സംസ്ഥാനത്തെ ശ്മശാനങ്ങള്‍ നിറയുന്നു; ബുക്ക് ചെയ്ത് കാത്തിരിക്കേണ്ട അവസ്ഥ, തൈക്കാട് ശാന്തികവാടത്തില്‍ വെള്ളിയാഴ്ച വൈകുന്നേരം വരെയുള്ള ബുക്കിങ് പൂര്‍ത്തിയായി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മരണങ്ങള്‍ ഉയരുന്നതോടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് ശ്മശാനങ്ങളില്‍ ബുക്ക് ചെയ്ത് കാത്തിരിക്കേണ്ട സ്ഥിതി. സംസ്‌കരിക്കാനെത്തുന്ന മൃതദേഹങ്ങളുടെ എണ്ണത്തില്‍ പ്രതിദിന വര്‍ധന രേഖപ്പെടുത്തിയതോടെ മൃതദേഹങ്ങളുമായി കാത്തിരിക്കേണ്ട അവസ്ഥയാണ് പല ജില്ലകളിലേയും ശ്മശാനങ്ങളിലുള്ളത്.

തിരുവനന്തപുരത്ത് കോര്‍പ്പറേഷന്‍ നടത്തുന്ന വൈദ്യുത ശ്മശാനമായ തൈക്കാട് ശാന്തികവാടത്തില്‍ വെള്ളിയാഴ്ച വൈകുന്നേരത്തേക്ക് വരെയുള്ള ബുക്കിങ് പൂര്‍ത്തിയായിക്കഴിഞ്ഞു.കൊവിഡ് ഇതര മൃതദേഹങ്ങള്‍ വിറകുചിതയിലും കൊവിഡ് മൃതദേഹങ്ങള്‍ വൈദ്യുത-ഗ്യാസ് ചിതകളിലുമാണ് ശാന്തികവാടത്തില്‍ സംസ്‌കരിക്കുന്നത്. പ്രതിദിനം 24 മൃതദേഹങ്ങള്‍ വരെ ഇവിടെ ദഹിപ്പിക്കുന്നുണ്ട്. എന്നിട്ടും ബുക്ക് ചെയ്ത് കാത്തിരിക്കേണ്ട അവസ്ഥയാണ്.

നഗരത്തില്‍ കോര്‍പ്പറേഷന്റെ മറ്റു ശ്മശാനങ്ങളില്ല. മറ്റുള്ളവ സമുദായസംഘടനകളുടെ ശ്മശാനങ്ങളാണ്. അതേസമയം, കോര്‍പ്പറേഷനില്‍ പരിഭ്രമിക്കണ്ട സ്ഥിതിയില്ലെന്നും മൃതദേഹങ്ങള്‍ സമയബന്ധിതമായി സംസ്‌കരിക്കാനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കുന്നതായും മേയര്‍ ആര്യ രാജേന്ദ്രന്‍ പറഞ്ഞു.

പാലക്കാട് ജില്ലയിലെ ശ്മശാനങ്ങളിലും സമാനമായ സ്ഥിതിയാണുള്ളത്. ചന്ദ്രനഗറിലെ വൈദ്യുത ശ്മശാനത്തില്‍ പ്രതിദിനം എട്ട് വരെ മൃതദേഹങ്ങള്‍ സംസ്‌കാരിക്കാനാണ് സൗകര്യങ്ങളാണുള്ളതെങ്കിലും അതില്‍ ഇരട്ടിയോളമാണ് പ്രതിദിനം എത്തിക്കുന്ന മൃതദേഹങ്ങള്‍. പ്രതിദിനം 12 മൃതദേഹങ്ങള്‍ സംസ്‌കാരത്തിനായി എത്തിക്കുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ വെസ്റ്റ് ഹില്ലിലെ കോര്‍പ്പറേഷന്‍ ശ്മാശനത്തില്‍ ചൊവ്വാഴ്ച 17 മൃതദേഹങ്ങളാണ് ദഹിപ്പിച്ചത്. മാവൂരിലെ ശ്മശാനത്തിലും തിരക്ക് കൂടുന്നതിനാല്‍ കാത്തിരിക്കേണ്ട അവസ്ഥയുണ്ട്.

അതേസമയം സംസ്ഥാനത്ത് ദിനംപ്രതി കൊവിഡ് മരണം ഉയരുകയാണ്. സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ബുധനാഴ്ച കേരളത്തില്‍ 58 കൊവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 57 മരണങ്ങളായിരുന്നു ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തത്.

Exit mobile version