ഇനി എല്ലാ വില്ലേജ് ഓഫീസര്‍മാരും റവന്യു മന്ത്രിക്ക് കത്തെഴുതണം; എന്തും തുറന്നെഴുതാം, മികച്ച വില്ലേജ് ഓഫീസര്‍ക്ക് പുരസ്‌കാരവും, പ്രഖ്യാപിച്ച് മന്ത്രി കെ രാജന്‍

Revenue Minister K Rajan | Bignewslive

തിരുവനന്തപുരം: ഇനി എല്ലാ വില്ലേജ് ഓഫീസര്‍മാരും റിപ്പോര്‍ട്ട് അല്ല, പകരം കത്തെഴുതണം. അതും റവന്യു മന്ത്രിക്ക് നേരിട്ട് എഴുതുകയും വേണം. റവന്യു മന്ത്രി കെ രാജന്റെതാണ് പുതിയ നിര്‍ദേശം. വകുപ്പില്‍ മാറ്റങ്ങള്‍ക്ക് തുടക്കമിടേണ്ടത് വില്ലേജ് ഓഫീസില്‍ നിന്നുള്ളതുകൊണ്ടാണ് മന്ത്രിയുടെ പുതിയ നിര്‍ദേശം.

എന്തിനും ഏതിനും ജനങ്ങള്‍ ഓടിയെത്തുന്ന വില്ലേജ് ഓഫീസ് ജനസൗഹൃദമാക്കണം, ഓഫീസിലുള്ളവര്‍ക്കു ടെന്‍ഷന്‍ ഇല്ലാതെ ജോലി നോക്കണം. അതിന് എന്തൊക്കെ മാറ്റം വരുത്തണം എന്നെല്ലാം, വില്ലേജ് ഓഫീസര്‍മാര്‍ തന്നെ, കത്തായി എഴുതി അയയക്കുവാനാണ് മന്ത്രിയുടെ നിര്‍ദേശം. എന്നാല്‍, കത്ത് അയക്കുന്നത് മന്ത്രിക്കാണല്ലോ എന്ന പേടി കൂടാതെ കത്തെഴുതാം. കത്തിലൂടെ എന്തും തുറന്നെഴുതാമെന്നും മന്ത്രി നിര്‍ദേശം നല്‍കുന്നുണ്ട്.

കുളമ്പു രോഗം വന്ന് പശു ചത്താലും ആരെങ്കിലും മൊബൈല്‍ ബില്‍ അടയ്ക്കാത്തതിനു കുടിശികയായി ആര്‍ആര്‍ നടപടിയായാലും എന്‍ട്രന്‍സ് പരീക്ഷയ്ക്കു ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാനും ഉള്‍പ്പടെ എന്തിനുമേതിനും വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് വേണം. ഇതുപരിശോധിച്ച് ബോധ്യപ്പെടാനുള്ള ഓട്ടത്തിനിടെ വില്ലേജ് ഓഫീസറെ കണ്ടു കിട്ടാന്‍ ഓഫീസിലെത്തുന്നവര്‍ക്കും കഴിയുന്നില്ല. അതും പരാതിയാകും. ഇത്തരത്തില്‍ മറ്റു വകുപ്പുകളില്‍ നിന്നു കിട്ടുന്ന അത്യാവശ്യമല്ലാത്ത ജോലികള്‍ വില്ലേജ് ഓഫീസില്‍ നിന്ന് ഒഴിവാക്കുന്നതെങ്ങനെയെന്ന ചര്‍ച്ച നടക്കുകയാണെന്നും മന്ത്രി കെ രാജന്‍ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ വില്ലേജ് ഓഫീസര്‍മാരുമായി ഓണ്‍ലൈനില്‍ മന്ത്രി കെ രാജന്‍ കൂടിക്കാഴ്ച നടത്തിയത്. റവന്യു വകുപ്പിലെ സമഗ്ര പരിഷ്‌ക്കരണം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന വിഷന്‍ & മിഷന്‍ പദ്ധതിയുടെ ഭാഗമായാണ് യോഗം ചേര്‍ന്നത്. യോഗത്തില്‍ വില്ലേജ് ഓഫീസും സ്മാര്‍ട്ടാക്കുമെന്ന് മന്ത്രി അറിയിച്ചിരുന്നു. എല്ലാ വില്ലേജ് ഓഫീസുകളും സ്മാര്‍ട്ടാക്കും. പുതിയ കെട്ടിടങ്ങള്‍ മാത്രമല്ല സേവനങ്ങളും സ്മാര്‍ട്ടാക്കുകയാണ് ലക്ഷ്യം. വകുപ്പിനുള്ളില്‍ അഴിമതി വച്ചു പൊറുപ്പിക്കില്ലെന്നും കെ രാജന്‍ കര്‍ശന നിര്‍ദേശവും കൈമാറിയിരുന്നു.

ലോകം ഡിജിറ്റലായി മാറുമ്പോള്‍ പഴയകാലത്തിനൊപ്പം നീങ്ങാതെ പൊടുന്നനെ കാര്യങ്ങള്‍ നീക്കാന്‍ സാധിക്കുന്ന ഡിജിറ്റല്‍ വഴിയിലൂടെ തന്നെയാണ് സര്‍ക്കാരിന്റെയും സഞ്ചാരം. റവന്യു വകുപ്പ് കൂടി ഡിജിറ്റല്‍ ആകുന്നതോടെ മന്ത്രിയുടെ ചെറുപ്പത്തിന്റെ ചുറുചുറുക്കുമാണ് വകുപ്പിലുണ്ടാകുന്ന പുതിയ പരിഷ്‌കാരങ്ങളും. ആദ്യമായി വില്ലേജ് ഓഫീസര്‍ ഡെസ്‌ക് കൂടി ആരംഭിക്കുകയാണ് റവന്യു മന്ത്രിയുടെ ഓഫീസില്‍. വില്ലേജ് ഓഫീസര്‍മാര്‍ക്ക് നേരിട്ട് പറയാനും വേണമെങ്കില്‍ മന്ത്രിയുടെ ഓഫീസില്‍ നിന്ന് നേരിട്ട് ഇടപെടാനുമാണിത്. ഇതിനെല്ലാം പുറമെ, മികച്ച വില്ലേജ് ഓഫീസറുടെ പുരസ്‌കാരം നല്‍കുന്ന പദ്ധതിക്കും ഈ വര്‍ഷം തുടക്കമിടുന്നുണ്ട്.

Exit mobile version