“സേവനം അനിവാര്യമായ ഘട്ടം”; കൊവിഡ് ബ്രിഗേഡിന്റെ ഭാഗമാകാന്‍ ആളുകള്‍ മുന്നോട്ട് വരണം: അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ജനിതക മാറ്റം വന്ന വൈറസുകളുടെ സാന്നിധ്യം വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തില്‍ റെയില്‍വേ സ്റ്റേഷനുകളിലെയും വിമാനത്താവളങ്ങളിലെയും പരിശോധനകള്‍ കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

രോഗവ്യാപനം മുന്നില്‍ കണ്ട് ഓക്‌സിജന്‍ കിടക്കകളുടെ എണ്ണം ഗണ്യമായി വര്‍ധിപ്പിക്കുന്നതിനുളള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എല്ലാ പ്രധാന ആശുപത്രികളിലും സിഎഫ് എല്‍ടിസികളിലും ഓക്‌സിജന്‍ ബെഡ് ഉറപ്പാക്കും. ഗുരുതരാവസ്ഥ മുന്നില്‍ കണ്ട് ബഫര്‍ സ്റ്റോക്ക് ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇഎസ്‌ഐ കോര്‍പ്പറേഷന് കീഴിലുള്ള ആശുപത്രികളിലെ ബെഡ് കൂടി ഓക്‌സിജന്‍ ബെഡ് ആക്കി മാറ്റാം എന്ന് അവര്‍ സമ്മതിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ജയിലുകളില്‍ രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തടവുകാര്‍ക്ക് പരോള്‍ അനുവദിക്കുന്നതിന് ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യമേഖലയിലെ പ്രവര്‍ത്തകരുടെ എണ്ണത്തിന്റെ പരിമിതി വലിയ പ്രശ്‌നമായി മുന്‍പിലുണ്ട്. അത്‌കൊണ്ട് കൂടുതല്‍ ആളുകള്‍ സന്നദ്ധരായി മുന്നോട്ടു വന്ന് കൊവിഡ് ബ്രിഗേഡ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഈ നാടിനു സേവനം അനിവാര്യമായ ഘട്ടമാണിത്. ചരിത്രപരമായ ഈ ദൗത്യം ഏറ്റെടുക്കാന്‍ തയ്യാറാകണമെന്ന് അഭ്യര്‍ഥിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

Exit mobile version