സിഐടിയു-ബിഎംഎസ് ചുമട്ടുതൊഴിലാളികള്‍ ഒന്നിച്ചു; രാഷ്ട്രീയം മറന്ന് 15 ടണ്‍ ഭാരമുള്ള ഓക്‌സിജന്‍ ഉപകരങ്ങള്‍ പ്രതിഫലം വാങ്ങാതെ ഇറക്കി ഇവര്‍, കൈയ്യടി

സിഐടിയു-ബിഎംഎസ് ചുമട്ടുതൊഴിലാളികള്‍ രാഷ്ട്രീയം മറന്ന് ഓക്‌സിജന്‍ ഉപകരണങ്ങള്‍ ഇറക്കി മാതൃകയായി. കാസര്‍കോട്ടെ ചുമട്ടുതൊഴിലാളികളാണ് പ്രതിഫലം പോലും വാങ്ങാതെ ഓക്‌സിജന്‍ ഉപകരങ്ങള്‍ ഇറക്കിയത്. 15 ടണ്‍ ഭാരമുള്ള ഉപകരണങ്ങളാണ് ചുമട്ടുതൊഴിലാളികള്‍ ഇറക്കിയത്.

സാധാരണയായി 30,000 രൂപ വരെ ഇറക്കുകൂലിയായി വാങ്ങാവുന്ന ജോലിയാണ് കൊവിഡ് മഹാമാരി വേളയിലും സൗജന്യമായി ഇവര്‍ ഇറക്കി കൊടുത്തത്. ജില്ലാ ആശുപത്രിയില്‍ ദേശീയപാത വിഭാഗം നിര്‍മിക്കുന്ന ഓക്‌സിജന്‍ പ്ലാന്റിന്റെ ഉപകരണങ്ങളാണ് കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ടെത്തിച്ചത്.

യന്ത്രഭാഗങ്ങള്‍ ഇറക്കിവയ്ക്കാന്‍ അധികൃതര്‍ ചുമട്ടു തൊഴിലാളികളുടെ സഹായം തേടി. വിവരമറിഞ്ഞ് ബിഎംഎസ്, സിഐടിയു യൂണിയനുകളില്‍പ്പെട്ട തൊഴിലാളികള്‍ ജില്ലാ ആശുപത്രിയിലെത്തി. യന്ത്ര സഹായത്തോടെ ഇരു വിഭാഗവും ചേര്‍ന്നു സുരക്ഷിതമായി യന്ത്ര സാമഗ്രികള്‍ ഇറക്കിവെയ്ക്കുകയും ചെയ്തു

രണ്ട് മണിക്കൂര്‍ നേരത്തെ പരിശ്രമത്തിന് ശേഷമാണ് ഭാരമേറിയ ഉപകരണങ്ങള്‍ ഇവര്‍ ഇറക്കിയത്. ലോക്ഡൗണ്‍ പ്രതിസന്ധിയിലും നന്മ ചേര്‍ത്ത് പിടിച്ച ഇവര്‍ നാട്ടുകാരുടെയും പ്രിയപ്പെട്ടവരായിരിക്കുകയാണ്. നാടിന്റെ നന്മയ്ക്കായി രാഷ്ട്രീയം മറന്ന ചുമട്ടുതൊഴിലാളികളെ അഭിനന്ദിക്കുകയാണ് ഇന്ന് സോഷ്യല്‍മീഡിയയും.

Exit mobile version