ലീഗ് കോട്ടയായ വേങ്ങരയില്‍ നിന്ന് പെണ്‍ കരുത്തിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ രംഗത്തിറക്കി എസ്എഫ്‌ഐ! സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടി ‘ലദീദ’യും ‘മുന്നേറാന്‍ സമയമായ്’ എന്ന മുദ്രാവാക്യവും

എസ്എഫ്‌ഐ നേതൃത്വത്തിലുള്ള പാനലും ഇന്‍ഡിപെന്‍ഡന്‍സ് എന്ന പേരിലുള്ള 'മഴവില്‍ സഖ്യ'വും തമ്മിലാണ് മത്സരം.

കോഴിക്കോട്: കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നു. വേരുറപ്പിക്കാന്‍ വ്യത്യസ്ത വഴി തേടിയിരിക്കുകയാണ് എസ്എഫ്‌ഐ നേതൃത്വം. ലീഗ് കോട്ടയായ വേങ്ങരയില്‍ പെണ്‍കൊടിയെ നിര്‍ത്തുകയാണ് എസ്എഫ്‌ഐ. മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥി ലദീദ റയ്യയാണ് പോരാട്ടത്തിനൊരുങ്ങുന്നത്. 21നാണ് തെരഞ്ഞെടുപ്പ്. ‘മുന്നേറാന്‍ സമയമായ്’ എന്ന മുദ്രാവാക്യത്തിലൂടെ അരാഷ്ട്രീയതയും വര്‍ഗീയതയും തുടച്ച് നീക്കാനാണ് ഈ പെണ്‍ക്കൊടി ലക്ഷ്യമിടുന്നത്.

എസ്എഫ്‌ഐ നേതൃത്വത്തിലുള്ള പാനലും ഇന്‍ഡിപെന്‍ഡന്‍സ് എന്ന പേരിലുള്ള ‘മഴവില്‍ സഖ്യ’വും തമ്മിലാണ് മത്സരം. ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ത്ഥിയായ ലദീദയ്ക്കു പുറമേ നാല് പെണ്‍കുട്ടികള്‍ കൂടി ഉള്‍പ്പെടുന്നതാണ് 9 അംഗ എസ്എഫ്ഐ പാനല്‍. എസ്എഫ്‌ഐയുടെ പ്രചാരണത്തിന് സമൂഹമാധ്യമങ്ങളില്‍ വന്‍ പിന്തുണയാണ് ലഭിക്കുന്നത്. ചെങ്കൊടി പ്രസ്ഥാനത്തിന്റെ ആവേശം സമൂഹമാധ്യമങ്ങളില്‍ ഒഴുകുകയായിരുന്നു. ഒട്ടനവധി പേരാണ് എസ്എഫ്‌ഐയുടെ പ്രചാരണം ഏറ്റു പിടിക്കുന്നത്.

കഴിഞ്ഞ കുറച്ച് നാളുകളായി എസ്എഫ്ഐ ഒഴികെ മറ്റ് വിദ്യാര്‍ത്ഥി സംഘടനകളുടെയെല്ലാം പിന്തുണയുള്ള ഇന്‍ഡിപെന്‍ഡന്‍സ് യൂണിയനാണ് മെഡിക്കല്‍ കോളേജ് യൂണിയന്‍ ഭരിക്കുന്നത്. ക്യാമ്പസുകളില്‍ വേരുറപ്പിക്കുന്ന അരാഷ്ട്രീയതയും വര്‍ഗീയതയും ഇന്‍ഡിപെന്‍ഡന്‍സ് യൂണിയനുകളുടെ കാലത്തെ പോരായ്മകളുമെല്ലാം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നിന്ന് എസ്എഫ്‌ഐ നടത്തിയ ഇടപെടലുകള്‍ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന ആത്മവിശ്വാസത്തില്‍ ഉറച്ച് നില്‍ക്കുകയാണ് നേതൃത്വം.

ചെയര്‍ പേഴ്‌സണിലേയ്ക്ക് ലദീദ മത്സരിക്കുമ്പോള്‍ വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് ആദര്‍ശ് സുരേഷും ലേഡി വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് എസ് ശ്രീലക്ഷ്മിയുമാണ് മത്സരിക്കുന്നത്. നീലേശ്വരം സ്വദേശിയും മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയുമായ കെ വി ആദര്‍ശാണ് ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി. ജോയിന്റ് സെക്രട്ടറിയായി ഗായത്രി പ്രദോഷും യുയുസിയായി നിര്‍മല്‍ കൃഷ്ണനും മത്സരിക്കുന്നു. എന്‍ എം ശ്രുതിയാണ് ഫൈന്‍ആര്‍ട്‌സ് സെക്രട്ടറി സ്ഥാനാര്‍ത്ഥി. ഫഹദ് റഷീസ് മാഗസിന്‍ എഡിറ്ററായും ജനറല്‍ ക്യാപ്റ്റനായി പി അയനയും രംഗത്തുണ്ട്.

കൃത്യമായ രാഷ്ട്രീയം പറഞ്ഞുകൊണ്ട് വിദ്യാര്‍ത്ഥികളെ അഭിമുഖീകരിക്കുക എന്നതു തന്നെയാണ് ഇപ്പോഴത്തെ ലക്ഷ്യമെന്ന് ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ത്ഥി ലദീദ റയ്യ പറയുന്നു. മുസ്ലീം ലീഗ് ശക്തി കേന്ദ്രമായ വേങ്ങരയില്‍ നിന്നുള്ള ലദീദയുടെ സ്ഥാനാര്‍ത്ഥിത്വം തന്നെയാണ് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതും പ്രചാരണത്തിന് ശക്തികൂട്ടുന്നതും. പൊതുവേ ആണ്‍കുട്ടികള്‍ മാത്രം മത്സരിക്കാറുള്ള ജനറല്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഇത്തവണ എസ്എഫ്ഐ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് അയന എന്ന പെണ്‍കുട്ടിയാണ്. മൈതാനങ്ങള്‍ ആണ്‍കുട്ടികള്‍ക്കുള്ളതാണെന്ന ‘പൊതുധാരണ’യെ തിരുത്തുന്നതാണ് ഈ സ്ഥാനാര്‍ത്ഥിത്വങ്ങള്‍.

Exit mobile version