പൂര്‍ണ്ണ ഗര്‍ഭിണിയായ പശുവിന്റെ മുലക്കാമ്പ് അറ്റുപോയി; തൊഴുത്തില്‍ കിടന്ന് ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ തുന്നിച്ചേര്‍ത്ത് ശസ്ത്രക്രിയ, വെറ്ററിനറി സര്‍ജന്റെ ജോലിക്ക് റിസ്‌ക് ഇല്ലെന്ന് പറയുന്നവരറിയാന്‍ കുറിപ്പ്

veterinary job | Bignewslive

കൊച്ചി: സ്വന്തം കുളമ്പുകൊണ്ട് ചവിട്ടേറ്റ് മുലക്കാമ്പ് അറ്റുപോയി വേദനകൊണ്ടു പുളഞ്ഞ പശുവിന് അടിയന്തര ശസ്ത്രക്രിയ നടത്തി വെറ്ററിനറി സര്‍ജന്‍ ഡോ. ജി.എസ്. അരുണ്‍കുമാര്‍. വെറ്ററിനറി സര്‍ജന്റെ ജോലിക്ക് റിസ്‌ക് തീരെ ഇല്ലല്ലോ …. അല്ലേ ?എന്ന് കുറിച്ചുകൊണ്ട് അദ്ദേഹം അമ്പരപ്പിക്കുന്ന ശസ്ത്രക്രിയ അനുഭവം ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.

മുലക്കാമ്പ് മുറിഞ്ഞുപോയതിനാല്‍ പാലും രക്തവും തൊഴുത്തില്‍ പരന്നു. ഡോക്ടര്‍ അരുണിന്റെ സമയോജിത ഇടപെടലിനെത്തുടര്‍ന്നാണ് പശുവിന്റെ മുലക്കാമ്പ് അകിടില്‍ വീണ്ടും തുന്നിപ്പിടിപ്പിക്കാന്‍ കഴിഞ്ഞു. വേദനകൊണ്ടു പുളയുന്ന പശുവിന്റെ കൈകാലുകള്‍ കെട്ടിവച്ചിട്ടുണ്ടെങ്കിലും തറയില്‍ കിടന്ന് ശസ്ത്രക്രിയ നടത്തുക അത്ര എളുപ്പമല്ലെന്നും അദ്ദേഹം കുറിക്കുന്നുണ്ട്.

സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. പൂര്‍ണ്ണ ഗര്‍ഭിണിയായ പശുവിന്റെ അകിട് തുന്നിച്ചേര്‍ക്കുന്നത് അതിലേറെ ദുഷ്‌കരവും ഒടുവില്‍ വിജയം കണ്ടത് വലിയ സന്തോഷം പകര്‍ന്നുവെന്നും അദ്ദേഹം കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

വെറ്ററിനറി സർജൻ്റെ ജോലിക്ക് റിസ്ക് തീരെ ഇല്ലല്ലോ …. അല്ലേ ?
ഈ കോറോണ രണ്ടാം ആക്രമണ കാലഘട്ടത്തിനിടയിൽ നോക്കാമെന്ന് ഏറ്റിരുന്ന കേസുകളും നോക്കി തീർക്കാനുള്ള നെട്ടോട്ടത്തിനിടയിലാണ് എൻ്റെ പഞ്ചായത്തിലെ ക്ഷീരകർഷകയായ ശ്രീമതി.സരോജിനി അമ്മയുടെ മകൻ ശ്രീ.ജനകൻ വളരെ അടിയന്തിരമായി എന്ത് തിരക്കുണ്ടെങ്കിലും ഒഴിച്ച് വച്ച് വീട്ടിൽ എത്തണമെന്ന് അഭ്യർത്ഥിച്ചപ്പോൾ കാര്യം തിരക്കി …..
പൂർണ ഗർഭിണിയായ എൻ്റെ അമ്മയുടെ പശു കിടന്ന് എണീറ്റപ്പോൾ വളരെ ആകസ്മികമായി സ്വന്തം കാലിൻ്റെ കുളമ്പിൻ്റെ ചവിട്ടേറ്റ് ഇടത് വശത്തെ പിൻ മുലകാമ്പ് അറ്റുപോയി രക്തചൊരിച്ചിലാണ് ഒപ്പം പാലും ഒഴുകുന്നു എന്തെങ്കിലും ചെയ്യണം സാർ ഉടൻ എത്തണം….. ഞാൻ ആകെ ഇതികർത്തവ്യതാ മൂഡ നായി മറ്റു തിരക്കുകൾ മാറ്റി വച്ചിട്ട് ഉടൻ ആ അമ്മയുടെ വീട്ടിലെത്തി…
ആ അമ്മയ്ക്കും മകനും ഉറപ്പായും അറിയാം അത്യാവശ്യമാണെങ്കിൽ സമയമോ,കാലമോ,കാല വസ്ഥയോ,കൊറോണയോ ഒന്നും നോക്കാതെ ഞാൻ എത്തുമെന്ന് …. എന്നിരുന്നാലും ആ വീട്ടിലെ കറവക്കാരൻ ശ്രീ.കുട്ടൻ ആ വീട്ടിനു പരിസര പ്രദേശത്ത് പലയിടത്തും പലർക്കും കൊറോണ രോഗബാധയുള്ള വിവരം എനിക്കറിയാമെന്നത് അവരെ അറിയിച്ചത് കാരണം ഞാൻ ആ വീട്ടിൽ എത്തുന്നതു വരെ എന്നെ ഫോണിൽ വിളിച്ചു കൊണ്ടിരുന്നു ….

ഒരുകാര്യം ഞാനിവിടെ വ്യക്തമാക്കാൻ ഉദ്ധേശിക്കുന്നു മനുഷ്യർക്കുള്ള അസുഖങ്ങൾക്ക് ഒരു ആശുപത്രി അല്ലെങ്കിൽ മറ്റൊന്നിലേക്ക് പോകാം… നമ്മുടെ മേഖലയിൽ ഡോക്ടർ സഞ്ചരിച്ച് അവരുടെ വീട്ടുപടിക്കൽ എത്തണം, ചിലപ്പോൾ തൊഴുത്ത് ഓപ്പറേഷൻ തീയറ്റർ ആക്കേണ്ടി വരും …
ഞാനവിടെ എത്തി ചേർന്നപ്പോൾ ആ അമ്മയുടെയും മകൻ്റെയും മുഖത്ത് വിടർന്ന സന്തോഷം വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ കഴിയില്ല …
ദൈവമേ ഇവർക്കൊരു കൈത്താങ്ങാകാൻ കഴിയണേ എന്നായിരുന്നു എൻ്റെ മനസ്സിൻ്റെ പ്രാർഥന …
പശുവിനെ പരിശോധിച്ചപ്പോഴാണ് മനസ്സിലാകുന്നത് പൂർണ്ണ ഗർഭിണിയായിരുന്നതിനാൽ അകിടിൽ പാൽ നിറഞ്ഞ അവസ്ഥയിലായിരുന്നതിനാൽ കിടന്ന് എണീറ്റപ്പോൾ പശു എങ്ങനേയോ ചവിട്ടി മുലക്കാമ്പ് പകുതിമുറിഞ്ഞ് തൂങ്ങി കിടക്കുന്നു രക്തവും പാലും തൊഴുത്തിൽ തളം കെട്ടികിടക്കുന്നു ,ആദ്യം തന്നെ രക്തം വാർന്നൊലിക്കുന്നത് തടയാനുള്ള ഇൻജക്ഷനും മരുന്നുകളുമൊക്കെ നൽകി തത്കാലം രക്തച്ചൊരിച്ചിൽ ഒഴിവാക്കി … .. പശുവിനെ അവിടുന്ന് അഴിച്ച് കുറച്ചു കൂടി സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റി…
അടുത്ത നടപടി അറ്റുപോയ ഭാഗം തുന്നിച്ചേർക്കലാണ് സാധ്യമായ എല്ലാ രീതികളും ആലോചിച്ചു പശുവിനെ പൂർണ്ണമായും മയക്കി കിടത്തിയാൽ (GA) അകിടിൻ്റെ ഉൾഭാഗം ഒരിക്കലും സ്റ്റിച്ചിടാൻ സാധിക്കില്ല കാരണം പശു മയങ്ങി കിടന്നു കഴിഞ്ഞാൽ അകിടിൻ്റെ ഉൾഭാഗം തുന്നിച്ചേർക്കണമെങ്കിൽ: പശുവിനെ മലർത്തി കിടത്തി പിടിക്കേണ്ടി വരും പൂർണ്ണ ഗർഭിണിആയതിനാൽ റിസ്ക് ഒരു പാട് കൂടാതെ പശുവിനെ മലർത്തി പിടിക്കാനും ഒരു പാട് ആൾക്കാരുടെ സഹായവും വേണ്ടി വരും രാത്രി ആരെയും അവിടെ കിട്ടാനും ഇല്ലാത്ത അവസ്ഥ ….നിലവിലെ സാഹചര്യങ്ങൾ കാരണം എല്ലാവരും പരിഭ്രാന്തിയിലുമാണ്….

ആയതിനാൽ പ്രസ്തുത ഭാഗം മാത്രം മയക്കാൻ (LA) മനസ്സുകൊണ്ട് തീരുമാനമെടുത്തു മുന്നോട്ട് പോയി അത്യാവശ്യം വേണ്ട സർജിക്കൽ ഉപകരണങ്ങൾ മാത്രമേ ബാഗിലുണ്ടായിരുന്നുള്ളൂ രാത്രി ആയതിനാലും സമയം ഒട്ടും കളയാനില്ലാത്തതിനാലും എടുത്ത തീരുമാനവുമായിമുന്നോട്ട് പോകാൻ തീരുമാനിച്ചു തൊട്ടടുത്തൊന്നും സർജിക്കൽ /അനുബന്ധ സാധനങ്ങൾ കിട്ടുന്ന സ്റ്റോറുകളൊന്നും ഇല്ല സാഹചര്യങ്ങൾക്കനുസരിച്ച് ആദ്യം മുട്ട് കുത്തി നിന്ന് പുറത്തുള്ള കുറച്ച് ഭാഗം പാളികളായി തുന്നിച്ചേർത്തു കാലിലെ മസിൽ പിടിത്തം നല്ല വേദനയും സമ്മാനിക്കുന്നുണ്ടായിരുന്നു … വിയർത്തൊഴുകുന്നുണ്ട് രാവിലെ തൊട്ടുള്ള ജോലിഭാരം കാരണം നന്നായി ക്ഷീണിച്ചിട്ടുമൊണ്ട് മാസ്ക് മാറ്റി വയ്ക്കാൻ പാടില്ല എന്നറിയാമെങ്കിലും നിശ്വാസവായു കണ്ണടയിലൂടെയുള്ള കാഴ്ച തടസ്സപ്പെടുത്തുന്നതിനാൽ അതും ഇടയ്ക്ക് ഉപേക്ഷിക്കേണ്ടി വന്നു അകിടിൻ്റെ ഉള്ളിലോട്ടുള്ള ഭാഗം തുന്നിച്ചേർക്കാൻ എല്ലാ ശ്രമവും പരാജയപ്പെട്ടപ്പോൾ മുൻ കാലിനും പിൻ കാലിനും ഇടയിൽ ചാക്ക് വിരിച്ച് കൈലിമുണ്ടും ഉടുത്ത് തൊഴുത്തിൽ കിടന്നാണ് സ്റ്റിച്ചിടൽ തുടർന്നത് അമ്മ പശുവിൻ്റെ പിൻ കാലുകൾ സ്വയരക്ഷക്കായി കയറുകൾ കൊണ്ട് ഒന്നു കൂട്ടി കെട്ടി ,ജനകൻ്റെ ഒരു ഉറപ്പിൻമേലാണ് പശുവിൻ്റെ അടിയിൽ കിടന്നത് പശു ഒന്ന് തൊഴിക്കുകയോ ചവിട്ടുകയോ ചെയ്തിരുന്നു എങ്കിൽ ഒന്ന് ഓർക്കാൻ കൂടി വയ്യ …. എകദേശം മൂന്ന് മണിക്കൂർ സമയമെടുത്തു സർജറി പൂർത്തിയാകാൻ … റിസ്ക് തീരെ ഇല്ലാത്ത പ്രൊഫഷനല്ലേ സഹിക്കുക തന്നെ ….
എൻ്റെ വെറ്ററിനറി ആംബുലൻസുമായുള്ള യാത്രക്കിടയിൽ പലപ്പോഴും ഈ സാഹചര്യത്തിലും എങ്ങോട്ടാണെന്ന് പോലും ചോദിക്കാത്ത എൻ്റെ പഞ്ചായത്തിലെ പോലീസ് ഉദ്യോഗസ്ഥർക്കും ഒരു ബിഗ് സല്യൂട്ട് ….
നമ്മുടെ കൂട്ടത്തിലുള്ള പലരും ഇതിനെക്കാൾ കഷ്ടപ്പെട്ട് ജോലി നോക്കുന്നവരാണ് ….
തിരുവനന്തപുരത്തെ ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ ജോലി നോക്കുന്ന കാലഘട്ടത്തിലാണെങ്കിൽ കാറിൽ പോയി എക്സിക്യുട്ടീവായി ജോലി നോക്കാനും ,നല്ല ഹൈജീനിക്കായ ഓപറേഷൻ തീയറ്ററും സജ്ജീകരണങ്ങ ളുമൊക്കെ ഉണ്ടായിരുന്നു എന്നാൽ ഇവിടത്തെ സാഹചര്യങ്ങൾ തികച്ചും വ്യത്യസ്തമാണ് ടു വീലർ യാത്രയിൽ അലഞ്ഞ് മേൽ പറഞ്ഞ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് ജോലി നോക്കണം സർക്കാർ മേഖലയിലെ ഗസ്റ്ററ്റ് പദവിയുള്ള ഉദ്യോഗസ്ഥരിൽ വെറ്ററിനറി ഡോക്ടർമാരെക്കൊണ്ട് മാത്രം കഴിയുന്ന ഒരു പകർന്നാട്ടം …
ഈ ഓപ്പറേഷൻ തീയറ്ററിലെ വെട്ടം ജനകൻ്റെ മകൻ തെളിയിച്ചു തന്ന ടോർച്ചാണ് … വ്യക്തമല്ലാത്ത ഒരു വീഡിയോ ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട് അത് രാത്രി വെളിച്ചത്തിൽ ജനകൻ്റെ വീട്ടിലെ CCTV ഒപ്പിയെടുത്ത ദൃശ്യങ്ങളുടെ കുറച്ചുഭാഗമാണ് …. ചിത്രങ്ങൾ അദ്ധേഹത്തിൻ്റെ മകൻ പകർത്തിയത് ….എൻ്റെ പ്രൊഫഷന് റിസ്ക് തീരെഇല്ലാ എന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥ സുഹൃത്തുക്കൾക്ക് സഹസ്രകോടി പ്രണാമം …
“ബലിഷ്ടമായ നാലുകാലുകൾക്കടിയിൽ തൊഴുത്തിൽ കിടന്ന് ടോർച്ച് ലൈറ്റിൻ്റെ വെട്ടത്തിൽ ഒരു ജീവൻ രക്ഷിക്കാനും ഒരു കുടുംബത്തിനു തണലാകാനും സർജറി ചെയ്യേണ്ടി വരിക ഈ ലോകത്തിൽ വെറ്ററിനറി സർജന് മാത്രമായിരിക്കും ”
രണ്ടാം ലോക്ക് ഡൗൺ സമയത്തും എമർജൻസി സർവ്വീസിൽ വെറ്ററിനറി ഡോക്ടർമാരും ഉൾപ്പെട്ടിട്ടുണ്ട് ….. കറിവേപ്പിലയാണ് ഓർമ്മ വരുന്നത് …..
ഈ കൊറോണ കാലഘട്ടത്തിലും പകലന്തിയോളം പണിയെടുത്തിട്ട് ശാരീരകാധ്വാനവും റിസ്കും നിറഞ്ഞ ജോലി കഴിഞ്ഞ് മടക്കയാത്രയിൽ ഒന്നു കണ്ണ് ചിമ്മിയാൽ …. രാത്രി കാല അടിയന്തിരമൃഗചികിത്സാ സൗകര്യവും എല്ലായിടത്തും ആരംഭിക്കേണ്ട സാഹചര്യവും അതിക്രമിച്ചിരിക്കുന്നു ..
എന്തായാലും ഏറ്റെടുത്ത റിസ്കിന് ഫലം കണ്ടുതുടങ്ങിയിരിക്കുന്നു …….ആ അമ്മ പ്രസവിച്ചു പാൽ മുലക്കാമ്പിൻ്റെ അറ്റുപോയ മുറിവിലൂടെ വരുന്നില്ല മുറിവ് ഉണങ്ങി തുടങ്ങി തത്കാലം കിടാവിനെ കൊണ്ട് കുടിപ്പിക്കാതെ പാൽ സ്റ്റിച്ച് ഇളകാത്ത രീതിയിൽ കറന്ന് നൽകാൻ നിർദേശം നൽകി..
ആ അമ്മ പശുവും കിടാവും സുഖമായിരിക്കുന്നു ഒപ്പം ആ കുടുംബവും എന്നെ കാണുമ്പോൾ ആ കുടുംബത്തിലുള്ളവരുടെ പുഞ്ചിരി മാത്രം മതി ബാക്കി ജീവിതം സന്തോഷമായി ജീവിക്കാൻ …. എന്ത് റിസ്ക് അലവൻസ് …
ഡോ.ജി.എസ്.അരുൺ കുമാർ

Exit mobile version