കൊവിഡ് കേസുകളും മരണങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചോദ്യക്കേണ്ട ചോദ്യമിതോ..? സത്യപ്രതിജ്ഞ നീളുന്നത് ജ്യോതിഷ പ്രകാരമോ എന്ന ചോദ്യത്തില്‍ മുരളി തുമ്മാരുകുടി

Muralee Thummarukudy | Bignewslive

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാം തരംഗം പിടിമുറുക്കുകയും കൊവിഡ് കേസുകളും മരണങ്ങളും വര്‍ധിച്ചുവരികയാണ്. വൈറസ് വ്യാപനവും മരണനിരക്കും കുറയ്ക്കാന്‍ സര്‍ക്കാരും ജനങ്ങളും ഒരുപോലെ കൈകോര്‍ത്ത് മുന്‍പോട്ട് പോകവെ സത്യപ്രജ്ഞ നീളുന്നത് ജ്യോതിഷ പ്രകാരമോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തില്‍ വിമര്‍ശനവുമായി മുരളി തുമ്മാരുകുടി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം വിമര്‍ശന കുറിപ്പ് പങ്കുവെയ്ക്കുന്നത്.

മുഖ്യമന്ത്രിയും ജ്യോതിഷവും എന്ന തലവാചകത്തോടെയാണ് അദ്ദേഹം കുറിപ്പ് ആരംഭിക്കുന്നത്. മുഖ്യമന്ത്രി വീണ്ടും ഒരു എല്ലാ ദിവസവും തന്നെ പത്രക്കാരെ കാണാന്‍ തുടങ്ങിയത് ഈ കൊറോണയുടെ ഏറ്റവും ബുദ്ധിമുട്ടുള്ള കാലത്തും മലയാളികളുടെ ആത്മവിശ്വാസം കൂട്ടുന്നുണ്ട്. കൃത്യം അഞ്ചര മണിക്ക് അദ്ദേഹം ബ്രീഫിങ്ങിന് എത്തും. അമ്പത് മിനുട്ടോളം അദ്ദേഹം സംസാരിക്കും. എത്ര ആളുകള്‍ക്ക് രോഗം ഉണ്ടായി എന്നത് മുതല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊച്ചു കുട്ടികള്‍ നല്‍കുന്ന സംഭാവന വരെ എടുത്തു പറയും. എന്റെ സുഹൃത്ത് മുന്‍പ് പറഞ്ഞത് പോലെ ആ പത്ര സമ്മേളനം കേട്ടാല്‍ പിന്നെ സര്‍ക്കാര്‍ സര്‍ക്കുലറുകള്‍ ഒന്നും വായിച്ചു നോക്കേണ്ട കാര്യമില്ല. അത്ര സമഗ്രമാണതെന്ന് അദ്ദേഹം കുറിക്കുന്നു.

അമ്പത് മിനുട്ട് സംസാരിച്ചതിന് ശേഷം അദ്ദേഹം പത്ര പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ കുറച്ചു സമയം ബാക്കി വച്ചിട്ടുണ്ട്. ആറോ ഏഴോ ചോദ്യങ്ങള്‍ ശരാശരി ഉത്തരം പറയും. പത്രപ്രവര്‍ത്തകര്‍ക്ക് നല്ല അവസരമാണ് കാര്യങ്ങള്‍ ചോദിക്കാനും വിഷയങ്ങള്‍ ശ്രദ്ധയില്‍ പെടുത്താനും വീഴ്ചകള്‍ ചൂണ്ടിക്കാണിക്കാനും. പത്തു മിനുട്ട് ഉള്ളത് കൊണ്ട് വളരെ നന്നായി ഉപയോഗിക്കേണ്ട സമയമാണ്. ഇന്നലത്തെ ഒരു ചോദ്യം ഇതായിരുന്നു. ‘സി എം റിസള്‍ട്ട് വന്നിട്ട് പത്തു ദിവസം കഴിഞ്ഞു, സാധാരണ മൂന്നു നാലു ദിവസങ്ങള്‍ക്കുള്ളില്‍ മന്ത്രിസഭ വരേണ്ടതാണ്. ഈ ജ്യോത്സ്യന്റെ ഉപദേശപ്രകാരമാണ് സി എം സത്യപ്രതിജ്ഞ നീട്ടിക്കൊണ്ടുപോകുന്നത് എന്ന് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.’

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് രോഗം ഉണ്ടാവുകയും ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുകയും ചെയ്ത ദിവസം മുഖ്യമന്ത്രിയോട് ചോദിയ്ക്കാന്‍ കിട്ടുന്ന അവസരത്തില്‍ ചോദിക്കുന്ന ചോദ്യമാണ്. എന്തുത്തരമാണ് ലേഖകന്‍ പ്രതീക്ഷിക്കുന്നതെന്നും മുരളി തുമ്മാരുകുടി ചോദിക്കുന്നു. പക്ഷെ പറയുമ്പോള്‍ എല്ലാം പറയണമല്ലോ. കൊറോണയുടെ ഈ രണ്ടാം വരവിന്റെ കാലത്ത് നമ്മുടെ പത്ര പ്രവര്‍ത്തകരുടെ ചോദ്യത്തിന്റെ നിലവാരം ഏറെ ഉയര്‍ന്നിട്ടുണ്ട്. പണ്ടൊക്കെ പത്തു ചോദ്യങ്ങള്‍ ഉണ്ടെങ്കില്‍ ഒമ്പതും വിഷയവുമായി ബന്ധമില്ലാത്തതും രാഷ്ട്രീയം കലര്‍ന്നതും ആയിരുന്നു.

ഇവിടെ രാഷ്ട്രീയം പറയേണ്ട എന്ന് പലപ്പോഴും മുഖ്യമന്ത്രി വ്യക്തമാക്കാറുണ്ട് എന്നാലും ചോദ്യങ്ങള്‍ കൊറോണയുമായി ബന്ധപ്പെട്ടല്ല മറ്റു വിഷയങ്ങളിലേക്കാണ് കൊണ്ട് പോകാറുള്ളത്. ഇപ്പോള്‍ കാര്യങ്ങള്‍ മാറി. ഏഴു ചോദ്യങ്ങളില്‍ ആറും വിഷയവുമായി ബന്ധപ്പെട്ടുള്ളത് തന്നെയാണ്. ഏറെ നല്ലത്. പത്ര പ്രവര്‍ത്തകര്‍ക്ക് നന്ദി. ഇതൊരു നല്ല കാര്യമാണ്. ഇതൊക്കെ മനസ്സിലാക്കാന്‍ മരണങ്ങള്‍ തൊട്ടടുത്ത് സംഭവിക്കേണ്ടി വന്നു എന്നത് മാത്രമേ വിഷമമുള്ളൂ. ഇനിയുള്ള ദിവസങ്ങളിലും പത്ര സമ്മേളനങ്ങളില്‍ ജ്യോതിഷവും മറ്റു നിസ്സാര കാര്യങ്ങളും ഒഴിവാക്കി കാമ്പുള്ള ചോദ്യങ്ങള്‍ ചോദിക്കുന്ന രീതി തുടരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

മുഖ്യമന്ത്രിയും ജ്യോതിഷവും
മുഖ്യമന്ത്രി വീണ്ടും ഒരു എല്ലാ ദിവസവും തന്നെ പത്രക്കാരെ കാണാൻ തുടങ്ങിയത് ഈ കൊറോണയുടെ ഏറ്റവും ബുദ്ധിമുട്ടുള്ള കാലത്തും മലയാളികളുടെ ആത്മവിശ്വാസം കൂട്ടുന്നുണ്ട്.
കൃത്യം അഞ്ചര മണിക്ക് അദ്ദേഹം ബ്രീഫിങ്ങിന് എത്തും. അമ്പത് മിനുട്ടോളം അദ്ദേഹം സംസാരിക്കും. എത്ര ആളുകൾക്ക് രോഗം ഉണ്ടായി എന്നത് മുതൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊച്ചു കുട്ടികൾ നൽകുന്ന സംഭാവന വരെ എടുത്തു പറയും. എൻ്റെ സുഹൃത്ത് മുൻപ് പറഞ്ഞത് പോലെ ആ പത്ര സമ്മേളനം കേട്ടാൽ പിന്നെ സർക്കാർ സർക്കുലറുകൾ ഒന്നും വായിച്ചു നോക്കേണ്ട കാര്യമില്ല. അത്ര സമഗ്രമാണത്.
അമ്പത് മിനുട്ട് സംസാരിച്ചതിന് ശേഷം അദ്ദേഹം പത്ര പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ കുറച്ചു സമയം ബാക്കി വച്ചിട്ടുണ്ട്. ആറോ ഏഴോ ചോദ്യങ്ങൾ ശരാശരി ഉത്തരം പറയും. പത്രപ്രവർത്തകർക്ക് നല്ല അവസരമാണ് കാര്യങ്ങൾ ചോദിക്കാനും വിഷയങ്ങൾ ശ്രദ്ധയിൽ പെടുത്താനും വീഴ്ചകൾ ചൂണ്ടിക്കാണിക്കാനും. പത്തു മിനുട്ട് ഉള്ളത് കൊണ്ട് വളരെ നന്നായി ഉപയോഗിക്കേണ്ട സമയമാണ്.
ഇന്നലത്തെ ഒരു ചോദ്യം ഇതായിരുന്നു.
“സി എം റിസൾട്ട് വന്നിട്ട് പത്തു ദിവസം കഴിഞ്ഞു, സാധാരണ മൂന്നു നാലു ദിവസങ്ങൾക്കുള്ളിൽ മന്ത്രിസഭ വരേണ്ടതാണ്. ഈ ജ്യോത്സ്യന്റെ ഉപദേശപ്രകാരമാണ് സി എം സത്യപ്രതിജ്ഞ നീട്ടിക്കൊണ്ടുപോകുന്നത് എന്ന് പത്രങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.”
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആളുകൾക്ക് രോഗം ഉണ്ടാവുകയും ഏറ്റവും കൂടുതൽ ആളുകൾ മരിക്കുകയും ചെയ്ത ദിവസം മുഖ്യമന്ത്രിയോട് ചോദിയ്ക്കാൻ കിട്ടുന്ന അവസരത്തിൽ ചോദിക്കുന്ന ചോദ്യമാണ്.
എന്തുത്തരമാണ് ലേഖകൻ പ്രതീക്ഷിക്കുന്നത് ?
പക്ഷെ പറയുമ്പോൾ എല്ലാം പറയണമല്ലോ.
കൊറോണയുടെ ഈ രണ്ടാം വരവിന്റെ കാലത്ത് നമ്മുടെ പത്ര പ്രവർത്തകരുടെ ചോദ്യത്തിന്റെ നിലവാരം ഏറെ ഉയർന്നിട്ടുണ്ട്. പണ്ടൊക്കെ പത്തു ചോദ്യങ്ങൾ ഉണ്ടെങ്കിൽ ഒമ്പതും വിഷയവുമായി ബന്ധമില്ലാത്തതും രാഷ്ട്രീയം കലർന്നതും ആയിരുന്നു. ഇവിടെ രാഷ്ട്രീയം പറയേണ്ട എന്ന് പലപ്പോഴും മുഖ്യമന്ത്രി വ്യക്തമാക്കാറുണ്ട് എന്നാലും ചോദ്യങ്ങൾ കൊറോണയുമായി ബന്ധപ്പെട്ടല്ല മറ്റു വിഷയങ്ങളിലേക്കാണ് കൊണ്ട് പോകാറുള്ളത്.
ഇപ്പോൾ കാര്യങ്ങൾ മാറി. ഏഴു ചോദ്യങ്ങളിൽ ആറും വിഷയവുമായി ബന്ധപ്പെട്ടുള്ളത് തന്നെയാണ്. ഏറെ നല്ലത്. പത്ര പ്രവർത്തകർക്ക് നന്ദി.
ഇതൊരു നല്ല കാര്യമാണ്. ഇതൊക്കെ മനസ്സിലാക്കാൻ മരണങ്ങൾ തൊട്ടടുത്ത് സംഭവിക്കേണ്ടി വന്നു എന്നത് മാത്രമേ വിഷമമുള്ളൂ.
ഇനിയുള്ള ദിവസങ്ങളിലും പത്ര സമ്മേളനങ്ങളിൽ ജ്യോതിഷവും മറ്റു നിസ്സാര കാര്യങ്ങളും ഒഴിവാക്കി കാമ്പുള്ള ചോദ്യങ്ങൾ ചോദിക്കുന്ന രീതി തുടരുമെന്ന് പ്രതീക്ഷിക്കുന്നു.
മുരളി തുമ്മാരുകുടി

Exit mobile version