10 വര്‍ഷത്തെ കാത്തിരിപ്പ്, മകളെ കണ്‍നിറയെ കണ്ട് ശാന്തയും വേലായുധനും; ഒരുവിളിപ്പാകലെയുണ്ടായിട്ടും ഉരുകി ജീവിച്ച വര്‍ഷങ്ങള്‍ ഓര്‍ത്ത് ഇവര്‍

Sajitha parents | Bignewslive

പാലക്കാട്: 10 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മകളെ കണ്ടതില്‍ സന്തോഷത്തോടെ ശാന്തയും വേലായുധനും. ഒരുവിളിപ്പാടകലെ ഉണ്ടായിട്ടും മകളെ കണ്ടെത്താനാകാതെ ഉരുകി ഒലിച്ച വര്‍ഷങ്ങളെ ഓര്‍ത്ത് നീറുകയാണ് ഇന്ന് ഈ മാതാപിതാക്കള്‍. ഇന്ന് രാവിലെയാണ് ഇരുവരും വാടകവീട്ടിലെത്തി തന്റെ പ്രിയമകളെ കണ്ടത്. 10 വര്‍ഷത്തെ കണ്ണീര്‍ മാഞ്ഞു. മുഖത്ത് സന്തോഷ കണ്ണീര്‍ നിറഞ്ഞു.

മൂന്നുമാസം മുന്‍പാണ് സജിതയും റഹ്മാനും ഇവിടേക്ക് താമസം മാറിയത്. ഇതിനു പിന്നാലെ മാതാപിതാക്കള്‍ തന്നെ ഫോണില്‍ വിളിച്ചിരുന്നതായും സജിത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ശേഷമാണ് മാതാപിതാക്കള്‍ കാണാനെത്തിയത്. അയിലൂര്‍ സ്വദേശിയായ റഹ്മാന്‍, കാമുകിയായ സജിതയെ 10 കൊല്ലമാണ് സ്വന്തം വീട്ടില്‍ ആരുമറിയാതെ ഒളിപ്പിച്ചു താമസിപ്പിച്ചത്. മൂന്നു മാസം മുമ്പ് വീട് വിട്ടിറങ്ങിയ റഹ്മാനെ കഴിഞ്ഞ ദിവസം സഹോദരന്‍ യാദൃശ്ചികമായി കണ്ടെത്തിയതാണ് നാടകീയ സംഭവ വികാസങ്ങളുടെ ചുരുള്‍ അഴിയാന്‍ ഇടയാക്കിയത്.

തുടര്‍ന്ന് റഹ്മാന്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തിയ പോലീസ് സംഘം കണ്ടത് 10 വര്‍ഷം മുമ്പ് കാണാതായ സജിത എന്ന യുവതിയെയായിരുന്നു. തങ്ങള്‍ പ്രണയത്തിലാണെന്നും 10 വര്‍ഷം യുവതിയെ സ്വന്തം വീട്ടില്‍ ആരുമറിയാതെ താമസിപ്പിച്ചെന്നും റഹ്മാന്‍ വെളിപ്പെടുത്തിയപ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്.

റഹ്മാനും സജിതയുമായുള്ള ബന്ധം തുടങ്ങുന്നത് 2010 ഫെബ്രുവരി രണ്ടിനാണ്. റഹ്മാന്റെ സഹോദരിയുടെ കൂട്ടുകാരിയാണ് സജിത. സഹോദരിയെ കാണാനും സംസാരിക്കാനുമായി സജിത വീട്ടിലെത്തുന്നത് പതിവായിരുന്നു. ഈ സൗഹൃദം വളര്‍ന്ന് പ്രണയമായപ്പോഴാണ് റഹ്മാനൊപ്പം ജീവിക്കാന്‍ 18 വയസ്സുകാരിയായ സജിത വീടുവിട്ടിറങ്ങിയത്. ഇലക്ട്രിക്കല്‍ ജോലിയും പെയിന്റിങ്ങും ചെയ്ത് കഴിയുകയായിരുന്നു റഹ്മാന്‍. തനിക്കൊപ്പം ഇറങ്ങിത്തിരിച്ച സജിതയെ റഹ്മാന്‍ ആരുമറിയാതെ സ്വന്തം വീട്ടിലെത്തിച്ച് വര്‍ഷങ്ങളോളം ആരുമറിയാതെ കൂടെ കൂട്ടുകയായിരുന്നു.

Exit mobile version