ഇനി തൊഴിലാളിയല്ല; കൂലിക്ക് ഓടിച്ച വാഹനം മനോജിന്‌ സമ്മാനിച്ച് റഫീഖ്, നന്മമനസിന് നിറകൈയ്യടി

കൂലിക്ക് ഓടിച്ച വാഹനം മനോജിന് സമ്മാനിച്ച് ചളന്നൂര്‍ പാലത്ത് ഗുഡ്‌സ് സ്റ്റാന്‍ഡിലെ ഡ്രൈവറായ കിഴക്കുംമുറി പുതിയേടത്ത് റഫീഖ്. കൊവിഡ് കാലത്ത് ഒരുപാട് നന്മമനസുകളെ നാം കണ്ടിട്ടുണ്ട്. അതിലൊരാള്‍ ആവുകയാണ് തന്റെ നന്മ പ്രവര്‍ത്തിയിലൂടെ റഫീഖും. സ്വന്തം ഉടമസ്ഥതയില്‍ പിക്കപ്പ് വാന്‍ ലഭിച്ചതിന്റെ സന്തോഷത്തിലാണ് മനോജ്.

റഫീഖിന്റെ കൈവശമുള്ള രണ്ട് പിക്കപ്പ് ഗുഡ്‌സ് വാഹനത്തില്‍ ഒരെണ്ണമാണ് പ്രിയ സുഹൃത്ത് മനോജിന് സമ്മാനിച്ചത്. ഇരുവരും പാലത്ത് ഗുഡ്‌സ് സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാരാണ്. റഫീഖിന്റെ ഉടമസ്ഥതയിലുള്ള വാഹനത്തില്‍ മൂന്ന് വര്‍ഷമായി മനോജ് ജോലിചെയ്യുകയാണ്. പിക്കപ്പ് ഓടിച്ചുകിട്ടുന്ന പണം ഇടവേളയായി റഫീഖിന് കൊടുക്കാറായിരുന്നു പതിവ്.

മനോജിന്റെ സാമ്പത്തിക പ്രയാസം അടുത്തറിഞ്ഞ റഫീഖ് നാലുലക്ഷത്തോളം രൂപ മുടക്കി മൂന്നുവര്‍ഷം മുന്‍പ് വാങ്ങിയ വാഹനമാണ് ഇന്‍ഷുറന്‍സ് തുകയും മുഴുവന്‍ അടച്ച് തീര്‍ത്ത ശേഷം മനോജിന് സമ്മാനിച്ചത്. കോവിഡ് പിടിമുറുക്കുന്നതിന് മുന്പുതന്നെ വാഹനം കൊടുക്കാന്‍ മനസ്സില്‍ വിചാരിച്ചിരുന്നതായി റഫീഖ് പറഞ്ഞു. സുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍ റഫീഖ് പിക് അപ്പിന്റെ താക്കോല്‍ മനോജിന് കൈമാറുകയും ചെയ്തു.

Exit mobile version