വാഹനമിടിച്ച് നായക്കുട്ടി ചത്തു, കാവൽ നിന്ന് അമ്മ നായയും; ആ ചിത്രം വേദനിപ്പിച്ചു, കൈപ്പിഴയില്‍ പ്രായശ്ചിത്തം ചെയ്യാന്‍ ഒരുങ്ങി യുവാവ്, നിര്‍ധന കുടുംബത്തിന് വീടുവെച്ച് നല്‍കും

Dog Dies | Bignewslive

അരീക്കോട്: വാഹനമിടിച്ച് ചത്ത തന്റെ കുഞ്ഞുനായക്കുട്ടിക്ക് അരികില്‍ നിന്ന അമ്മ നായയുടെ ചിത്രം കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ചിത്രം വ്യാപകമായി പ്രചരിച്ചതോടെ ഇടിച്ചുപോയ വാഹനത്തിന്റെ ഡ്രൈവര്‍ തെറ്റ് പറഞ്ഞ് രംഗത്തെത്തി. ആ ചിത്രം തന്നെ ഒരുപാട് വേദനിപ്പിച്ചുവെന്ന് കാറുടമ പറഞ്ഞു.

തന്റെ തെറ്റിന് ഇപ്പോള്‍ പ്രായശ്ചിത്തം ചെയ്യാന്‍ ഒരുങ്ങുകയാണ് യുവാവ്. വീടില്ലാത്ത നിര്‍ധന കുടുംബത്തിന് വീടുവെച്ച് നല്‍കാമെന്നാണ് കാറുടമ അറിയിക്കുന്നത്. അരീക്കോട് ബസ് സ്റ്റാന്റിന് സമീപത്താണ് അപകടം നടന്നത്. കാറുടമ കൊളാരിക്കുണ്ട് ഖാസിം എന്ന പ്രവാസി വ്യവസായിയാണ് തന്റെ തെറ്റിന് പകരമായി നിര്‍ധന കുടുംബത്തിന് വീട് നിര്‍മിച്ച് നല്‍കാന്‍ സന്നദ്ധത അറിയിച്ചത്.

കഴിഞ്ഞ27നാണ് ഖാസിം ഓടിച്ച വാഹനത്തിനടിയില്‍പ്പെട്ട് തെരുവുനായക്കുട്ടി ചത്തത്. സംഭവം അറിയാതെ വാഹനയുടമ കാറോടിച്ച് പോയിരുന്നു. എന്നാല്‍ സംഭവം കണ്ട അരീക്കോട് പത്തനാപുരം സ്വദേശി അമല്‍ അബ്ദുള്ള ഫേസ്ബുക്കില്‍ ഈ സംഭവം ഫോട്ടോ സഹിതം എഴുതി. വാഹനത്തിന്റെ നമ്പറും പോസ്റ്റില്‍ എഴുതിയിരുന്നു.

കുറിപ്പ് ചര്‍ച്ചചെയ്യപ്പെട്ടതോടെയാണ് നായകള്‍ക്ക് ദിനംപ്രതി ഭക്ഷണം നല്‍കുന്ന നന്‍മ ചാരിറ്റിയുടെ പ്രവര്‍ത്തകര്‍ പോലീസ് നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു. ഈ പോസ്റ്റ് ഇന്‍സ്‌പെക്ടര്‍ ഉമേഷിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വാഹന ഉടമയെ കണ്ടെത്തിയത്.

അറിയാതെ പറ്റിയ അപകടത്തിന് പ്രായശ്ചിത്തം ചെയ്യാന്‍ തയ്യാറാണെന്ന് ഖാസിം അരീക്കോട് നന്‍മ കൂട്ടായ്മ ഭാരവാഹികളെ അറിയിച്ചതോടെയാണ് നിര്‍ധന കുടുംബത്തിന് വീട്വെച്ച് നല്‍കാമെന്ന ആശയം ഉരിത്തിരിഞ്ഞത്. നന്മ പ്രവര്‍ത്തകരാണ് അരീക്കോട് പതിനഞ്ചാം വാര്‍ഡിലെ നിര്‍ധന കുടുംബത്തിന് വീട് നിര്‍മിക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചത്. ഏകദേശം ആറര ലക്ഷം രൂപ ചെലവഴിച്ചാണ് വീട് നിര്‍മ്മിക്കുന്നത്.

Exit mobile version