ഞാനൊരു കമ്മ്യൂണിസ്റ്റ്; അക്കൗണ്ടില്‍ 850 രൂപ മാത്രം ബാക്കിയാക്കി 2 ലക്ഷം വാക്‌സിന്‍ ചാലഞ്ചിലേയ്ക്ക് നല്‍കിയ ബീഡിത്തൊഴിലാളി പറയുന്നു, സ്വന്തം കാര്യം മാത്രമല്ല, സമൂഹത്തിന് വേണ്ടി കൂടിയും ജീവിക്കണമെന്ന് മാത്രം ജനാര്‍ദ്ദന്റെ അപേക്ഷ

Janardhan | Bignewslive

‘ഞാനൊരു കമ്മ്യൂണിസ്റ്റ്’ ഇത് ഭാവി ചിന്തിക്കാതെ മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചാലഞ്ചിലേയ്ക്ക് കണ്ണടച്ച് കൈയ്യിലുള്ള തുക കൈമാറിയ ബീഡിത്തൊഴിലാളിയായ കണ്ണൂരിലെ ജനാര്‍ദന്റെ വാക്കുകളാണ്. അക്കൗണ്ടില്‍ ഉണ്ടായിരുന്ന 2,00850 രൂപയില്‍ 850 രൂപ മാത്രം ബാക്കിവെച്ചാണ് മിച്ചമുള്ള രണ്ടുലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയത്. കഴിഞ്ഞ ദിവസം നടത്തിയ കൊവിഡ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. ഇത്തരത്തിലുള്ള നന്മ മനസുകള്‍ ഭൂമിയില്‍ ഉള്ളിടത്തോളം കാലം മലയാള മണ്ണ് അഭിമാനത്തോടെ എവിടെയും തല ഉയര്‍ത്തി തന്നെ നില്‍ക്കുമെന്ന് സോഷ്യല്‍മീഡിയയും ഒന്നടങ്കം പ്രഖ്യാപിച്ച് അഭിനന്ദനങ്ങള്‍ നേര്‍ന്ന് രംഗത്തെത്തിയിരുന്നു.

പേരു വെളിപ്പെടുത്തരുതെന്ന അഭ്യര്‍ഥന അദ്ദേഹം ബാങ്ക് അധികൃതര്‍ക്കു മുന്നില്‍വെക്കുകയും ചെയ്തിരുന്നു. എങ്കിലും ആ നന്മ മനസിനെ തേടി സോഷ്യല്‍മീഡിയയും നടന്നിരുന്നു. ഒടുവിലാണ് കണ്ണൂരിലെ ജനാര്‍ദ്ദനെ കണ്ടെത്തിയത്. താന്‍ ഒരു കമ്മ്യൂണിസ്റ്റ് ആണെന്നും സ്വന്തം കാര്യം മാത്രം നോക്കാതെ,. സമൂഹത്തിന് വേണ്ടിയും ജീവിക്കാന്‍ നാം തയ്യാറാകണമെന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ അപേക്ഷ.

3536 വര്‍ഷത്തോളം ദിനേശില്‍ ജോലി ചെയ്തയാളാണ് ജനാര്‍ദ്ദന്‍. ദിനേശില്‍നിന്ന് വിട്ടിട്ട് 10-12 വര്‍ഷത്തോളമായി. ഇപ്പോള്‍ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. ആഴ്ചയില്‍ 3000-3500 ബീഡികള്‍ തെറുക്കും. ആയിരം രൂപയോളം കിട്ടും. സമ്പാദ്യം, ഭാര്യയുടെയും തന്റെയും ഗ്രാറ്റുവിറ്റി ഒക്കെ ചേര്‍ന്ന തുകയായിരുന്നു ബാങ്കിലുണ്ടായിരുന്നത്. ആ തുകയില്‍നിന്നാണ് വാകിസന്‍ ചാലഞ്ചിലേയ്ക്കായി വലിയൊരു തുക കൈമാറിയത്.

ജനാര്‍ദ്ദന്റെ വാക്കുകളിലേയ്ക്ക്;

മുഖ്യമന്ത്രി ഒരു വാക്കു പറഞ്ഞിരുന്നു, വാക്സിന്‍ സൗജന്യമായി കൊടുക്കുമെന്ന്. കേന്ദ്ര സര്‍ക്കാര്‍ വാക്സിന് വില നിശ്ചയിച്ചല്ലോ. അത് മൊത്തം ആലോചിച്ചു നോക്കുമ്പോള്‍ നമ്മുടെ കേരളത്തിന് താങ്ങാന്‍ പറ്റുന്നതില്‍ അപ്പുറമാണ് ആ വില. യഥാര്‍ഥത്തില്‍ മുഖ്യമന്ത്രിയെ കുടുക്കാന്‍ വേണ്ടീട്ട് ചെയ്തതായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്. മുഖ്യമന്ത്രിക്ക് ശക്തമായ പിന്തുണ കൊടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് താന്‍ ഈ കാര്യം ചെയ്തത്.

ഞാനൊരു യഥാര്‍ഥ കമ്യൂണിസ്റ്റുകാരനാണ്. കമ്യൂണിസ്റ്റുകാരന്‍ എന്നു പറയുമ്പോള്‍ നൂറുശതമാനം കമ്യൂണിസ്റ്റ് ആയിട്ടില്ല. അമ്പതു ശതമാനമേ ആയിട്ടുള്ളൂ. ഒരു കമ്യൂണിസ്റ്റുകാരന്‍ എന്നു പറയുമ്പോള്‍ സ്വന്തം ജീവന്‍ തന്നെ പാര്‍ട്ടിക്കു വേണ്ടി ദാനം ചെയ്യണം എന്ന കാഴ്ചപ്പാടാണുള്ളത്. പക്ഷെ ഞാന്‍ ജീവനൊന്നും കൊടുത്തിട്ടില്ല. എനിക്ക് അതിനുള്ള സാഹചര്യം ഒന്നും ഉണ്ടായിട്ടില്ല. ജീവന്‍ കൊടുക്കാന്‍ വേണ്ടിയുള്ള അവസരം ഉണ്ടായാല്‍ ഞാന്‍ എന്റെ ജീവന്‍ പാര്‍ട്ടിക്കു വേണ്ടി കൊടുക്കും. പാര്‍ട്ടിയോട് അത്രയും കൂറുണ്ട്. സംഭാവന നല്‍കുന്ന കാര്യത്തില്‍ മക്കളില്‍നിന്ന് പിന്തുണ ലഭിച്ചു. സ്വന്തം കാര്യം മാത്രം നോക്കാതെ, സമൂഹത്തിനു വേണ്ടി കൂടി കാര്യങ്ങള്‍ ചെയ്യണം. ഇടുങ്ങിയ ചിന്താഗതി മാറ്റി വിശാലമായി ചിന്തിക്കണം എന്നു മാത്രമേ പറയാനുള്ളൂ.

Exit mobile version