച്, പത്താംതരം പരീക്ഷ എഴുതണമെന്നും നടന്‍ സുരേഷ് ഗോപിയെ നേരില്‍ കണ്ട് സംസാരിക്കണമെന്നുമുള്ള മോഹം ബാക്കിയാക്കിയാണ് ഭാഗീരഥിയമ്മയുടെ മടക്കം.

സംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ഔദ്യോഗിക ബഹുമതികളോടെ പ്രാക്കുളത്തെ വീട്ടുവളപ്പില്‍ നടക്കും. രാജ്യത്തെ സ്ത്രീകള്‍ക്ക് നല്‍കുന്ന പരമോന്നത ബഹുമതിയായ നാരീശക്തി പുരസ്‌കാര ജേതാവു കൂടിയാണ് ഭാഗീരഥിയമ്മ. നാലാംതരം തുല്യതാ പരീക്ഷയില്‍ 75 ശതമാനവും കണക്ക് പരീക്ഷയ്ക്ക് നൂറു ശതമാനവും മാര്‍ക്ക് വാങ്ങിയാണ് അക്ഷര മുത്തശ്ശി ജയിച്ചത്. ഈ നേട്ടം കൈവരിച്ചതിന് കഴിഞ്ഞ വര്‍ഷം ഫെബ്രുവരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി മന്‍കീ ബാത്തിലൂടെ ഭാഗീരഥിയമ്മയെ പ്രശംസിച്ചിരുന്നു. കൊല്ലം പ്രാക്കുളത്ത് 1914ലായിരുന്നു ഭാഗീരഥിയമ്മയുടെ ജനനം.

മാതാവ് മരിച്ചശേഷം ഇളയ സഹോദരങ്ങളെ പരിപാലിക്കേണ്ടി വന്നതിനാലാണ് ചെറിയ പ്രായത്തില്‍ തന്നെ വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടി വന്നത്. പ്രായം പഠനത്തിന് തടസ്സമല്ലെന്ന് തെളിയിച്ച് 105ാം വയില്‍ 275ല്‍ 205 മാര്‍ക്ക് നേടിയാണ് അവര്‍ തുല്യതാപരീക്ഷ പാസായത്. സംസ്ഥാന സാക്ഷരതാ മിഷന്‍ പരിപാടിയിലെ ഏറ്റവും പ്രായമുള്ള തുല്യതാ പഠിതാവും ഭാഗീരഥിയമ്മയായിരുന്നു.

Exit mobile version