ബീറ്റുറൂട്ടില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, മറ്റ് പച്ചക്കറി കൂട്ടുകളില്‍ നിന്ന് വീണാ ജോര്‍ജും; വ്യത്യസ്തം ബിജുവിന്റെ ചിത്രകല

പത്തനംതിട്ട: ബീറ്റുറൂട്ടില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റ് പച്ചക്കറി കൂട്ടുകളില്‍ നിന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെയും വരച്ച് വെട്ടൂര്‍ പേഴുംകാട്ടില്‍ സ്മൃതി ബിജു. 30 വര്‍ഷമായി ചിത്രകലാധ്യാപകനാണ് ബിജു. പച്ചക്കറി കൂട്ടില്‍ നിന്നുള്ള ഛായങ്ങള്‍ ചേര്‍ത്ത് മന്ത്രി വീണാ ജോര്‍ജിന്റെ ചിത്രം പൂര്‍ത്തിയാക്കി.

കലാരൂപങ്ങളുടെ കലവറയാണ് ബിജുവിന്റെ വീട്. ഇദ്ദേഹത്തിന്റെ കരവിരുതില്‍ രൂപപ്പെട്ട ചുമര്‍ ചിത്രങ്ങള്‍ ഡല്‍ഹി, പുണെ സര്‍വകലാശാല ക്യാംപസിലെ ഓഡിറ്റോറിയങ്ങള്‍, വിദേശ രാജ്യങ്ങളിലെ പള്ളികളിലും വീടുകളിലും സ്ഥാനം പിടിച്ചിട്ടുണ്ട്. ഇതിനോടകം പല അവാര്‍ഡിനും ബിജു അര്‍ഹനായിട്ടുണ്ട്.

വയനാട് ആദിവാസി ഊരില്‍ മുത്തശ്ശി കുടിലിന് മുന്‍പിലിരിക്കുന്ന വ്യത്യസ്തമായ ചുമര്‍ ചിത്രത്തിന് 2016 ല്‍ ആര്‍ട് മെന്‍സ്‌ട്രൊ രാജ്യാന്തര അവാര്‍ഡ് ലഭിച്ചു. ഇന്റീരിയര്‍ ഡിസൈന്‍ രംഗത്തും പ്രാഗത്ഭ്യം തെളിയിച്ച ബിജു വരച്ച കലാരൂപങ്ങള്‍ വിവിധയിടങ്ങളിലുണ്ട്.

പന്തളം തൃക്കാര്‍ത്തിക സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ നിന്നാണ് ചിത്രരചന സ്വായത്തമാക്കിയത്. കുമ്പഴ മൗണ്ട് ബഥനി, ളാക്കൂര്‍ ഗവ. എല്‍പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ പാര്‍ട് ടൈം ചിത്രകലാധ്യാപകനായി ജോലി ചെയ്യുന്നു. ഭാര്യ രാജിയും മകന്‍ പ്ലസ് ടു വിദ്യാര്‍ഥി അലോഷിയും പിന്തുണച്ച് കൂടെയുണ്ട്.

Exit mobile version