മൂക്കും കവിളും കടിച്ചു പറിച്ചു; പാലക്കാട് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം എലി കരണ്ടനിലയില്‍

പാലക്കാട്: മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം എലി കരണ്ടനിലയില്‍. മൃതദേഹത്തിന്റെ മൂക്കും കവിളും എലി കടിച്ചു പറിച്ചു. പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹമാണ് എലി കരണ്ടത്. പട്ടാമ്പിയിലെ സേവന ആശുപത്രിയ്‌ക്കെതിരെയാണ് പരാതിയുമായി ബന്ധുക്കള്‍ രംഗത്തുവന്നത്.

അറുപത്തിയഞ്ചുകാരിയുടെ മൃതദേഹമാണ് എലി കരണ്ടത്. ഒറ്റപ്പാലം മനിശേരിയില്‍ ലക്ഷ്മിയുടെ മൃതദേഹമാണ് എലി കരണ്ടത്. കഴിഞ്ഞ ദിവസമാണ് ലക്ഷ്മി മരിച്ചത്. തുടര്‍ന്ന് ബന്ധുക്കളുടെ ആവശ്യപ്രകാരം മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചു. രാവിലെ എത്തിയപ്പോഴാണ് മൂക്കിലും കവിളിലും പാടുകള്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എലി കരണ്ടതാണെന്ന് മനസ്സിലായതെന്ന് ബന്ധുക്കള്‍ പറയുന്നു.

സംഭവം ആശുപത്രി അധികൃതരെ അറിയിച്ചിട്ടും വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.അതേസമയം ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായിട്ടില്ല.

Exit mobile version