കേരളം തിരിച്ചറിയപ്പെടാതെ പോയ ധീരന്‍,അറിയണം കുറൂളി ചെക്കോന്‍ എന്ന കടത്തനാടിന്റെ ഈ വീരപുത്രനെ…

ജമ്മിത്തതിനെതിരെ പടപൊരുതി പാവങ്ങള്‍ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ചവനാണ് കുറുളി ചെക്കോന്‍ .ചെയ്യാത്ത തെറ്റിനു കള്ളപ്പേരു കേള്‍ക്കേണ്ടി വന്നു ഒടുവില്‍ സാധാരണക്കാര്‍ക്കുവേണ്ടി കള്ളനായി .കായംകുളം കൊച്ചുണ്ണിയെപ്പോലെ തമ്പുരാക്കന്മാരുടെ മാളികകളില്‍ നിന്നും ഒരു നേരെത്തെ അന്നത്തിനു വകയില്ലാത്തവരുടെ കുടിലികളിലേക്കു ധാന്യങ്ങള്‍ എത്തിച്ചു .

കടത്തനാടിന്റെ വീരപുത്രനാണ് ചെക്കോന്‍ .അതുകൊണ്ടു തന്നെ ഇവിടെയുള്ള പഴമക്കാര്‍ ഇന്നും അദ്ദേഹത്തെ ആരാധനയോടെ ഓര്‍ക്കുന്നു .കുറച്ചുകാലം മുന്‍പുവരെ ഇവിടെങ്ങളിലെ കല്യാണവീടുകളിലും മറ്റും ഇദ്ദേഹത്തിന്റെ വീരഗാഥകളെപ്പറ്റിയുള്ള വടക്കന്‍ പാട്ടുകള്‍ പാടിയിരുന്നു .

വെള്ളിയോട് ദേശത്തു വാണിമേലില്‍ ചടയച്ചംകണ്ടി എന്ന വീട്ടില്‍ ഓണക്കന്‍ -മന്ദി ദമ്പതികളുടെ രണ്ടാമത്തെ മകനായി 1861 മാര്‍ച്ച് 12-നാണ് ചെക്കോന്‍ ജനിക്കുന്നത് .കളരി അഭ്യസിച്ചതിനു ശേഷം കൊയ്ലോത്ത് തമ്പുരാക്കന്മാരുടെ കയ്യിലുള്ള പാനോം മലയില്‍ അവരുടെ അനുവാദം കൂടാതെ കൃഷി ചെയ്തു. തമ്പുരാക്കന്മാര്‍ നാടുവാണിരുന്ന കാലത്താണ് ചേക്കോന്റെ ഈ ധീരകൃത്യം അതുമാത്രമല്ല ആ വിളവ് പാവങ്ങള്‍ക്ക് വീതിച്ചു നല്‍കുകയും ചെയ്തു .ഇത് തമ്പുരാന്റെയും ജന്മിമാരുടെയും ശത്രുത ക്ഷണിച്ചു വരുത്തി .അധികം വൈകാതെ തന്നെ അദ്ദേഹം വിലങ്ങാടന്‍ മലയോരത്തെ കുറിച്യരുടെ രക്ഷകനായി മാറി .ഇതൊന്നും അധികാരി വര്‍ഗത്തിന് സഹിച്ചില്ല .അവര്‍ ചേക്കോനെ തകര്‍ക്കാന്‍ ഗുഡാലോചന നടത്തി .നാട്ടില്‍ മോഷണങ്ങള്‍ പെരുകുകയാണെന്നും അത് ചെയുന്നത് ചെക്കോനാണെന്നും ജമ്മിമാര്‍ വാദിച്ചു.അങ്ങനെ ചെയ്യാത്ത കളവിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്തു .മജിസ്ട്രേറ്റ് ഇദ്ദേഹത്തിന് 12 വര്‍ഷം തടവ് ശിക്ഷ വിധിച്ചു .

അവിടെനിന്നും ഓടി രക്ഷപ്പെട്ട ചെക്കോന്‍ നല്ല ഒഴുക്കുള്ള വാണിമേല്‍ പുഴ നീന്തി കടന്നു .അദ്ദേഹം ഒരു കവിലാണ് എത്തിച്ചേര്‍ന്നത് .അവിടെയൊരു കാരണവര്‍ വിളക്കു തെളിയിക്കുകയായിരുന്നു .ഇത്രയും ആഴമേറിയ പുഴയിലൂടെ നീന്തി വരുന്ന ചെക്കോനെ അത്ഭുതത്തോടെയാണ് കാരണവര്‍ വീക്ഷിച്ചത് .ഇത് ഏതു കവാണെന്നു ചെക്കോന്‍ ചോദിച്ചു .ഇത് കുറുളിക്കവാണെന്നും സ്വത്തു തര്‍ക്കം മൂലം ഇവിടെ ഉത്സവം നടക്കുന്നില്ലായെന്നും അതുകൊണ്ട് തന്നെ നാട്ടില്‍ കുറെ അനിഷ്ട സംഭവങ്ങള്‍ നടക്കുന്നുണ്ട് എന്ന് കരഞ്ഞുകൊണ്ട് കാരണവര്‍ മറുപടി നല്‍കി. ഉത്സവം ഞാന്‍ നടത്തിക്കാണിക്കാമെന്നു ചെക്കോന്‍ വാക്കു നല്‍കുന്നു .

കളരി പഠിച്ച ചെക്കോനെ ശത്രുക്കള്‍ക്കു പേടിയാണ് .അങ്ങനെ അദ്ദേഹത്തിന്റെ കാവലില്‍ ഉത്സവം നടക്കുന്നു .കുറുളിക്കാവിലെ ഉത്സവം നടത്താന്‍ സഹായിച്ചതുകൊണ്ടു ചെക്കോന്‍ കുറുളി ചെക്കോനായി .അതിനുശേഷം ഇദ്ദേഹം ജന്മിമാരുടെ പത്തായങ്ങളും മറ്റും കൊള്ളയടിച്ചു പാവങ്ങള്‍ക്ക് നല്കാന്‍ തുടങ്ങി .ചേകോനെക്കൊണ്ട് പൊറുതിമുട്ടിയ തമ്പുരാക്കന്മാര്‍ അദ്ദേഹത്തെ പിടിക്കാന്‍ നാടുമുഴുവന്‍ ആളുകളെ ഏര്‍പ്പാടാക്കി .പാനോം,ചിറ്റാരി,അടച്ചിപ്പാറ എന്നിങ്ങനെ നിരവധി സ്ഥലങ്ങളില്‍ അദ്ദേഹം ഒളിവില്‍ താമസിച്ചു. ഈ സമയത്താണ് ആ വീരപുരുഷന്‍ തന്റെ ജീവിത സഖിയെ കണ്ടുമുട്ടുന്നതും പിന്നീട് സ്വന്തമാക്കുന്നതും .ഒളിവിലായിരുന്നപ്പോഴും പാവങ്ങളുടെ ഈ രക്ഷകന്‍ വേഷം മാറി വന്നു അവരെ സഹായിച്ചുകൊണ്ടേയിരുന്നു

യേശുവിനെ പന്ത്രണ്ടു വെള്ളിക്കാശിനു ഒറ്റിക്കൊടുത്തത് പ്രിയ ശിഷ്യന്‍ യൂദാസാണ് അതുപോലെ ചേക്കോനെ ചതിച്ചതു പ്രിയ ചങ്ങാതിമാരായ തേനിയാടന്‍ കുഞ്ഞന്‍ ,വേലിയേരി ചന്തു എന്നിവരാണ് .അവര്‍ ജന്മിമാരോട് പണവും തോക്കും വാങ്ങി 1913 ഫിബ്രവരി 14 നു അദ്ദേഹത്തെ ചതിച്ചുകൊന്നു .വാണിമേലില്‍ ഇപ്പോഴും അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായിട്ട് ഒരു കാവുണ്ട് അവിടെ ഇപ്പോഴും തിറകളൊക്കെ നടക്കാറുണ്ട് .

Exit mobile version