കായലിന്റെ കാവല്‍ക്കാരന്‍ രാജപ്പന് ആശ്വാസം; തട്ടിയെടുത്ത പണം തിരികെ നല്‍കി സഹോദരി, മനംമാറ്റം കുടുങ്ങുമെന്ന് ഉറപ്പായതിനു പിന്നാലെ

lake protector | Bignewslive

കോട്ടയം: വേമ്പനാട്ട് കായലിന്റെ കാവല്‍ക്കാരന്‍ രാജപ്പന് ആശ്വാസം. തട്ടിയെടുത്ത പണം രാജപ്പന്റെ അക്കൗണ്ടിലേയ്ക്ക് തിരികെ എത്തി. പണം നഷ്ടപ്പെട്ടതായി കാണിച്ച് പോലീസില്‍ പരാതി നല്‍കി അഞ്ച് നാള്‍ പിന്നിടുമ്പോഴാണ് രാജപ്പനെ തേടി ആശ്വാസ വാര്‍ത്തയെത്തിയത്. സഹോദരി തന്നെയാണ് മുഴുവന്‍ തുകയും തിരികെ നല്‍കിയത്.

ഈ പണം സഹോദരി ബന്ധു വഴി തിരികെ രാജപ്പന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കുകയായിരുന്നു. പണം കിട്ടിയതിനാല്‍ ഇനി കേസുമായി മുന്നോട്ട് പോകില്ലെന്ന് രാജപ്പന്‍ അറിയിച്ചു. സഹോദരിയാണ് പണം താനറിയാതെ പിന്‍വലിച്ചതെന്നും രാജപ്പന്‍ പറഞ്ഞിരുന്നു. എന്നാല്‍, മണിക്കൂറുകള്‍ക്കം സഹോദരി, താനെടുത്ത പണം രാജപ്പന് തന്നെ നല്‍കിയെന്ന് വിശദീകരിച്ച് വെല്ലുവിളിയുമായി രംഗത്തെത്തിയതോടെ പ്രശ്‌നം പോലീസിന്റെ അടുത്തേയ്ക്ക് എത്തുകയായിരുന്നു.

സംഭവത്തില്‍ പോലീസ് കേസെടുത്ത് കുടുങ്ങുമെന്ന് ഉറപ്പായതോടെയാണ് സഹോദരി വിലാസിനി പണം തിരികെ നല്‍കിയത്. രാഷ്ട്രീയപ്രേരിതമാണെന്ന് കാണിച്ച് കേസില്‍ നിന്ന് ഊരാനും വിലാസിനിയും മകനും ശ്രമിച്ചിരുന്നു. നില്‍ക്കക്കള്ളിയിലാതായതോടെ ഒരു ബന്ധു വഴി 5,23,000 രൂപ കുമരകം ഫെഡറല്‍ ബാങ്ക് ശാഖയില്‍ തിരിച്ചടക്കുകയായിരുന്നു. അടച്ചതിന്റെ രസീതും പുറത്തു വന്നിട്ടുണ്ട്. രാജപ്പന്റെയും സഹോദരിയുടേയും പേരിലുള്ള ജോയിന്റ് അക്കൗണ്ട് ഇനി ഒറ്റ അക്കൗണ്ടാക്കാനാണ് തീരുമാനം. കേസ് പിന്‍വലിച്ചാല്‍ ഉടന്‍ കോടതിയെ അറിയിച്ച് നടപടികള്‍ അവസാനിപ്പിക്കുമെന്നും പോലീസ് അറിയിച്ചു.

Exit mobile version