സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇ ചലാന്‍ പദ്ധതി നിലവില്‍ വന്നു

തിരുവനന്തപുരം: ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് ഓണ്‍ലൈന്‍ ആയി പിഴ ഈടാക്കുന്ന ഇചെലാന്‍ സംവിധാനത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങളുടെ ഉദ്ഘാടനം സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഓണ്‍ലൈനില്‍ നിര്‍വ്വഹിച്ചു. ഇതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇചെലാന്‍ സംവിധാനം നിലവില്‍ വന്നു.

ഇചെലാന്‍ വാഹന പരിശോധനയും പിഴ അടയ്ക്കലും ഏറെ സുഗമമാക്കുന്ന സംവിധാനമാണ് . തിരുവനന്തപുരം സിറ്റി, കൊല്ലം സിറ്റി, എറണാകുളം സിറ്റി, തൃശൂര്‍ സിറ്റി, കോഴിക്കോട് സിറ്റി എന്നിവിടങ്ങളില്‍ ഈ സംവിധാനം കഴിഞ്ഞ വര്‍ഷം നിലവില്‍ വന്നിരുന്നു. 11 മാസത്തിനിടെ ഈ അഞ്ച് പ്രധാന നഗരങ്ങളില്‍ നിന്നായി 17 കോടിയിലധികം രൂപയാണ് ഇചെലാന്‍ വഴി പിഴയായി ഈടാക്കിയത്.

പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരുടെ കൈവശമുളള പ്രത്യേക ഉപകരണത്തില്‍ വാഹനത്തിന്റെ നമ്പരോ ഡ്രൈവിംഗ് ലൈസന്‍സ് നമ്പരോ നല്‍കിയാല്‍ വാഹനത്തെ സംബന്ധിച്ച എല്ലാ വിവരങ്ങളും അറിയാം. വാഹനപരിശോധനയ്ക്കിടെ രേഖകള്‍ നേരിട്ട്പരിശോധിക്കുന്നത് മൂലമുളള സമയനഷ്ടം പരിഹരിക്കാന്‍ ഇതിലൂടെ കഴിയും. പിഴ അടയ്ക്കാനുളളവര്‍ക്ക് ഓണ്‍ലൈന്‍, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പണം അടയ്ക്കാനും കഴിയും.

Exit mobile version