ശബരിമല വിധി ഉടന്‍ നടപ്പാക്കുന്നതില്‍ ആശങ്ക? സമവായ ചര്‍ച്ച ഇന്ന്; യോഗത്തില്‍ ഉള്‍ത്തിരിയുന്ന തീരുമാനം നടപ്പാക്കും

ശബരിമല വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ദേവസ്വം ബോര്‍ഡ് തീരുമാനിക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സമവായ നീക്കത്തിന്റെ ഭാഗമായി ദേവസ്വം ബോര്‍ഡ് വിളിച്ചു ചേര്‍ത്ത ചര്‍ച്ച ഇന്ന് നടക്കും. തന്ത്രികുടുംബം, പന്തളം കൊട്ടാരം, അയ്യപ്പസേവ സംഘം, ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട സംഘടനകളുടെ പ്രതിനിധികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ദേവസ്വം ബോര്‍ഡ് തീരുമാനിക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്. സ്വതന്ത്ര നിലപാടെടുക്കാന്‍ സര്‍ക്കാരിന്റെ അനുമതി കിട്ടിയെന്ന് വ്യക്തമാകുന്നതാണ് ബോര്‍ഡിന്റെ നീക്കങ്ങളും.

ചര്‍ച്ചയില്‍ തീരുമാനമാകുന്ന കാര്യങ്ങള്‍ നടപ്പാക്കുമെന്നും പ്രത്യേക നിര്‍ദ്ദേശഘങ്ങള്‍ വയ്ക്കില്ലെന്നും ദേവസ്വം പ്രസിഡന്റ് എ പദ്മകുമാര്‍ അറിയിച്ചത് വിധി ഉടന്‍ നടപ്പാക്കുമോ എന്നോരു ആശങ്ക നിലനിര്‍ത്തുന്നുണ്ട്. വിധിയെ ആദ്യം സ്വാഗതം ചെയ്ത എ പദ്മകുമാര്‍ പിന്നീട് നിലപാടുകള്‍ മാറ്റിയിരുന്നു.

ശബരിമലയില്‍ എത്തുമെന്ന പറഞ്ഞ യുവതികള്‍ പ്രശസ്തിക്കു വേണ്ടി പറഞ്ഞതാണെന്നും ക്ഷേത്രാചാരങ്ങളില്‍ വിശ്വസിക്കുന്നവര്‍ വരാന്‍ സാധ്യതയില്ലെന്നും ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞതിനെക്കൂടി കൂട്ടി വായിച്ചാല്‍ വിധി ഉടനടി നടപ്പാക്കാന്‍ ദേവസ്വം ബോര്‍ഡ് മുന്‍കൈ എടുക്കില്ലെന്ന് വേണം അനുമാനിക്കാന്‍.

അയ്യപ്പ സേവാ സംഘത്തിന്റെ ആവശ്യവും വിധി ഉടന്‍ നടപ്പാക്കരുത് എന്ന് തന്നെയാണ്. തന്ത്രി കുടുംബത്തിന്റെയും ആവശ്യം വിധി നടപ്പാക്കുന്നതില്‍ സാവകാശം തേടണം എന്നു തന്നെയായിരുന്നു.

Exit mobile version