അരയ്ക്ക് താഴേയ്ക്ക് തളര്‍ന്നിട്ടും കായല്‍ സംരക്ഷകനായി; രാജപ്പനെ തേടി അന്താരാഷ്ട്ര പുരസ്‌കാരവും! ഈ സേവനം മാതൃകയെന്ന് തായ്‌വാന്റെ പ്രശംസാപത്രം

Rajappan | Bignewslive

കുമരകം: അരയ്ക്ക് താഴേയ്ക്ക് തളര്‍ന്നിട്ടും വള്ളവുമായി കായലിലെ പ്ലാസ്റ്റിക് കുപ്പികളും മറ്റും ശേഖരിക്കാന്‍ ഇറങ്ങിയ രാജപ്പനെ തേടി അന്താരാഷ്ട്ര പുരസ്‌കാരം. തായ്‌വാന്റെ ആണ് പുരസ്‌കാരം. ആര്‍പ്പൂക്കര പഞ്ചായത്തിലെ മഞ്ചാടിക്കരി നിവാസിയായ എന്‍.എസ്. രാജപ്പനാണ് തായ്വാന്‍ സുപ്രീം മാസ്റ്റര്‍ ചിങ് ഹായ് ഇന്റര്‍നാഷണലിന്റെ വേള്‍ഡ് പ്രൊട്ടക്ഷന്‍ അവാര്‍ഡ് ലഭിച്ചത്.

10,000 യു.എസ്. ഡോളറും (7,30,081 രൂപ) പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. അരയ്ക്കുതാഴേക്ക് തളര്‍ന്ന രാജപ്പന്‍ വള്ളത്തില്‍ സഞ്ചരിച്ച് ജലാശങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് ശേഖരിക്കുന്ന വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.

പറുക്കി കൂട്ടുന്ന ഈ കുപ്പികള്‍ വിറ്റാണ് അദ്ദേഹം ജീവിക്കുന്നത്. പുരസ്‌കാരം ഏറ്റുവാങ്ങിയ രാജപ്പന്റെ ബാങ്ക് അക്കൗണ്ടില്‍ അവാര്‍ഡ് തുകയും എത്തിക്കഴിഞ്ഞു. തുടര്‍ന്ന് സ്‌ക്രാപ്പ് മര്‍ച്ചന്റ്സ് അസോസിയേഷന്‍ രാജപ്പന്റെ, സ്വന്തമായൊരു വള്ളവും എന്‍ജിനുമെന്ന സ്വപ്നം സഫലമാക്കി. കിടപ്പാടമെന്ന സ്വപ്നസാക്ഷാത്കാരത്തിനായി പ്രവാസി മലയാളികള്‍ ആദ്യ ധനസഹായവും ചെയ്തു.

പ്രതികൂലസാഹചര്യങ്ങളെ അവഗണിച്ചുള്ള രാജപ്പന്റെ സേവനം മാതൃകയാണെന്നും പുഴകള്‍ സംരക്ഷിക്കപ്പെടുന്നതിലൂടെ ഭൂമിയെത്തന്നെ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നും തായ്വാന്‍ പ്രശംസാപത്രത്തില്‍ പറയുന്നുണ്ട്. വലിയ പരിസ്ഥിതി പ്രവര്‍ത്തനമാണ് രാജപ്പന്‍ നടത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍കി ബാത്തില്‍ പ്രശംസിച്ചിരുന്നു.

Exit mobile version