എല്ലാം തെറ്റിധാരണ പരത്തുന്നതിനും വ്യക്തിഹത്യ നടത്തുന്നതിനും; കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതുമായി ബന്ധപ്പെട്ട പ്രചരണങ്ങളില്‍ ചിന്ത ജെറോമിന്റെ മറുപടി

Chintha Jerome | Bignewslive

തിരുവനന്തപുരം: കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ നിറയുന്ന പ്രചരണങ്ങളില്‍ മറുപടിയുമായി യുവജനക്ഷേമ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം രംഗത്ത്. രണ്ട് ദിവസം മുമ്പാണ് ചിന്ത വാക്‌സിന്‍ സ്വീകരിച്ചത്. അതിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കിടുകയും ചെയ്തിരുന്നു.

എന്നാല്‍ വലിയതോതിലുള്ള വിമര്‍ശനവുമായി ഒരുവിഭാഗം ആളുകള്‍ രംഗത്ത് വരികയായിരുന്നു. 45 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ വാക്‌സിന്‍ നല്‍കുന്നതെന്നും എന്നാല്‍ 34 വയസ് മാത്രമുള്ള ചിന്തയ്ക്ക് എങ്ങനെയാണ് വാക്‌സിന്‍ ലഭിച്ചതെന്നുമാണ് ഉയര്‍ന്ന ചോദ്യങ്ങള്‍. പിന്‍വാതില്‍ വഴി സഖാക്കള്‍ക്ക് വാക്‌സിന്‍ നല്‍കി വാക്‌സിന്‍ ക്ഷാമമുണ്ടാക്കുന്നുവെന്ന് അഭിപ്രായങ്ങളും ഉയര്‍ന്നു. എന്നാല്‍ താന്‍ പിന്‍വാതില്‍ വഴിയല്ല മുന്‍വാതില്‍ വഴി തന്നെയാണ് വാക്‌സിനെടുത്തതെന്ന് ചിന്ത ജെറോം വ്യക്തമാക്കി.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടുനില്‍ക്കുന്നവര്‍ എന്ന നിലയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മറ്റ് ഏജന്‍സികള്‍ക്കും കോവിഡ് വാക്‌സിനേഷന്‍ നല്‍കണമെന്നത് കേന്ദ്രത്തിന്റെ നിര്‍ദ്ദേശമാണ്. ഇതനുസരിച്ചാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിരന്തരം ഏര്‍പ്പെടുന്നവരെന്ന നിലയില്‍ കമ്മീഷന്‍ അംഗങ്ങളും ജീവനക്കാരും വാക്‌സിന്‍ സ്വീകരിച്ചത്. ഇതിന്റെ ഭാഗമായാണ് താനും വാക്‌സിന്‍ സ്വീകരിച്ചതെന്ന് ചിന്ത ജെറോം പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കുള്ള വാക്‌സിന്‍ നല്‍കുന്നതിന് പ്രായപരിധി കേന്ദ്രം നിശ്ചയിച്ചിട്ടില്ല. അതിനാല്‍ മറിച്ചുള്ള പ്രചാരണങ്ങള്‍ എല്ലാം തെറ്റിധാരണ പരത്തുന്നതിനും വ്യക്തിഹത്യ നടത്തുന്നതിനും വേണ്ടിയാണെന്നും ചിന്ത ജെറോം വ്യക്തമാക്കി.

Exit mobile version