സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധം സമ്പൂര്‍ണ്ണ പരാജയം; സര്‍ക്കാര്‍ ഡോക്ടര്‍മാരെ പരിഹസിച്ച് വി മുരളീധരന്‍

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ രീതിയെയും സര്‍ക്കാര്‍ ഡോക്ടര്‍മാരെയും പരിഹസിച്ച് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. കേരളത്തിന്റെ കൊവിഡ് പ്രതിരോധം സമ്പൂര്‍ണ്ണ പരാജയമാണെന്നും, മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും ഒരു താലൂക്ക് ആശുപത്രിയിലെ ജൂനിയര്‍ ഡോക്ടറുടെ ബുദ്ധിയും കഴിവും ഉപയോഗിച്ചുകൊണ്ടാണ് കോവിഡിനെ നേരിട്ടുകൊണ്ടിരുന്നതെന്നും വി മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഞങ്ങള്‍ പ്രത്യേകമായ രീതിയിലാണ് കോവിഡിനെ നേരിടുന്നതെന്നാണ് പറഞ്ഞുകൊണ്ടിരുന്നത്. ആ രീതി സമ്പൂര്‍ണമായി പരാജയപ്പെട്ടെന്ന് ബോധ്യമായി. ലോക്ഡൗണിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശമല്ല ഞങ്ങള്‍ക്ക് പ്രധാനം. ഞങ്ങളുടെ രീതി വേറെയാണെന്നാണ് ഇപ്പോഴും പറയുന്നത്.

താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ബുദ്ധിശക്തി ഉപയോഗിച്ച് സംസ്ഥാനത്തെ കോവിഡിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന ഒരു സര്‍ക്കാരും അങ്ങനെയുള്ള ഒരു മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും കേരളത്തിലെ ജനങ്ങളെ കുരുതി കൊടുക്കുകയാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

സാമൂഹിക മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടറായിരുന്നു ഡോ മുഹമ്മദ് അഷീലിനെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിനെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം. ശനിയും ഞായറും അടച്ചിടുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ലെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

Exit mobile version