‘ഈ വ്യാജ വാര്‍ത്തകള്‍ക്ക് പിന്നില്‍ ഒരു തീയ്യേറ്റര്‍ ഉടമയാണ്’ കൊവിഡ് കാരണം തീയ്യേറ്റര്‍ അടച്ചുവെന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ ഗിരിജ

തൃശൂര്‍: കൊവിഡ് പടരുന്നത് മൂലം, ഗിരിജ തീയേറ്റര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ അടപ്പിച്ചു എന്ന വാര്‍ത്ത വ്യാജമെന്ന് വ്യക്തമാക്കി ഉടമ ഗിരിജ രംഗത്ത്. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണവും ജീവനക്കാരുടെ എണ്ണം കുറഞ്ഞതിനാലും കൊവിഡില്‍ തിയേറ്റര്‍ നിലവില്‍ നടത്തിക്കൊണ്ട് പോകാന്‍ കഴിയാത്തതിനാലാണെന്ന് അടച്ചതെന്ന് ഗിരിജ പ്രതികരിക്കുന്നു.

താല്‍ക്കാലികമായി അടച്ചിട്ടതാണെന്നും കോവിഡ് പ്രതിസന്ധി തീര്‍ന്നാല്‍ പൂര്‍വാധികം ശക്തിയോടെ തിയേറ്റര്‍ തുറക്കുമെന്നും ഗിരിജ വ്യക്തമാക്കി. ഈ വ്യാജ വാര്‍ത്തകള്‍ക്കെല്ലാം പിന്നില്‍ ഒരു തീയ്യേറ്റര്‍ ഉടമയാണെന്നും ഗിരിജ ആരോപിക്കുന്നുണ്ട്.

ഗിരിജയുടെ വാക്കുകള്‍;

വ്യാജ പ്രചരണത്തിന് പിന്നില്‍ ഒരു തിയേറ്ററുടമയാണ്. അത് ആരാണെന്ന് വ്യക്തമായി അറിയാം. അതിന്റെ ചുവടുപിടിച്ച് എന്നോട് കാര്യം പോലും അന്വേഷിക്കാതെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വ്യാജ വാര്‍ത്ത നല്‍കി. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടു തന്നെയാണ് തിയേറ്റര്‍ നടത്തി കൊണ്ടുപോകുന്നത്. കോവിഡ് കാലത്ത് ഗര്‍ഭിണികളും കൈക്കുഞ്ഞുമായി തിയേറ്ററില്‍ സിനിമ കാണാന്‍ വന്നവരെ പറഞ്ഞു പിന്തിരിപ്പിക്കാന്‍ പോലീസിന്റെ സഹായം തേടിയ വ്യക്തിയാണ് ഞാന്‍.

എന്നിട്ടാണ് എന്നെക്കുറിച്ച് ഇത്തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത്. 60 വയസ്സിന് മുകളിലുള്ള ജീവനക്കാരെ വയ്ക്കാന്‍ പാടില്ല. അതുകൊണ്ടു തന്നെ ഇവിടെ ജോലി ചെയ്യുന്നവരെ നാട്ടിലേക്ക് അയച്ചു. ഞാനും മാനേജരും ചേര്‍ന്നാണ് ടിക്കറ്റ് നല്‍കിയതും താപനില പരിശോധിച്ച് ആളുകളെ തിയേറ്ററിലേക്ക് കടത്തി വിട്ടതും. ഇപ്പോള്‍ ജീവനക്കാരുടെ എണ്ണം കുറഞ്ഞതുകൊണ്ടും എനിക്ക് ആരോഗ്യ പ്രശ്നങ്ങളുള്ളതുകൊണ്ടും താല്‍ക്കാലികമായി അടച്ചതാണ്.

ആദ്യമായല്ല എനിക്ക് ഈ അനുഭവം. കുറച്ച് നാളുകള്‍ക്ക് മുന്‍പ് വരനെ ആവശ്യമുണ്ട് എന്ന ചിത്രം റിലീസിനൊരുങ്ങിയപ്പോള്‍ എന്റെ തിയേറ്റര്‍ അശ്ലീല ചിത്രങ്ങള്‍ ഓടുന്ന തിയേറ്ററാണെന്ന് പറഞ്ഞ് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചു. നിര്‍മാതാവുകൂടിയായ ദുല്‍ഖര്‍ സല്‍മാന്‍ ഇതിന്റെ സത്യാവസ്ഥ അന്വേഷിക്കുകയും മാനേജരെ വിട്ട് കാര്യം അന്വേഷിക്കുകയും ചെയ്തു. സത്യവസ്ഥ മനസ്സിലാക്കിയ ദുല്‍ഖര്‍ സല്‍മാന്‍ ആ ചിത്രത്തിന് പകരം ഇനി ഇറങ്ങാന്‍ പോകുന്ന അഞ്ചു ചിത്രങ്ങള്‍ എനിക്ക് നല്‍കി. ഇതൊന്നും ഇന്‍ഡസ്ട്രിയില്‍ ആര്‍ക്കും അറിയാത്ത കാര്യങ്ങളല്ല.

Exit mobile version